- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛന്നിയെ മുന്നിൽ നിർത്തി സിദ്ദുവിന് വേണ്ടി അമരീന്ദറിനെ വെട്ടി വീഴ്ത്തി; ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും സമ്പൂർണ്ണ തോൽവി; യുപിയിൽ പ്രിയങ്കയും തളർന്നു; ഗുലാംനബി ആസാദും ശശി തരൂരും കപിൽ സിബലും രണ്ടും കൽപ്പിച്ച്; പ്രതികാരം തീർക്കാൻ ചെന്നിത്തലയും; രാഹുൽ ബ്രിഗേഡ് ഒറ്റപ്പെടും; കോൺഗ്രസിൽ ഗാന്ധി കുടുംബം പ്രതിസന്ധിയിൽ
ന്യൂഡൽഹി: കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്ത ദിനമാണ് 2022 മാർച്ച് പത്ത്. നിലതൊടാതെ കോൺഗ്രസ് തോറ്റു. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഒരിടത്തും ഭൂരിപക്ഷം കിട്ടില്ലെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഇതിനോടകം തന്നെ എഐസിസി ആസ്ഥാനത്ത് പ്രതിഷേധം ഉയർന്ന് കഴിഞ്ഞു. കോൺഗ്രസ് കോട്ടകളായ അമേഠിയിലും റായ്ബറേലിയിലും പിടി അയഞ്ഞു. ഗാന്ധി കുടുംബത്തിന്റെ അസ്തമനത്തിനാണ് ഈ തിരഞ്ഞെടുപ്പ് തുടക്കമിടുകയെന്ന് ഉറപ്പാണ്. യുപിയിൽ തിരഞ്ഞെടുപ്പ് നയിച്ച പ്രിയങ്ക ഗാന്ധി ഒരുപാട് പഴി കേൾക്കുമെന്ന് ഉറപ്പാണ്. സംഘടനയിൽ രാഹുൽ ഗാന്ധിക്കുള്ള പിടുത്തവും ഇതോടെ ഇല്ലാതാവും. സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലും വിമർശന വിധേയമാകും. കോൺഗ്രസിൽ അഴിച്ചു പണി അനിവാര്യതയായി മാറുകയാണ്. ശശി തരൂരിനെ പോലൊരു നേതാവിന്റെ പ്രസക്തിയും ചർച്ചയാകും.
മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജമ്മു കശ്മീരിൽ പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്നുവെന്ന വാർത്തകൾ മാസങ്ങൾക്ക് മുമ്പാണ് ചർച്ചയായത്. ഗുലാം നബിയുടെ ഒട്ടേറെ അനുയായികൾ കോൺഗ്രസിൽനിന്നു രാജിവച്ചിട്ടുണ്ട്. ഗുലാം നബി ആസാദിന്റെ സഹോദര പുത്രൻ മുബാഷിർ ആസാദ് ബിജെപിയിൽ ചേരുകയും ചെയ്തിരുന്നു. കോൺഗ്രസിനെ നയിക്കാൻ പ്രാപ്തിയുള്ള നേതാവായിരുന്നു ഗുലാം നബി ആസാദ്. എന്നാൽ ബിജെപി ക്യാമ്പുമായുള്ള അടുപ്പം ആസാദിനെ വീണ്ടും കോൺഗ്രസുമായി അടുപ്പിക്കില്ലെന്ന് കരുതുന്നവരുണ്ട്. എന്നാൽ ആസാദിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് 23 നേതാക്കൾ കോൺഗ്രസിലെ അഴിച്ചു പണിക്ക് അവസാന വട്ട ശ്രമവും നടത്തിയേക്കും. ശശി തരൂരിനെ മുന്നിൽ നിർത്തിയാകും അതെന്നും സൂചനയുണ്ട്.
