കൊച്ചി : സംസ്ഥാനത്ത് മഴ കനത്തു. ഇന്നലെ തുടങ്ങിയ ശക്തമായ മഴ സംസ്ഥാനത്ത് മിക്കയിടത്തും തുടരുകയാണ്. മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്നുപേർ മരിച്ചു. മലപ്പുറം കരിപ്പൂർ മുണ്ടോട്ടുപാടത്ത് വീട് തകർന്ന് രണ്ട് പിഞ്ചുകുട്ടികൾ മരിച്ചു. കൊല്ലം തെന്മലയിൽ ഒഴുക്കിൽപ്പെട്ട് വയോധികനും മരിച്ചു.

കരിപ്പൂർ ചേന്നാരി മുഹമ്മദ് കുട്ടിയുടെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ ( 7 മാസം ) എന്നിവരാണ് മരിച്ചത്. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് വീട് തകർന്നാണ് അപകടമുണ്ടായത്. കൊല്ലം തെന്മല നാഗമല സ്വദേശി ഗോവിന്ദരാജ് (65) ആണ് തോട്ടിൽ വീണ് മരിച്ചത്.

ഇതിനുപുറമെ വ്യാപകനാശനഷ്ടമാണ് കഴിഞ്ഞ മണിക്കൂറിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്.കനത്ത മഴയിൽ കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു. അയനിക്കാട് പുല്ലിതൊടിക ഉമ്മറിന്റെ വീടിനും കിണറിനും മുകളിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്. മതിൽ ഇടിഞ്ഞു വീണെങ്കിലും ആളപായമില്ല. മലപ്പുറം എടപ്പാൾ പൂക്കരത്തറയിൽ മാടമ്പിവളപ്പിൽ അബ്ദുൾ റസാഖിന്റെ വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു.

ആലുവ പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ, ആലുവ മണപ്പുറം മുങ്ങി. ശിവക്ഷേത്രത്തിന്റെ 95 ശതമാനത്തോളം മുങ്ങി. ഇതേത്തുടർന്ന് ബലിതർപ്പണം ദേവസ്വം ഹാളിലേക്ക് മാറ്റി. ഇടമലയാർ വൈശാലി ഗുഹയ്ക്കു സമീപം മണ്ണിടിഞ്ഞു. താളുംകണ്ടം, പൊങ്ങുംചുവട് ആദിവാസി കോളനികൾ ഒറ്റപ്പെട്ടു.

അച്ചൻകോവിലാർ കരകവിഞ്ഞതിനെ തുടർന്ന് പുനലൂരിൽ 25 ഓളം വീടുകളിൽ വെള്ളം കയറി. പുനലൂർ-മൂവാറ്റുപുഴ റോഡ് നിർമ്മാണത്തിനിടെ മണ്ണുമാന്തിയന്ത്രം തോട്ടിൽ വീണു. അഞ്ചൽ-ആയുർ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മേലുകാവ്- തൊടുപുഴ റോഡിൽ രാത്രി വലിയ പാറ വീണു. പാറയിൽ കാറിടിച്ച് അപകടമുണ്ടായി.

പാലക്കാട് അട്ടപ്പാടി ചുരം റോഡിൽ മൂന്നിടങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. റോഡിലേക്ക് മണ്ണും പാറയും ഒഴുകിയെത്തി. ഇത് നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. മണ്ണാർക്കാട്, അഗളി മേഖലയിൽ റോഡിലേക്ക് പാറ ഒഴുകിയെത്തി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. നെല്ലിപ്പുഴയിൽ പത്തിലധികം വീടുകളിൽ വെള്ളം കയറി. കഞ്ചിക്കോട്, നെന്മാറ മേഖലയിൽ ഏക്കർക്കണക്കിന് നെൽകൃഷി വെള്ളത്തിനടിയിലായി.

മലപ്പുറം കൊണ്ടോട്ടി ടൗണിൽ ദേശീയപാതയിൽ വെള്ളം കയറി. തിരുവാലി ചെള്ളിത്തോട് പാലത്തിനടുത്ത് റോഡ് ഇടിഞ്ഞുതാണു. കോഴിക്കോട് മാവൂർ റോഡിലും വെള്ളം കയറി. ആലപ്പുഴ എംസി റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം -ചെങ്കോട്ട രെയിൽപാതയിൽ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഉറുകുന്ന് ഭാഗത്ത് മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട റെയിൽഗതാഗതം കടുത്ത പ്രയത്നത്തിനൊടുവിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്.

അതിരപ്പള്ളി, വാഴച്ചാൽ എന്നിവയിൽ ജലനിരപ്പുയർന്നു. ചാലക്കുടി കപ്പത്തോട് കരകവിഞ്ഞൊഴുകുകയാണ്. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ സമീപപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. എട്ടു പഞ്ചായത്തുകളിലെ ജനങ്ങളെ മാറ്റിപാർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളം ഉയർന്നതിനെ തുടർന്ന് പരിയാരം കമ്മളം പ്രദേശത്ത് വീടുകളിൽ വെള്ളം കയറി. ചാലക്കുടി റെയിൽവേ അടിപ്പാത മുങ്ങി.

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്ര മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഏഴ് ജില്ലകളിൽ യെല്ലോ ജാഗ്രതാ നിർദേശവും പ്രഖ്യാപിച്ചിട്ടുണ്ട്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

അടുത്ത നാലു ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ആലപ്പുഴ ജില്ലയിൽ നാളെയും മറ്റന്നാളും ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ ഓറഞ്ച് അലർട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.ആലപ്പുഴയ്ക്കു പുറമേ എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ മറ്റന്നാൾ ഓറഞ്ച് അലർട്ട്. വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളത്.