ഭോപ്പാൽ: റെയിൽവെ പൊലീസ് സൂക്ഷിച്ച യുവാവിന്റെ മൃതദേ​ഹം എലി ഭക്ഷിച്ച നിലയിൽ. മധ്യപ്രദേശിലെ ഇറ്റാർസി റെയിൽവേ സ്റ്റേ സ്റ്റേഷനിലാണ് സംഭവം. ആ​ഗ്ര സ്വ​ദേശിയായ യുവാവിന്റെ രണ്ട് കണ്ണുകളും എലി ഭക്ഷിച്ച നിലയിലാണ്. മൃതദേഹത്തിന്റെ ചിത്രങ്ങൾ സഹിതമാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.

സ്റ്റേഷനിൽ താൽക്കാലികമായി നിർമ്മിച്ച കുടിലിന് മുന്നിലാണ് റെയിൽവേ പൊലീസ് മൃതദേഹം സൂക്ഷിച്ചത്. തുടർന്ന് മൃതദേഹം എലി കടിച്ചു. മോർച്ചറി ഇല്ലാത്തതിനാലാണ് മൃതദേഹം സ്‌റ്റോർ മുറിയിൽ ഉപേക്ഷിച്ചതെന്നാണ് റെയിൽവേ പൊലീസിന്റെ വാദം. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മരിച്ച യുവാവിന്റെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് റെയിൽവേ പൊലീസിനെതിരെ കേസെടുത്തു.

ആഗ്ര സ്വദേശിയായ യുവാവിനെ വ്യാഴാഴ്ച കർണാടക എക്സ്‌പ്രസിൽ അബോധാവാസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കാണ് യുവാവ് യാത്ര ചെയ്തത്. രാത്രി 11.30ഓടെ സ്‌റ്റേഷനിൽ ഇറക്കിയ മൃതദേഹം മുറിക്ക് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. രാത്രി വൈകിയതിനാലാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാതിരുന്നതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.