വാഷിങ്ടൻ ഡിസി : പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ദീർഘകാല സ്വകാര്യ അറ്റോർണി മൈക്കിൾ കോനിന്റെ ഓഫിസ് റെയ്ഡ് ചെയ്ത് രേഖകൾ പിടിച്ചെടുത്ത എഫ്ബിഐയുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും ഇതു രാജ്യത്തിനു നേരെയുള്ള ആക്രമണത്തിന്റെ ഭാഗമാണെന്നും കോപാകുലനായി ട്രംപ് പ്രതികരിച്ചു. ഏപ്രിൽ 9 തിങ്കളാഴ്ച രാവിലെയായിരുന്നു റെയ്ഡ്.

അറ്റോർണിയുടെ റോക്ക് ഫെല്ലർ സെന്റർ ലൊ ഓഫിസും പാക്ക് അവന്യുവിലുള്ള അപ്പാർട്ട്മെന്റും ഒരേ സമയം എഫ്ബിഐ ഏജന്റുമാർ പരിശോധിച്ചു. മൻഹാട്ടൻ റീഗൻസി ഹോട്ടലിൽ കോൻ താമസിച്ചിരുന്ന മുറിയിലും ഏജന്റുമാർ എത്തിയതായി റിപ്പോർട്ട് ചെയ്തു. ട്രംപുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്ന മുൻ സിനിമാതാരത്തിനു തിരഞ്ഞെടുപ്പിന് മുൻപ് 130,000 ഡോളർ നൽകിയതും ട്രംപ് ക്യാംപെയിൻ റഷ്യയുമായി ബന്ധപ്പെട്ടു കോനിനെതിരെ ഉയർന്ന ആരോപണങ്ങളുടെ നിജസ്ഥിതി അറിയുന്നതിനുവേണ്ടിയാണ് റെയ്ഡ് എന്നു പറയപ്പെടുന്നു.

വിവിധ കേസുകളുടെ രഹസ്യ രേഖകൾ സൂക്ഷിച്ചിരിക്കുന്ന അറ്റോർണിയുടെ ഓഫിസിലേക്കുള്ള നുഴഞ്ഞു കയറ്റം വളരെ അപകടകരമാണെന്നു കോനിന്റെ അറ്റോണി ഓഫീസ് അറിയിച്ചു.

സ്പെഷൽ കൗൺസിൽ റോബർട്ട് മുള്ളറുടെ റഫറലിന്റെ ഭാഗമായാണ് ഫെഡറൽ ഇൻവെസ്റ്റി ഗേറ്റേഴ്സ് തിങ്കളാഴ്ച സെർച്ച് വാറണ്ടുകൾ പുറപ്പെടുവിച്ചതെന്നും പറയപ്പെടുന്നു.