- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിൽ മിന്നൽ റെയ്ഡ്; ആശയപരമായി നേരിടാൻ വയ്യാത്ത മാനസിക രോഗിയായ മോദി പ്രതികാരം തീർക്കുന്നുവെന്നു കെജ്രിവാൾ; സെക്രട്ടറിയുടെ ഓഫീസിലാണു റെയ്ഡു നടത്തിയതെന്നു കേന്ദ്രം; മൂന്നു ലക്ഷത്തിന്റെ വിദേശപണം പിടിച്ചെന്നു സിബിഐ
ന്യൂഡൽഹി: ആശയപരമായി നേരിടാൻ കഴിയാതെ മാനസിക രോഗിയായ മോദി പ്രതികാരം തീർക്കുകയാണെന്ന വാദത്തിനിടെ അരവിന്ദ് കെജ്‌രിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറി രജീന്ദ്രകുമാറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ മൂന്ന് ലക്ഷം രൂപയുടെ വിദേശ കറൻസിയും രണ്ടര ലക്ഷത്തോളം രൂപയും കണ്ടെത്തിയതായി സിബിഐ. ഡൽഹി സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ സിബിഐ നടത

ന്യൂഡൽഹി: ആശയപരമായി നേരിടാൻ കഴിയാതെ മാനസിക രോഗിയായ മോദി പ്രതികാരം തീർക്കുകയാണെന്ന വാദത്തിനിടെ അരവിന്ദ് കെജ്‌രിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറി രജീന്ദ്രകുമാറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ മൂന്ന് ലക്ഷം രൂപയുടെ വിദേശ കറൻസിയും രണ്ടര ലക്ഷത്തോളം രൂപയും കണ്ടെത്തിയതായി സിബിഐ.
ഡൽഹി സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ സിബിഐ നടത്തിയ റെയ്ഡ് വിവാദമായിരിയ്‌ക്കെയാണ് സെക്രട്ടറിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. രജീന്ദ്രകുമാറിനെതിരായ കേസിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ അന്വേഷണത്തിനായി ചെന്നതെന്നായിരുന്നു സിബിഐ വാദം.
14 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. അനധികൃത സ്വത്തിൽ പെട്ട വസ്തുവകകളും പണവും രജീന്ദ്രകുമാറിന്റെ ഓഫീസിൽ നിന്ന് പിടിച്ചെടുത്തതായി സിബിഐ ആരോപിച്ചു. അതേ സമയം ഇ മെയിൽ അക്കൗണ്ടുകൾ പരിശോധിക്കാൻ രജീന്ദ്ര കുമാർ സഹകരിക്കുന്നില്ലെന്നാണ് സിബിഐ പറയുന്നത്. കേസിൽ രജീന്ദ്രകുമാറിന്റെ കൂട്ടുപ്രതിയായ ടെലികമ്മ്യൂണിക്കേഷൻസ് കൺസൾട്ടൻസ് ഇന്ത്യ ലിമിറ്റഡിന്റെ ജനറൽ മാനേജർ ജി.കെ.നന്ദയുടെ പക്കൽ നിന്നും പത്തര ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് കെജ്രിവാൾ ആരോപിച്ചു. അതിനിടെ മുഖ്യമന്ത്രിക്ക് എതിരെയല്ല റെയ്‌ഡെയന്ന് സിബിഐ വ്യക്തമാക്കി. കെജ്രിവാളിന്റെ പേഴ്‌സണൽ സെക്രട്ടറി രാജേന്ദ്രകുമാറിനെതിരെയാണ് അന്വേഷണമെന്നാണ് വിശദീകരണം. ചൊവ്വാഴ്ച രാവിലെയാണ് ഡൽഹി സെക്രട്ടറിയേറ്റിലെ മൂന്നാം നിലയിലുള്ള കേജരിവാളിന്റെ ഓഫീസിൽ മുന്നറിയിപ്പില്ലാതെ സിബിഐ സംഘം പരിശോധന നടത്തിയത്. ഇതിനുശേഷം ഓഫീസ് മുദ്രവച്ചു. റെയ്ഡ് നടന്ന വിവരം കേജരിവാൾ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.
