- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്യമൃഗങ്ങളിൽ നിന്നും രക്ഷതേടി സ്ഥാപിച്ച സുരക്ഷാ വേലിയിൽ നടന്നത് ക്രമക്കേടുകൾ; സംസ്ഥാന വനവികസന ഏജൻസി ടെണ്ടർ വിളിച്ചത് കിഫ്ബിയുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി; 15 കോടി മുടക്കിയ പദ്ധതിയിൽ ഗുണനിലവാരം ഉറപ്പാക്കാൻ നടപടിയുണ്ടായില്ല
സുൽത്താൻ ബത്തേരി: വന്യമൃഗ ശല്യത്തിൽ നിന്നും നാട്ടുകാർക്ക് രക്ഷതേടി വയനാട് വന്യജീവി സങ്കേതത്തിൽ 15 കോടി രൂപ ചെലവിട്ട സുരക്ഷാ വേലി പദ്ധതിയിൽ ക്രമക്കേടെന്ന് റിപ്പോർട്ട്. കിഫ്ബി തന്നയാണ് പദ്ധതിയിൽ തട്ടിപ്പു നടന്നിട്ടുണ്ടന്ന് വിവരം കണ്ടെത്തിയത്. കുറിച്യാട് റേഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനു കീഴിൽ 2019ൽ ആണു പദ്ധതി നടപ്പാക്കിയത്. സത്രംകുന്നു മുതൽ മൂടംകൊല്ലി വരെ വനാതിർത്തിയിൽ റെയിൽവേ പാളത്തിന്റെ ഭാഗങ്ങൾ ഉപയോഗിച്ചു വേലി കെട്ടുന്നതിനുള്ള കിഫ്ബി പദ്ധതിയിലാണു ക്രമക്കേടു കണ്ടെത്തിയത്.
പദ്ധതിക്കു സാങ്കേതികാനുമതി നൽകിയതു സർക്കാർ അല്ലെന്നും ടെൻഡറുകൾ പരിശോധിച്ച സമിതിയുടെ അധികാരങ്ങൾ സർക്കാർ ഉത്തരവു വഴി ലഭിച്ചതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന വനവികസന ഏജൻസി (എസ്എഫ്ഡിഎ) ടെൻഡർ സ്വീകരിച്ചതു കിഫ്ബിയുടെ മാർഗനിർദേശങ്ങൾക്കു വിരുദ്ധമായാണെന്നു പറയുന്ന റിപ്പോർട്ട്, കരാർ ലഭിച്ച കമ്പനിയുടെ യോഗ്യതയിലും സംശയം പ്രകടിപ്പിക്കുന്നു.
'ടെൻഡർ നോട്ടിസിൽ പറയുന്നതിനു സമാനമായ പ്രവൃത്തിപരിചയമല്ല കമ്പനി ഹാജരാക്കിയ സർട്ടിഫിക്കറ്റിലുള്ളത്. മുൻ പദ്ധതികൾ എന്നു പൂർത്തിയാക്കിയെന്നു സർട്ടിഫിക്കറ്റിലില്ല. ആദ്യ ടെൻഡർ റദ്ദാക്കിയതും റീ ടെൻഡറിൽ പ്രവൃത്തിപരിചയത്തിൽ ഇളവു നൽകിയതും അംഗീകരിച്ചിട്ടില്ല. നിർമ്മാണത്തിനിടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടിയുണ്ടായില്ല.' റിപ്പോർട്ടിൽ പറയുന്നു.
കരാറുകാർക്കു കേന്ദ്ര മരാമത്തു വകുപ്പിന്റെയോ കേരള മരാമത്തു വകുപ്പിന്റെയോ റജിസ്ട്രേഷൻ വേണമെന്ന നിബന്ധനയും പാലിച്ചില്ല. ബിഹാർ റൂറൽ വർക്സ് വകുപ്പിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റാണു കരാറുകാർ ഹാജരാക്കിയത്. 2018 നവംബർ 28ന് ആണു ടെൻഡർ സമർപ്പിക്കേണ്ട അവസാനതീയതി.
കരാറുകാർ ബിഹാർ റൂറൽ വർക്സ് വകുപ്പിൽ രജിസ്റ്റർ ചെയ്തതാകട്ടെ 2 ദിവസം മാത്രം മുൻപാണ്. ഇതെല്ലാം സംശയകരമാണ്. പാലക്കാട് സ്വദേശി അലക്സ് മാത്യു നൽകിയ പരാതിയിലാണു കിഫ്ബി അന്വേഷണം നടത്തിയത്. വനംവകുപ്പ് അന്വേഷണം നടത്തിയതായി സൂചനയില്ല. കഴിഞ്ഞ സർക്കാറിലെ വനം വകുപ്പാണ് ഈ പദ്ധതിയും നടപ്പിലാക്കിയത്. ഇപ്പോൾ മരംമുറി പുറത്തുവന്ന സാഹചര്യത്തിലാണ് കിഫ്ബി പദ്ധതിയിലെ ക്രമക്കേടും വ്യക്തമാകുന്നതെന്നതും ശ്രദ്ധേയമാണ്.
മറുനാടന് മലയാളി ബ്യൂറോ