- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലൂടെ ഓടിക്കൊണ്ടിരുന്ന മൂന്ന് സ്പെഷ്യൽ ട്രെയിനുകളിൽ റദ്ദാക്കിയത് മതിയായ യാത്രക്കാരില്ലെന്ന കാരണം പറഞ്ഞ്; യാത്രക്കാർ കുറയാൻ കാരണം സ്റ്റോപ്പുകൾ കുറച്ചതെന്ന് യാത്രക്കാരുടെ സംഘടനകൾ; കോവിഡ് കാല നിബന്ധനകളും വില്ലനാകുന്നു എന്നും പരാതി
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് പ്രത്യേക സർവീസായി കേരളത്തിൽ ഓടിക്കൊണ്ടിരുന്ന മൂന്ന് സ്പെഷ്യൽ ട്രെയിനുകളിൽ റദ്ദാക്കി. ട്രെയിനുകൾ ശനിയാഴ്ച്ച മുതൽ ഓടില്ല. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി, കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം - തിരുവനന്തപുരം എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കുന്നത്. മതിയായ യാത്രക്കാരില്ലാത്തതിനാലാണ് റെയിൽവേയുടെ തീരുമാനം. ലോക്ഡൗൺ സാഹചര്യത്തിലാണ് പ്രത്യേക സർവീസ് ഏർപ്പെടുത്തിയത്. ഇവയുൾപ്പെടെ രാജ്യത്ത് ഏഴ് ട്രെയിനുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സർവീസ് നടത്തില്ലെന്ന് റെയിൽവേ വ്യക്തമാക്കി.
എന്നാൽ, യാത്രക്കാർ ഇല്ലാത്തതിന് പ്രധാനകാരണം സ്റ്റോപ്പുകൾ കുറച്ചതാണെന്ന് യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം– എറണാകുളം വേണാട് മടക്ക യാത്രയിൽ ഉച്ചയ്ക്കു ഒരു മണിക്കാണു എറണാകുളത്തു നിന്നു പുറപ്പെടുന്നത്. ഇത് മൂലം ഉദ്യോഗസ്ഥർക്കും ദിവസ ജോലിക്കാർക്കും വൈകിട്ടു മടങ്ങാൻ ട്രെയിനില്ലാത്ത സ്ഥിതിയാണ്. തിരുവനന്തപുരം–ഷൊർണൂർ റൂട്ടിൽ വേണാട് പുനഃസ്ഥാപിച്ചു പതിവ് സമയമായ അഞ്ചരയോടെ എറണാകുളത്തു നിന്നു പുറപ്പെട്ടാൽ ട്രെയിനിൽ ആളുണ്ടാകും. ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമായി സ്റ്റോപ്പുകൾ നിജപ്പെടുത്തിയതും ഒരു മണിക്കൂർ മുൻപു സ്റ്റേഷനിലെത്തണമെന്ന നിബന്ധനയുമാണു യാത്രക്കാരുടെ എണ്ണം കുറച്ചത്.
രാവിലെ ജനശതാബ്ദിയിൽ യാത്ര ചെയ്യണമെങ്കിൽ ഒരു മണിക്കൂർ നേരത്തെ സ്റ്റേഷനിലെത്താൻ സംസ്ഥാനത്തിന്റെ പല ഭാഗത്തും വാഹന സൗകര്യം ലഭ്യമല്ലെന്ന കാര്യം അധികൃതർ മനസ്സിലാക്കുന്നില്ലെന്നും യാത്രക്കാരുടെ സംഘടനകൾ കുറ്റപ്പെടുത്തി. പ്രധാന ടൗണുകളിലെങ്കിലും സ്റ്റോപ്പുകൾ നൽകി േകരളത്തിനുള്ളിൽ ട്രെയിൻ സർവീസ് പുനഃസ്ഥാപിക്കണമെന്നും അവർ പറഞ്ഞു.
ഷൊർണൂരിൽ നിന്നു എറണാകുളത്തേക്കു രാവിലെയും വൈകിട്ടും പ്രധാന സ്റ്റേഷനുകളിൽ നിർത്തുന്ന എക്സ്പ്രസ് ട്രെയിനെങ്കിലും ഓടിക്കാൻ റെയിൽവേ തയാറാകണമെന്നും ഇതിനായി ജനപ്രതിനിധികൾ ഇടപെടണമെന്നും യാത്രക്കാർ പറഞ്ഞു. കോട്ടയം, കൊല്ലം, ആലപ്പുഴ ഭാഗത്തു നിന്നുള്ള യാത്രക്കാരുടെ അവസ്ഥയും വ്യത്യസ്തമല്ല. വൈകിട്ട് എറണാകുളത്തു നിന്നു കോട്ടയം ഭാഗത്തേക്കു പോകാൻ ഒരു ട്രെയിൻ പോലുമില്ലാത്ത സ്ഥിതിയാണെന്നു ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പോൾ മാൻവട്ടം പറഞ്ഞു. ടിക്കറ്റ് റിസർവ് ചെയ്തു യാത്ര ചെയ്യാനും തങ്ങൾ തയാറാണെന്നു യാത്രക്കാർ പറയുന്നു.
റെയിൽവേ സ്ഥിരം സർവീസുകൾ പുനഃസ്ഥാപിക്കാത്തതു മൂലം കൊച്ചി നഗരത്തിൽ ജോലിക്കെത്തുന്ന ആയിരങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. കോവിഡ് മൂലം പല സ്ഥാപനങ്ങളും ശമ്പളം കുറയ്ക്കുകയും കൂടി ചെയ്തതോടെ കുടുംബ ബജറ്റുകൾ താളം തെറ്റി. ട്രെയിനില്ലാതായതോടെ വാടക ടൂറിസ്റ്റ് ബസ്, കാറുകൾ എന്നിവയിലും ഇരുചക്ര വാഹനങ്ങളിലുമാണു ഇവരുടെ യാത്ര.
മറുനാടന് ഡെസ്ക്