മാറി നിന്ന് മിണ്ടാതിരുന്ന ജി23 നേതാക്കൾ ഇതോടെ ശക്തമാകുമെന്ന് നെഹ്റു കുടുംബത്തിനും അറിയാം. ഹരിയാനയിൽ ഭൂപീന്ദർ സിങ് ഹൂഡയും മഹാരാഷ്ട്രയിൽ സീനിയർ നേതാക്കളും തലപ്പൊക്കും. രാഹുൽ ഗാന്ധിക്ക് തീർച്ചയായും കപിൽ സിബലിൽ നിന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഉറപ്പാണ്. ഗാന്ധി കുടുംബമില്ലാത്ത കോൺഗ്രസ് എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയേക്കാനും സാധ്യതയുണ്ട്. എകെ ആന്റണിയുടെ റോളും നിർണ്ണായകമാകും. കോൺഗ്രസിൽ സംഘടന തിരഞ്ഞെടുപ്പ് നടത്തണമെന്ന് ജി23 ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നീട്ടിക്കൊണ്ടുപോവുകയായിരുന്നു ഹൈക്കമാൻഡ്. ഇനി അത് നടക്കാൻ പോകുന്നില്ല.
ഗാന്ധി കുടുംബത്തിന്റെ സ്വാധീനം കോൺഗ്രസിൽ കുറയുന്ന കാലം വീണ്ടുമെത്തും. സംസ്ഥാന തലത്തിൽ മുതൽ അടിമുടി മാറ്റം വേണമെന്നാണ് ജി23 വാദിക്കുന്നത്. അതിന് വഴങ്ങേണ്ടി വരും. ഇനി രാഹുൽ മാറി നിന്നാൽ ആരാകും പുതിയ അധ്യക്ഷനെന്ന ചോദ്യവും ശക്തമായി വരും. കേരളത്തിലെ രമേശ് ചെന്നിത്തലയും ജി 23നൊപ്പം ചേരും. സച്ചിൻ പൈലറ്റിന്റെ നിലപാടുകളും ചർച്ചയാകും. എല്ലാവരും വിമർശിക്കുക കെസി വേണുഗോപാലിനെയാകുമെന്നതാണ് വസ്തുത. കേരളത്തിൽ ചെന്നിത്തലയെ വെട്ടിയത് രാഹുൽ ഗാന്ധിയാണ്. ഈ സാഹചര്യത്തിൽ പ്രതികാരം തീർക്കാൻ ചെന്നിത്തലയും ജി 23 കൂട്ടായ്മയ്ക്കൊപ്പം ചേരുമെന്നാണ് സൂചന.
രാഹുൽ ഗാന്ധിയാണ് നാല് സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. മോദി സർക്കാരിനെതിരെ പല ദേശീയ വിഷയങ്ങളും വിലക്കയറ്റവും, ഇന്ധന വിലയും അടക്കമുള്ള കാര്യങ്ങളും രാഹുൽ ഉന്നയിച്ചിരുന്നു. എന്നാൽ രാഹുലിന്റെ പ്രചാരണം വൻ പരാജയമായി്. പഞ്ചാബിൽ അമരീന്ദർ സിംഗിനെ കോൺഗ്രസിൽ നിന്ന് അകറ്റിയതും നവജോത് സിങ് സിദ്ദുവിനെ നേതാവാക്കിയതും ഗ്രൂപ്പ് 23 നേതാക്കൾ എതിർത്തിരുന്നു. എന്നാൽ അവരെ പരിഹസിച്ചായിരുന്നു രാഹുലിന്റെ പോക്ക്. ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധിയായിരുന്നു മുമ്പിൽ. അതും പരാജയമായി. ഈ സാഹചര്യത്തിൽ ഗ്രൂപ്പ് 23 നേതാക്കൾ വിമത ശബ്ദം ശക്തമാക്കും. ഗുലാം നബി ആസാദ് തന്നെ നയിക്കാനുണ്ടാകുമെന്നാണ് സൂചന.
കെസി വേണുഗോപാലിനെ മാറ്റണമെന്നത് മാത്രമായിരുന്നു ഈ ഗ്രൂപ്പിന്റെ ആവശ്യം. ഇതു പോലും രാഹുൽ അംഗീകരിച്ചില്ല. ഇതോടെയാണ് ഗുലാം നബി ആസാദും കൂട്ടരും കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് അകന്നത്. പല പരിഹാസവും അവർക്ക് നേരിടേണ്ടി വന്നു. ബിജെപിയെ കടന്നാക്രമിച്ച് മുന്നേറിയ ശശി തരൂരിനെ പോലുള്ളവർ ഹൈക്കമാണ്ടിനെ പ്രതിരോധത്തിലാക്കിയതുമില്ല. ലോക്സഭയിലെ കോൺഗ്രസ് പാർട്ടി നേതാവിനെ നിശ്ചയിച്ചതു മുതൽ രാഹുൽ വിമർശനത്തിലായി. ബംഗാളിൽ നിന്നുള്ള അധീർ രഞ്ജൻ ചൗദരിയെ ആക്കിയതു പോലും തരൂരിനെ അവഗണിക്കാനായിരുന്നു. ഉയർന്നു വരാൻ സാധ്യതയുള്ളവരെ എല്ലാം വെട്ടിയൊതുക്കിയാണ് രാഹുൽ കാര്യങ്ങൾ തീരുമാനിച്ചത്.
