- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാരൂഖ് ഖാന്റെ വീട്ടിൽ റെയഡ്; നടി അനന്യ പാണ്ഡെയുടെയും വീട്ടിലും എൻസിബി എത്തി; ബോളിവുഡിനെ വിറപ്പിച്ച് നർക്കോട്ടിക്ക് ബ്യൂറോ; അന്വേഷണ സംഘത്തിന്റെ നടപടി ഷാറൂഖ് ഖാൻ മകനെ ജയിലിൽ സന്ദർശച്ചതിന് പിന്നാലെ; അനന്യയെ വീണ്ടും ചോദ്യം ചെയ്യും
മുംബൈ: ആര്യൻ ഖാന്റെ കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മുംബൈയിലെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) റെയ്ഡ്. കപ്പലിലെ ലഹരിപ്പാർട്ടിയിൽ വെച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ മകൻ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ഇന്ന് ആർതർ റോഡ് ജയിലിലെത്തിയിരുന്നു.
ആര്യന് ഖാന് കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ച ശേഷമായിരുന്നു സന്ദർശനം. പലവട്ടം ഹരജി നൽകിയിട്ടും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ബോളിവുഡ് നടി അനന്യ പാണ്ഡയുടെ വീട്ടിലും എൻ സി ബി റെയ്ഡ് നടത്തി. അനന്യ പാണ്ഡെയോട് ഇന്ന് രണ്ടുമണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻ സി ബി നിർദ്ദേശിച്ചിട്ടുണ്ട്.
ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ മുംബൈ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേൾക്കും. വീഡിയോ കോൺഫറൻസ് വഴി വാദം കേൾക്കണമെന്ന ആര്യന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും മുംബൈ ഹൈക്കോടതി പരിഗണിച്ചില്ല. മുംബൈ ലഹരിക്കേസിൽ ആര്യൻ ഖാന്റെ സുഹൃത്തുക്കളായ അർബാസ് മർച്ചന്റിനും മുൻ മുൻ ധമേച്ചക്കും ജാമ്യം ലഭിച്ചിട്ടില്ല.
അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് എൻസിബി വാദിക്കുകയായിരുന്നു. കേസിലെ വിദേശ ബന്ധം വ്യക്തമായിട്ടുണ്ടെന്നും എൻസിബി കോടതിയെ അറിയിച്ചു. എന്നാൽ തെളിവൊന്നും കണ്ടെത്താത്തതിനാൽ ജാമ്യം അനുവദിക്കണമെന്ന് ആര്യൻ ഖാന്റെ അഭിഭാഷകൻ വാദിച്ചു.
മുംബൈയിൽ നിന്ന് പുറപ്പെട്ട കോർഡീലിയ എന്ന കപ്പലിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഒക്ടോബർ രണ്ടിനായിരുന്നു സംഭവം. ആര്യന്റെ മൊബൈലിലെ ചാറ്റിൽ നിന്നും ലഹരി ഇടപാട് സംബന്ധിച്ച തെളിവ് ലഭിച്ചെന്നാണ് എൻസിബി കോടതിയെ അറിയിച്ചത്. ഒക്ടോബർ ഏഴിനാണ് ആര്യൻ ഖാനെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
തുടർന്ന് ആർതർ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ജയിൽ മോചിതനായാൽ നല്ല കുട്ടിയാവുമെന്നും ആളുകളെ സഹായിക്കുമെന്നും ആര്യൻ ഖാൻ കൗൺസിലിങിനിടെ പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. എൻജിഒ പ്രവർത്തകരും എൻസിബി ഉദ്യോഗസ്ഥരും ചേർന്നാണ് ആര്യൻ ഖാനെയും കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെയും കൗൺസിലിങ്ങിന് വിധേയമാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