ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഇടപെടലുകൾ വാർത്തകളിൽ നിറയുകയാണ്. കേരളത്തിലെ കടലിൽ ചാട്ടവും, ചെന്നൈയിലെ പുഷ് അപ് മത്സരവും ഒക്കെ കണ്ട് പലരും ഇദ്ദേഹം ഇത് എന്ത് ഭാവിച്ചാണെന്ന് ചെറുപരിഹാസം തൊടുക്കാറുണ്ട് സോഷ്യൽ മീഡിയയിൽ. രാഷ്ട്രീയ നേതാവിന് വേണ്ട ഗൗരവം പോരാ എന്നാണ് ചിലർ തുറന്നടിക്കുന്നത്. ടൂറിസ്റ്റിനെ പോലെയാണ് വരവെന്ന് ചില രാഷ്ട്രീയ നേതാക്കൾ പരസ്യമായി കളിയാക്കുകയും ചെയ്യുന്നു. എന്നാൽ, ഇതിനെല്ലാം ഇടയിൽ രാഹുൽ സർവകലാശാലകളുമായി വിശദമായ സംവാദങ്ങളിൽ മുഴുകുന്നുണ്ട്. ചില അഭിപ്രായങ്ങൾക്ക് കനം പോരെന്ന് തോന്നിയാൽ പോലും പറയുന്നതിലെ സത്യസന്ധത മിക്കപ്പോഴും ചോദ്യം ചെയ്യാനാവില്ല.

മുത്തശ്ശി ഇന്ദിരാ ഗാന്ധിയുമായും മറ്റും ബന്ധപ്പെട്ട രാഹുലിന്റെ നൊസ്റ്റാൾജിയകൾ പുതുതലമുറയ്ക്ക് പലപ്പോഴും ഏശാതെ പോകും. കാരണം അവർക്ക് ആ കാലമോ രാഷ്ട്രീയമോ കേട്ടറിവേയുള്ളു. എന്നിരുന്നാലും അടിയന്തരാവസ്ഥയെ കുറിച്ച് രാഹുൽ തുറന്നു പറയുമ്പോൾ അത് ഒരുരാഷ്ട്രീയ വിദ്യാർത്ഥിക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല. കോർണൽ യൂണിവേഴ്‌സിറ്റി വെബിനാറിൽ കൗശിക് ബസുവിന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇപ്പോൾ ചർച്ചാവിഷയം. 'അടിയന്തരാവസ്ഥ തെറ്റായിരുന്നു. പൂർണമായും തെറ്റായ കാര്യമായിരുന്നു. മുത്തശ്ശി തന്നെ ഇത് പറഞ്ഞിരുന്നു.'

'രാജ്യത്തെ ഇന്നത്തെ സാഹചര്യവും അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചതും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. ഒരു ഘട്ടത്തിലും രാജ്യത്തെ ഭരണഘടനാ ചട്ടക്കൂട് പിടിച്ചെടുക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. എന്നാൽ, ഇന്ന് ആർഎസ്എസ്. രാജ്യത്തെ എല്ലാ സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെയും പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിലും അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ തീരുമാനം തെറ്റായിരുന്നുവെന്ന് രാഹുൽ അഭിപ്രായപ്പെട്ടിരുന്നു. ആർഎസ്എസ് ഇന്ന് എന്താണ് ചെയ്യുന്നത്. അവർ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും പിടിച്ചെടുക്കുകയാണ്. ബിജെപിയെ തോൽപ്പിച്ചാൽ പോലും ഭരണഘടനാ സ്ഥാപനങ്ങളിലെ ആർഎസ്എസ് സ്വാധീനത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്നും പോണ്ടിച്ചേരി, മധ്യപ്രദേശ് സംഭവങ്ങളെ മുൻനിർത്തി രാഹുൽ ഗാന്ധി പറഞ്ഞു.

ബിജെപി പ്രതികരണം

രാഹുലിന്റെ അഭിപ്രായങ്ങൾ ചിരിച്ചുതള്ളേണ്ടത് എന്നാണ് ബിജെപിയുടെ ഔദ്യോഗിക പ്രതികരണം. അടിയന്തരവാസ്ഥ കാലത്ത് എല്ലാ സ്ഥാപനങ്ങളെയും ഇന്ദിരാ ഗാന്ധി സർക്കാർ അടിച്ചമർത്തി. എംപിമാരും എഎൽഎമാരും അറസ്റ്റിലായി. മിക്കവാറും എല്ലാ പാർട്ടികളും നിരോധിക്കപ്പെട്ടു. പത്രങ്ങൾക്ക് താഴിട്ടു, കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു. ആർഎസ്എസിനെ മനസ്സിലാക്കാൻ രാഹുൽ കുറെ ഏറെ സമയമെടുക്കും. ആർഎസ്എസ് ലോകത്തിലെ ദേശസ്‌നേഹത്തിന്റെ ഏറ്റവും വലിയ സ്‌കൂളാണെന്നും ജാവ്‌ദേക്കർ രാഹുലിന് മറുപടിയായി പറഞ്ഞു.

