ലക്‌നൗ: തെരഞ്ഞെടുപ്പ് അടുത്ത ഉത്തർ പ്രദേശിൽ ബിഎസ്‌പിയെയും സമാജ്‌വാദി പാർട്ടിയെയും പരിഹസിച്ചു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. 'ഉത്തർപ്രദേശിൽ ആന മുഴുവൻ പണവും തിന്നു, സൈക്കിൽ ഇപ്പോൾ പഞ്ചറായ അവസ്ഥയിലാണെ'ന്നും രാഹുൽ പറഞ്ഞു.

2017ലാണു യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായി കോൺഗ്രസ് നടത്തുന്ന മഹായാത്രയ്ക്കിടെയാണ് രാഹുലിന്റെ പ്രതികരണം.

ബിഎസ്‌പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ആന നിങ്ങളുടെ എല്ലാ പണവും തിന്നു. പിന്നീട് അവരെ തുടരാൻ നിങ്ങൾ അനുവദിച്ചില്ല. പിന്നീട് സമാജ്‌വാദി പാർട്ടിയുടെ ചിഹ്നമായ സൈക്കിളിന് വോട്ടു ചെയ്തു. സൈക്കിളിന്റെ പഞ്ചറായ ടയർ കഴിഞ്ഞ അഞ്ചുവർഷമായി നിശ്ചലമായിരിക്കുകയാണ്. അവർ റേഷൻ കാർഡു പോലും നൽകിയില്ല. ഇത്തവണ നിങ്ങൾ കോൺഗ്രസിന്റെ കൈപ്പത്തിയെ കുറിച്ച് ചിന്തിക്കണമെന്നും രാഹുൽ പറഞ്ഞു.

റേഷൻ കാർഡുകൾ നൽകുന്നതിലും കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കോൺഗ്രസിന് എന്താണ് ചെയ്യാൻ സാധിക്കുകയെന്ന് നിങ്ങൾക്ക് കാണാമെന്നും രാഹുൽ പറഞ്ഞു. സംസ്ഥാനത്തെ 39 ജില്ലകളിലൂടെയും 55 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും 232 നിയമസഭാ മണ്ഡലങ്ങളിലൂടെയും യാത്രചെയ്തു 2,500 കിലോമീറ്റർ പിന്നിട്ടു ഡൽഹിയിലാണു കോൺഗ്രസിന്റെ മഹായാത്ര സമാപിക്കുക. ഗ്രാമങ്ങളിലൂടെയും ചെറു നഗരങ്ങളിലൂടെയുമുള്ള യാത്രയ്ക്കിടെ കർഷകരും യുവാക്കളും ദലിതരും ഉൾപ്പെടെ വിവിധ വിഭാഗങ്ങളുമായി ആശയവിനിമയം നടത്തും. യാത്രയുടെ ആറാം ദിവസമായിരുന്നു ഇന്ന്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ വിമർശിച്ചിരുന്നു.