പത്തനംതിട്ട: കാലാവസ്ഥാ പ്രവാചകർക്ക് പോലും പിടികൊടുക്കാതെ ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ പാതിരാ മഴ. നിരവധി സ്ഥലങ്ങളിൽ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും.

പമ്പ നദിയിൽ എട്ടടിയോളം ജലനിരപ്പുയർന്നു. കോന്നി താലൂക്കിൽ അച്ചൻകോവിലാർ കരകവിഞ്ഞ് മലയോര മേഖലയിൽ റോഡുകളും വീടുകളും മുങ്ങി. കണമല, അച്ചൻകോവിൽ, കോടമല, കൊക്കാത്തോട് മേഖലകളിൽ ഉരുൾപൊട്ടിയെന്ന പ്രാഥമിക വിവരം പുറത്തു വന്നിട്ടുണ്ട്. മേഘവിസ്ഫോടനം നടന്നതായി സംശയിക്കുന്നു.

ഇന്ന് പുലർച്ചെയാണ് ജില്ലയിൽ കനത്ത മഴ പെയ്തത്. കൊക്കാത്തോട് ഭാഗത്ത് ഉരുൾ പൊട്ടിയതായും ഒരേക്കർ ഭാഗത്ത് റേഷൻ കടയ്ക്ക് അടുത്ത് ഒരു വീട് നശിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഈ ഭാഗത്ത് നാലു വീടുകളിൽ വെള്ളം കയറി. നാട്ടുകാർ കൂടി സഹായിച്ച് ഫയർ ഫോഴ്സ് ആൾക്കാരെയും സാധനസാമഗ്രികളും സുരക്ഷിതമായി നീക്കി. കോന്നിയിൽ കൊക്കാത്തോട് ഭാഗത്ത് അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നു. രാത്രിയിൽ അഞ്ചു വീടുകളിൽ വെള്ളം കയറി. ആൾക്കാർ അയൽ വീടുകളിലേക്ക് മാറി.

ഐരവൺ ഭാഗത്ത് റോഡ് ഗതാഗതം തടസപ്പെട്ടു. കൊക്കാത്തോട് ഇരുൾ പൊട്ടലിനെ തുടർന്ന് റാന്നി ഉപാസന കടവിൽ വെള്ളം ഉയർന്നു. വീടുകളിൽ കയറുന്ന സ്ഥിതി ഇല്ല. കുറുമ്പന്മൂഴിയിൽ ഇന്നലെ രാത്രി വീണ്ടും ജലനിരപ്പ് ഉയർന്നിരുന്നു. കഴിഞ്ഞ തവണത്തേ തരത്തിൽ വെള്ളം ഉയർന്നു. ഐരവൺ വില്ലേജിൽ കുമ്മണ്ണൂർ ഭാഗത്ത് ജലനിരപ്പുയരുകയും റബർ തോട്ടങ്ങളിലേയ്ക്ക് വെള്ളം കയറുകയും ചെയ്തു.

അച്ചൻകോവിൽ വനമേഖലയിലെ കോടമലയിൽ ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. ഇതാണ് അച്ചൻകോവിലാറ്റിൽ ജലനരിപ്പുയരാൻ കാരണമായത്. ഇവിടെ മേഘസ്ഫോടനം നടന്നുവെന്ന് സംശയിക്കുന്നു. ചെമ്പാലയിൽ 258 മില്ലിമീറ്ററും ആവണിപ്പാറയിൽ 247 മില്ലിമീറ്ററും അച്ചൻകോവിലിൽ 179 മില്ലമിറ്ററും മഴ പെയ്തു.

 കോട്ടയം എരുമേലിയിലും ഉരുൾപൊട്ടൽ ഉണ്ടായി. കീരിത്തോട് പാറക്കടവ് മേഖലയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് ഉരുൾപൊട്ടിയത്. ആളപായമില്ല. വലിയ ശബ്ദം കേട്ട് ആളുകൾ ഓടിമാറിയതിനാലാണ് വലിയ അപകടം ഒഴിവായത്. ശബരിമല വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശമാണിത്.

എരിത്വാപുഴ കണമല ബൈപ്പാസ് റോഡിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇതോടെ റോഡിന് കാര്യമായ കേടുപാടുണ്ടായി. മൂന്ന് വീടുകൾക്കും നാശനഷ്ടമുണ്ടായി. മണ്ണിടിച്ചിലിൽപ്പെട്ട ഒരാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രയിലെത്തിച്ചു.