പിതാവ് രാജീവ് ഗാന്ധിയുടെ മരണം

അടിയന്തരാവസ്ഥ പോലെ തന്നെ തന്റെ പിതാവ് രാജീവ ഗാന്ധി പെരുമ്പത്തൂരിൽ വച്ച് കൊല്ലപ്പെട്ട സംഭവത്തിലെ രാഹുലിന്റെ പ്രതികരണവും മാധ്യമങ്ങളിൽ ഇടം പിടിച്ചു. 'അച്ഛനെ വകവരുത്തിയ ആൾ കൊല്ലപ്പെട്ടെന്ന് കേട്ടപ്പോഴും സന്തോഷിക്കാനായില്ല. രണ്ട് വർഷത്തോളം എന്റെ അച്ഛനെ കൊന്നവരോടുള്ള ദേഷ്യം എനിക്കൊരു ഭാരമായി ഉണ്ടായിരുന്നു. പിന്നീട് ഞാനത് അക്ഷരാർഥത്തിൽ തോളിൽ നിന്നിറക്കി വച്ചു. എന്തിന് എന്ന ചോദ്യം എന്റെ മനസിൽ വന്നു.....എന്റെ അച്ഛനെ കൊന്നയാൾ ശ്രീലങ്കയിലെ ബീച്ചിൽ മരിച്ചു കിടക്കുന്നത് ഞാൻ കണ്ടു. എനിക്ക് വളരെ വേദന തോന്നി. ഞാനോർത്തത് എന്റെ അച്ഛനെയാണ്. ഞാൻ അച്ഛനെ നോക്കിയ പോലെ മറ്റൊരാൾ അയാളുടെ ശരീരത്തെ നോക്കുന്നുണ്ടാവില്ലേ എന്നെനിക്കു തോന്നി. അക്രമം തരുന്നത് എന്താണ്?ആ അവസ്ഥ എനിക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കി. അതുകണ്ടപ്പോൾ അതെന്റെ അച്ഛൻ തന്നെയാണെന്നാണ് തോന്നിയത്. അദ്ദേഹവും ആരുടെയോ മകനാണ്. ഞാനെന്റെ അച്ഛനെ നോക്കിനിന്നപോലെ ഒരാൾ അദ്ദേഹത്തെയും നോക്കിനിൽക്കുന്നുണ്ടാവും ഇപ്പോൾ എന്ന്.

'പ്രഭാകരൻ മരിച്ചപ്പോൾ ഞാൻ പ്രിയങ്കയെ വിളിച്ചു: ഞാനിതിൽ സന്തോഷിക്കണോ? എന്തിനാണ് അയാളെ ഇങ്ങനെ അപമാനിക്കുന്നത്? തനിക്കും അങ്ങനെയാണ് തോന്നുന്നതെന്ന് എന്ന് സഹോദരി പറഞ്ഞു. അക്രമം എന്താണെന്ന് നേരിട്ട് മനസിലാകാത്ത ഒരാൾ 'പ്രഭാകരന് അങ്ങനെ തന്നെ വേണം' എന്ന് പറഞ്ഞേക്കാം. എന്നാൽ തന്റെ കാര്യത്തിൽ അതങ്ങനെയല്ലെന്നും രാഹുൽ സംവാദത്തിൽ പറയുന്നുണ്ട്.

അച്ഛന്റെ മരണം അറിഞ്ഞപ്പോൾ

രാഷ്ട്രീയ ഗതികളുടെ പോക്ക് കൊണ്ട് തന്നെ അച്ഛന് ആപത്തെന്തോ വരാനുണ്ടെന്ന് രാഹുലിന് നേരത്തെ തോന്നിിയരുന്നു. വാർത്ത ഫോണിൽ കേട്ടപ്പോൾ സംഭവിക്കാനുള്ളത് സംഭവിച്ചുവെന്നാണ് തോന്നിയത്. സൈനിക ഇടപടലിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് അദ്ദേഹം പുറത്തുകടക്കില്ലെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നും ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് ഒരുപാട് ആലോചിക്കണമെന്ന് അച്ഛൻ പറഞ്ഞത് തന്റെ മനസ്സിൽ ഉറച്ചുപോയെന്നും രാഹുൽ സംവാദത്തിൽ പറയുന്നു.

ഏതായാലും ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തെ പോലെ തന്നെ സംവാദങ്ങളിലൂടെ രാഷ്ട്രീയ മണ്ഡലത്തിൽ നിറയുകയാണ് രാഹുലിന്റെ തന്ത്രം. അവസരം വരുമ്പോൾ രാഷ്ട്രീയ എതിരാളികൾക്ക് നേരേ മൂർച്ചയേറിയ വാക്കുകൾ പ്രയോഗിക്കാനും മടിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് രാഹുലിനെ ചെറുതാക്കി കാണിക്കാൻ എതിരാളികൾ ധൃതികൂട്ടുന്നതും.