ദുബായ്: യുഎഇയിൽ ശക്തമായ മഴയും കാറ്റും വന്നതോടെ കേരളത്തിലേക്കുള്ള വിമാന സർവീസുകൾ മിക്കവയും വൈകി. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളിലേതുൾപെടെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വൈകിയാണ് സർവീസ് നടത്തുന്നത്.

പുലർച്ചെ 2.45ന് പുറപ്പെടേണ്ട എമിറേറ്റ്‌സിന്റെ ദുബായ്-കൊച്ചി (ഇകെ 530) വിമാനം 3.31നാണ് പുറപ്പെട്ടത്. 3.05ന് പോകേണ്ട സ്‌പൈസ് ജെറ്റ് (എസ്ജി 018) 4.36നും ഉച്ചയ്ക്ക് 12.05ന് പോകേണ്ട ജെറ്റ് എയർവെസ് (9ഡബ്ല്യു527) 1.54നും 1.30ന് പോകേണ്ട എയർ ഇന്ത്യ (എഐ 934) 2.32നുമാണ് പോയത്. കൊച്ചിയിൽനിന്ന് രാത്രി 9.20ന് ദുബായിലെത്തേണ്ട ജെറ്റ് എയർവെയ്‌സ് 43 മിനിറ്റ് വൈകുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്.

ദുബായിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർഇന്ത്യാ എക്സ്‌പ്രസ് (ഐഎക്‌സ് 344), ഇൻഡിഗൊ (6ഇ 089), എയർ ഇന്ത്യ (എഐ 938) വിമാനങ്ങളും വൈകിയാണ് പുറപ്പെട്ടത്. വൈകിട്ട് 4.10ന് പോകേണ്ട സ്‌പൈസ് ജെറ്റ് (എസ്ജി 054) വിമാനം ഒരു മണിക്കൂറിലേറെ വൈകി 5.11നാണ് പുറപ്പെട്ടു.പുലർച്ചെ 2.55ന് തിരുവനന്തപുരത്തേക്കുള്ള എമിറേറ്റ്‌സ് വിമാനം (ഇകെ 520) 3.47നാണ് പോയത്. പകൽ 11.30ന് പോകേണ്ട ഇൻഡിഗൊ വിമാനം ഉച്ചയ്ക്ക് 12.54ന് പുറപ്പെട്ടു.

ഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ തുടങ്ങി യുഎഇയിൽനിന്ന് ഇന്ത്യയിലെ വിവിധ സെക്ടറിലേക്കും മറ്റു രാജ്യങ്ങളിലേക്കും പുറപ്പെടേണ്ടതും ഇറങ്ങേണ്ടതുമായ നൂറിലേറെ വിമാന സർവീസുകളെയും മഴ തടസ്സപ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാർ അധികൃതരെ ബന്ധപ്പെട്ട് വിമാന സമയം ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മഴയ്‌ക്കൊപ്പം പലയിടത്തും ആലിപ്പഴവർഷവും ഉണ്ടായിയെന്നാണ് റിപ്പോർട്ടുകൾ. മഴ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് മനസ്സിന് കുളിർമയായെങ്കിലും യാത്രക്കാർക്ക് അത് സ്വൽപം വിഷമങ്ങൾ സൃഷ്ടിച്ചു.