ഓഫീസ് പൂട്ടിയ സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോ മറ്റ് ഉദ്യോഗസ്ഥർക്കോ ഓഫീസിലേക്ക് കടക്കാൻ കഴിയില്ല. ആദ്യം റെയ്ഡ് വാർത്ത നിഷേധിച്ച സിബിഐ കെജ്‌രിവാളിന്റെ സെക്രട്ടറി രാജേന്ദ്രകുമാറിനെതിരെയുള്ള അഴിമതിക്കേസിനെത്തുടർന്നാണ് റെയ്‌ഡെന്നും കെജ്‌രിവാളിന്റെ ഓഫീസിലല്ല രാജേന്ദ്രകുമാറിന്റെ ഓഫീസിലാണ് പരിശോധന നടത്തിയതെന്നും അറിയിച്ചു. എന്നാൽ സിബിഐ കള്ളം പറയുകയാണെന്നും തന്റെ ഓഫീസിലാണ് റെയ്ഡ് നടത്തിയതെന്നും കെജ്‌രിവാൾ ആവർത്തിച്ചു. മോദിക്ക് മുഖ്യമന്ത്രിയുടെ ഏത് ഫയലാണ് ആവശ്യമെന്ന് അറിയിച്ചാൽ നൽകാമെന്നും കെജ് രിവാൾ ട്വിറ്ററിലൂടെ വ്യക്തമാക്കി..
അരവിന്ദ് കെജ് രിവാളിന്റെ സെക്രട്ടറിയും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനുമായ രാജേന്ദ്ര കുമാറിനെതിരെ നേരത്തെ അഴിമതി ആരോപണമുയർന്നിരുന്നു. ഡൽഹി ഡയലോഗ് കമ്മീഷൻ (ഡി.ഡി.സി) മുൻ മെമ്പർ സെക്രട്ടറി ആശിഷ് ജോഷി അഴിമതിവിരുദ്ധ ബ്യൂറോ തലവൻ എ.കെ മീണയ്ക്ക് ഇതുസംബന്ധിച്ച പരാതി നൽകുകയും ചെയ്തിരുന്നു. വിദ്യാഭ്യാസം, ഐ.ടി, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ പ്രവർത്തിച്ചിരുന്ന കാലത്തെ രാജേന്ദ്രകുമാറിന്റെ നടപടികളെക്കുറിച്ച് അന്വേഷണം വേണമെന്നായിരുന്നു ആശിഷ് ജോഷിയുടെ പരാതിയിലെ ആവശ്യം. കുമാർ വിദ്യാഭ്യാസ ഐ.ടി വകുപ്പുകളുടെ സെക്രട്ടറി ആയിരുന്ന കാലത്ത് വിവിധ കമ്പനികൾ രൂപവത്കരിച്ച് സർക്കാർ കരാറുകൾ അനധികൃതമായി നേടിയെന്നും ഇതുവഴി സർക്കാരിന് നഷ്ടമുണ്ടെയന്നുമാണ് പരാതിയിൽ പറയുന്നു.

രാഷ്ട്രീയമായി തന്നെ നേരിടാൻ നരേന്ദ്ര മോദിക്കു കഴിയുന്നില്ലെന്നും നരേന്ദ്ര മോദിയുടെ ഭീരുത്വമാണ് റെയ്ഡിനു പിന്നിലെന്നും കേജരിവാൾ ട്വിറ്ററിലൂടെ പ്രതികരിച്ചു. യാതൊരു കാരണവും കൂടാതെയായിരുന്ന പരിശോധനയെന്നു സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഓഫീസ് സീൽ ചെയ്തതിനാൽ കേജരിവാളിനു ഇതുവരെ ഓഫീസിൽ പ്രവേശിക്കാൻ സാധിച്ചിട്ടില്ല. ആംആദ്മി പാർട്ടി ഉച്ചയ്ക്ക് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അതിനിടെയാണ് രാജേന്ദ്രകുമാറിന്റെ കാര്യത്തിലാണ് അന്വേഷണമെന്ന വാദവുമായി സിബിഐ എത്തിയത്. ഏതായാലും കേന്ദ്ര സർക്കാരിനെതിരെ ഇത് രാഷ്ട്രീയമായി ഉയർത്താനാണ് ആംആദ്മിയുടെ തീരുമാനം. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷവും പകപോക്കൽ രാഷട്രീയമായി ഇതിനെ ഉയർത്തിക്കാട്ടും.
അതേ സമയം വാർത്തയോട് കേന്ദ്ര സർക്കാർ പ്രതികരിച്ചു സിബിഐയുടെ കാര്യങ്ങളിൽ സർക്കാർ ഇടപെടാറില്ലെന്ന് കേന്ദ്രമന്ത്രി വങ്കയ്യ നായിഡു അറിയിച്ചു. എല്ലാത്തിനും മോദിയെ കുറ്റപ്പെടുത്തുന്നത് കെജ്‌രിവാളിന്റെ രീതിയെന്നും വെങ്കയ്യ നായിഡു ആരോപിച്ചു. സിബിഐയെ നിരീക്ഷിക്കുന്ന പതിവ് കേന്ദ്രസർക്കാരിനില്ല. സിബിഐ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. എന്തിനും ഏതിനും മോദിയെ കുറ്റം പറയുന്നത് കെജ്‌രിവാളിന്റെയും ആം ആദ്മി പാർട്ടിയുടെയും ശീലമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