സോണിയാ ഗാന്ധിയാണ് കോൺഗ്രസ് അധ്യക്ഷ. ആക്ടിങ് അധ്യക്ഷയായ സോണിയാ ഗാന്ധിക്ക് ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇടപെടലുകൾക്ക് കഴിയുന്നില്ല. രാഹുലാണ് എല്ലാം ഫലത്തിൽ നിയന്ത്രിക്കുന്നത്. പഴയ നല്ല നേതാക്കളെ ഒന്നും അടുപ്പിക്കുന്നതുമില്ല. ഇതാണ് തോൽവിക്ക് കാരണമെന്നാണ് കോൺഗ്രസിലെ തന്നെ പൊതുവികാരം. പഞ്ചാബിലെ തോൽവിയിലാണ് രാഹുലിന് ആദ്യം മറുപടി വരേണ്ടി വരിക. ചന്നിയെ മുഖ്യമന്ത്രിയാക്കിയെങ്കിലും, സിദ്ദുവിനെ ഒരിക്കൽ പോലും നിയന്ത്രിക്കാൻ രാഹുൽ തയ്യാറായിരുന്നില്ല. ആവശ്യ സമയത്ത് വിദേശത്ത് സന്ദർശനത്തിന് അടക്കം പോയത് രാഹുലിന്റെയും കോൺഗ്രസിന്റെയും ഇമേജ് മോശമാക്കി. ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും യാതൊരു ചലനവും ഉണ്ടാക്കാൻ രാഹുലിന് സാധിച്ചില്ല.
പ്രിയങ്ക ഗാന്ധിക്കും ഈ തോൽവിയിൽ നിന്ന് മാറാൻ സാധിക്കില്ല. ഉത്തർപ്രദേശിൽ പ്രചാരണം നയിച്ചത് പ്രിയങ്കയാണ്. കോൺഗ്രസിന്റെ കോട്ടയായ റായ്ബറേലിയിൽ മൂന്നാം സ്ഥാനത്താണ് പാർട്ടി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ സോണിയാ ഗാന്ധി ഇവിടെ നിന്ന് മത്സരിച്ചാൽ തോൽവി ഉറപ്പാണെന്ന സൂചനയാണ് ലഭിക്കുന്നത്. 2017ൽ അമേഠിയിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപി മുന്നേറ്റം നടത്തിയപ്പോൾ തന്നെ രാഹുൽ ഗാന്ധിയുടെ പരാജയത്തിന്റെ സൂചന ലഭിച്ചിരുന്നു. അത് സംഭവിക്കുകയും ചെയ്തു. അനാരോഗ്യം കാരണം സോണിയ ഗാന്ധി ഇനി മത്സരിക്കാൻ സാധ്യതയില്ല. യുപിയിലെ ഫലം വന്നതോടെ പ്രിയങ്ക ഇനി ഇവിടെ തുടരുമെന്നും ഉറപ്പില്ല.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ. സച്ചിൻ പൈലറ്റ് അടക്കമുള്ള നേതാക്കളുടെ പേരുകൾ സീനിയർ നേതാക്കൾ പറയുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ രാഹുൽ രാഷ്ട്രീയത്തിൽ തന്നെ നിഷ്പ്രഭനാകും. ആരാകും പുതിയ അധ്യക്ഷനെന്ന കാര്യത്തിൽ ഇതിനോടകം കോൺഗ്രസിൽ ചർച്ച തുടങ്ങി കഴിഞ്ഞു. അതേസമയം കോൺഗ്രസിലെ രാഹുൽ ബ്രിഗേഡിന്റെ തകർച്ച ഇതോടെ പൂർണമായിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