ഡബ്ലിൻ: ഡബ്ലിൻ-കോർക്ക് റെയിൽവേ പാത നവീകരണം നടത്തുന്നതോടെ യാത്രാ സമയത്തിൽ 15 മിനിട്ട് ലാഭമെന്ന് ഐറീഷ് റെയിൽ. ഡബ്ലിൻ- കോർക്ക് റൂട്ടിൽ ഹൈസ്പീഡ് സർവീസ് ഏർപ്പെടുത്തുന്നതോടെ നിലവിൽ രണ്ടര മണിക്കൂർ യാത്രാ സമയമെന്നത് രണ്ടു മണിക്കൂർ 15 മിനിട്ടായി ചുരുങ്ങും.

ഈ റൂട്ടിൽ 10 മില്യൺ യൂറോയുടെ നവീകരണ പദ്ധതികളാണ് നടപ്പാക്കാൻ പോകുന്നത്. ഈസ്റ്ററിനു ശേഷമായിരിക്കും പദ്ധതി തുടങ്ങുക. രാവിലെ നോൺ സ്‌റ്റോപ്പ് സർവീസ് ആക്കി ഓടുന്ന സർവീസിൽ ഡബ്ലിൻ- കോർക്ക്, കെറി-ലീമെറിക് തുടങ്ങിയ സർവീസുകൾക്കെല്ലാം സമയലാഭം ഉണ്ടാകും. കിൽഡെയറിലുള്ള ഹേസൽഹാച്ചിൽ നിന്ന് പോർട്ട്‌ലോയിസ് വരെയുള്ള 80 കിലോമീറ്റർ ദൂരത്തിലാണ് പാത നവീകരണം നടപ്പാക്കുക.

ആഴ്ചാവസാനങ്ങളിൽ മാത്രം വർക്കുകൾ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. നവംബറോടെ പണി പൂർത്തിയാകും. പാത നവീകരണം പൂർത്തിയാകുന്നതോടെ അടുത്ത വർഷം 160 കിലോമീറ്റർ വേഗത്തിൽ സർവീസുകൾ നടത്താൻ സാധിക്കും. ഡബ്ലിൻ- കോർക്ക് യാത്രാ സമയം രണ്ടു മണിക്കൂറായി ചുരുക്കാനുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് ഐറീഷ് റെയിൽ അധികൃതർ വ്യക്തമാക്കുന്നു. നിലവിൽ ഈ മേഖലയിലുള്ള യാത്രാ സ്പീഡ് 110 കിലോമീറ്റർ മുതൽ 140 കിലോമീറ്റർ വരെയാണ്. ഡബ്ലിൻ-കോർക്ക് റൂട്ടിൽ യാത്രാ സമയം ചുരുക്കുന്നത് ഫലത്തിൽ കെറി-ലീമെറിക്ക് റൂട്ടിലെ യാത്രാ സമയവും കുറയ്ക്കാൻ സഹായകമാകും.

അതേസമയം പാത നവീകരണം പൂർത്തിയായ ശേഷം ടിക്കറ്റ് നിരക്കിൽ മാറ്റമൊന്നുമുണ്ടാകില്ലെന്നും ഐറീഷ് റെയിൽ വ്യക്തമാക്കിയിട്ടുണ്ട്. യാത്രാ സമയം കുറയുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.