നധികൃത താമസക്കാരെ കണ്ടെത്താനുള്ള തിരച്ചിൽ വീണ്ടും കുവൈറ്റിൽ ശക്തമാക്കി. ഇടവേളക്ക് ശേഷം നടത്തിയ തിരച്ചിലിൽ ഇരുന്നൂറിലധികം നിയമലംഘകർ പിടിയിലായി. പാർലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നിർത്തി വച്ചിരുന്ന കാമ്പയിനാണ് ആഭ്യന്തര മന്ത്രാലയം വീണ്ടും സജീവമാക്കിയത്. ആഭ്യന്തരമന്ത്രിയായി ശൈഖ് ഖാലിദ് അൽ ജർറാഹ് അസ്സബാഹ് ചുമതലയേറ്റെടുത്ത ശേഷം നടന്ന ആദ്യ റെയ്ഡിൽ ജലീബ് അൽ ശുയൂഖ് മേഖലയിൽ നിന്നു 286 പേരെ അറസ്റ്റ് ചെയ്തു.

ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി സുലൈമാൻ അൽ ഫഹദിന്റെ നേത്യത്വത്തിൽ, വിദേശികളിൽ പ്രത്യേകിച്ച് ഏഷ്യൻ വംശജർ കൂടുതലായി പാർക്കുന്ന ജലീബ് അൽ ഷുവൈഖ് മേഖലയിലായിരുന്നു പരിശോധന. പ്രദേശത്തെ എല്ലാ വഴികളും അടച്ച് വൻ പൊലീസ് സേനയോടെയായിരുന്നു ഇത്. വഴിനടയാത്രക്കാരെയും, വാഹനങ്ങൾ തടഞ്ഞു നിർത്തിയും, സംശയാസ്പദമായ ഫ്‌ലാറ്റുകളിൽ കയറിയും അധികൃതർ പരിശോധന നടത്തിയിരുന്നു.

മൊത്തം 3500-ഓളം പേരുടെ രേഖകൾ പരിശോധിച്ചു.ഇതിൽ 286-പേരെ വിവിധ കാരണങ്ങളാൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് പേർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും 20 പേർ സിവിൽ കേസുകളിൽപ്പെട്ട് ഒളിച്ച് കഴിയുന്നവരുമാണ്. മതിയായ രേഖകൾ കൈവശം ഇല്ലാത്തവർ- 185,ഇഖാമ കാലാവധി കഴിഞ്ഞവർ- 49, മദ്യപിച്ചവർ -9, ആഭ്യന്തര മന്ത്രാലയം നാട് കടത്തിയിട്ടും തിരികെ എത്തിയ ഒരാളും ഇതിൽ ഉൾപ്പെടുന്നു. അതോടെപ്പം തന്നെ, ഗതാഗത മന്ത്രാലയം നടത്തിയ പരിശോധനയിൽ 200 നിയമ ലംഘനങ്ങളും പിടികൂടിയിട്ടുണ്ട്.അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്ത 45 വാഹനങ്ങളുടെ നമ്പർ പ്ലെയിറ്റ് അഴിച്ച് എടുക്കുകയും, ഗുരുതര ലംഘനങ്ങളുടെ പേരിൽ 35 വാഹനങ്ങൾ കസ്റ്റഡിയിലേടുക്കുകയും ചെയ്യിട്ടുണ്ട്.