തിരുവനന്തപുരം: ഇന്നും നാളെയും തെക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്ക് ആന്ധ്രാ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഈ ദിവസങ്ങളിൽ മേൽ പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കളക്ടർ അറിയിച്ചു. മധ്യ -കിഴക്കൻ അറബിക്കടലിലെ തീവ്രന്യുന മർദ്ദം പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെ രാവിലെയോടെ ശക്തി കുറഞ്ഞു ന്യുനമർദ്ദമായി മാറും. ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ തീരത്തെ ബാധിക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള തീരത്ത് നാളെ(നവംബർ 11 ) രാത്രി 11.30 വരെ 2.5 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധനയാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം.