- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്രതീക്ഷിതമായി ഭൂമധ്യരേഖയ്ക്കു തെക്കു രൂപം കൊണ്ട അസാധാരണ ചുഴി കാലവർഷക്കാറ്റിനെ തെക്കോട്ട് വലിച്ചു; സൈക്ലോണിക് സർക്കുലേഷൻ എടവപ്പാതിയുടെ ശക്തി കുറയ്ക്കുമെന്ന് വിലയിരുത്തൽ; രണ്ടു ചുഴികൾക്കിടയിൽ വട്ടം കറങ്ങുന്ന മൺസൂൺ കാറ്റ്; കാലവർഷം ഇത്തവണ ശക്തികുറയുമെന്ന വിലയിരുത്തൽ ശക്തം
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതിശക്തമാകുമെന്ന പ്രതീക്ഷ കലാവസ്ഥ വകുപ്പിന് ഇല്ല. അപ്രതീക്ഷിതമായി ഭൂമധ്യരേഖയ്ക്കു തെക്കുഭാഗത്തു രൂപം കൊണ്ട അസാധാരണമായ ചുഴി (സൈക്ലോണിക് സർക്കുലേഷൻ) കാലവർഷക്കാറ്റിനെ തെക്കോട്ട് വലിച്ചുവെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ വലിയ തോതിൽ മഴ കേളത്തിൽ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. എടവപ്പാതി (തെക്കുപടിഞ്ഞാറൻ കാലവർഷം) കേരളത്തിലെത്തിയതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.ശനിയാഴ്ചവരെ ശക്തമായ മഴയ്ക്കും 50 കിലോമീറ്റർവരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്. അതിനുശേഷം മഴ കുറയും. വീണ്ടും ഒമ്പതുമുതൽ മഴ ശക്തമാവും.
പ്രതീക്ഷിക്കുന്ന മഴ കിട്ടില്ലെന്നാണ് വിലയിരുത്തലുകൾ. എന്നാലും ജാഗ്രത തുടരാനാണ് തീരുമാനം. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ഈ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഈ മഴ കൂടുതൽ ദിവസം നീണ്ടു നിൽക്കില്ലെന്നാണ് വിലയിരുത്തൽ. നാളെ കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് ഉണ്ട്. അറബിക്കടലിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ നാളെ വരെ കേരള തീരത്തു മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്തെ 9 കേന്ദ്രങ്ങളിൽ കഴിഞ്ഞ 2 ദിവസം 2.5 മില്ലിമീറ്റർ മഴ പെയ്തതായും പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. തെക്കൻ ജില്ലകളിലാണു കാലവർഷം എത്തിയത്. ഇന്നും നാളെയുമായി കേരളം മുഴുവൻ വ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഭൂമധ്യരേഖയ്ക്കു തെക്കുഭാഗത്തു രൂപം കൊണ്ട അസാധാരണമായ ചുഴി (സൈക്ലോണിക് സർക്കുലേഷൻ) കാലവർഷക്കാറ്റിനെ തെക്കോട്ട് വലിച്ചു. കാലവർഷത്തിന്റെ ദിശ വടക്കുപടിഞ്ഞാറായതോടെ, മഴ വ്യാപകമാകാതെ ശക്തി കുറഞ്ഞുവെന്നാണു ഒടുവിലത്തെ നിരീക്ഷണം. കാറ്റ് തെക്കൻ ജില്ലകളിൽ കരതൊട്ടെങ്കിലും അതിന്റെ ശക്തി പ്രകടമായിട്ടില്ല.
കൃത്യസമയത്തുതന്നെ കാറ്റ് അറബിക്കടലിൽ എത്തിയെങ്കിലും വടക്കൻ കേരളത്തിലേക്കു നീങ്ങാൻ കഴിഞ്ഞിട്ടില്ല. ഐഎംഎഡിയുടെ കണക്കുകൾ വിശകലനം ചെയ്യുമ്പോൾ, മഴവ്യാപകമായി കിട്ടാൻ രണ്ടു മൂന്നു ദിവസം കൂടി കഴിയുമെന്നാണു നിഗമനം. ആവശ്യത്തിലധികം വേനൽ മഴയും പിന്നീട് ടൗട്ടെ, യാസ് ചുഴലികളും ഉണ്ടായതോടെ അവയ്ക്കു പിന്നാലെ കാലവർഷം എത്തുമെന്നായിരുന്നു നിഗമനം. എന്നാൽ എടവപ്പാടി വൈകി.
സാധാരണ ചുഴലികളുടെ സ്വാധീനത്തിൽ അങ്ങനെയാണ് സംഭവിക്കാറുള്ളത്. എന്നാൽ, ഭൂമധ്യരേഖയ്ക്ക് തെക്കുഭാഗത്ത് പൊടുന്നനെ ഉണ്ടായ രണ്ടു ചുഴികൾ കാലവർഷക്കാറ്റിനെ, വലിച്ചതോടെ ഗതി തെറ്റി. രണ്ടു ചുഴികൾക്കിടയിൽ വട്ടം കറങ്ങുകയാണ് മൺസൂൺ കാറ്റ്. ഇത് കാലവർഷത്തിന്റെ ശക്തി കുറയ്ക്കാൻ കാരണമാകും എന്നാണ് വിലയിരുത്തൽ. ചുഴികൾ എങ്ങോട്ടുമാറും എന്നതിനെ ആശ്രയിച്ചിരിക്കും ആദ്യദിവസങ്ങളിൽ മഴയുടെ അളവും ശക്തിയും.
മറുനാടന് മലയാളി ബ്യൂറോ