ജിദ്ദ: സൗദിയിൽ കനത്ത മൂലം ജനജീവിതം ദുസ്സഹമായി. പത്തോളം പേർ ഇതുവരെ മഴ മൂലം മരണപ്പെട്ടതായാണ് റിപ്പോർട്ട്. സൗദിയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇടിമിന്നലും, മഞ്ഞു വീഴ്ചയും പല ഭാഗത്തുമുണ്ടായി.

പല സ്ഥലത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ചില റോഡുകളും തുരങ്കങ്ങളും താൽക്കാലികമായി അടച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. ജിദ്ദാ-മക്ക ഹൈവേയിൽ പല ഭാഗത്തും വാഹനാപകടങ്ങൾ റിപ്പോർട്ട് വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് മഴ തുടങ്ങിയത്. ഒരു മണിക്കൂറിലധികം നീണ്ട മഴ നഗരത്തിന്റെ പലഭാഗങ്ങളെയും നിശ്ചലമാക്കി. താഴ്ന്ന പ്രദേശങ്ങളിലെ പല റോഡുകളിലും വെള്ളം കയറി. ചിലയിടങ്ങളിൽ വാഹനങ്ങൾ കുടുങ്ങി. വീടുകളിലേക്കും ഗോഡൗണുകളിലേക്കും വെള്ളം കയറി നാശ നഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്.

മഴവെള്ളം കയറിയതിനെ തുടർന്ന് ചില റോഡുകളും അണ്ടർ പാസേജുകളും അടച്ചതായി അധികൃതർ അറിയിച്ചു. അമീർ മാജിദ് റോഡും ഫലസ്തീൻ റോഡും കൂടിച്ചേരുന്ന ഭാഗത്തെ അണ്ടർ പാസേജ് മണിക്കൂറുകളോളം അടച്ചിട്ടു. വെള്ളം പമ്പ് ചെയ്തു നീക്കിയ ശേഷമാണ് ഇവിടെ ഗതാഗതം പുനഃസ്ഥാപിച്ചത്. റോഡിൽ കുടുങ്ങിയ വാഹനങ്ങൾ ട്രാഫിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നീക്കം ചെയ്തു.

രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗങ്ങളിൽ പലയിടങ്ങളിലും മഴയത്തെി. മദീനയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച രാത്രി സമാന്യം നല്ല മഴ ലഭിച്ചു. അൽഖസീമിലും റിയാദിന്റെ വിവിധ പ്രദേശങ്ങളിലും മഴ പെയ്തു. മക്ക, ത്വാഇഫ്എ ന്നിവിടങ്ങളിൽ മഴ സാധ്യത കണക്കിലെടുത്ത് വിവിധ വകുപ്പുകൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്

പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്നും വെള്ളം കെട്ടി നിൽക്കുന്ന വഴികളിലൂടെ നടക്കരുതെന്നും സിവിൽ ഡിഫൻസ് ജനങ്ങളോട് നിർദേശിച്ചു. ബീച്ചുകളിൽ നിന്ന് അകന്നു നിൽക്കണമെന്നും പരസ്യ ബോർഡുകളുടെയും ഇലക്ട്രിക് പോസ്റ്റുകളുടെയും താഴെ നിൽക്കരുതെന്നും സിവിൽ ഡിഫൻസ് മക്ക പ്രവിശ്യ വക്താവ് സഈദ് സർഹാൻ നിർദേശിച്ചു.

റിയാദ്, മക്ക, ജിസാൻ, അൽ ബാഹ, തബൂക്, ദമാം, അസീർ, ബിഷ, ഖുന്ഫുദ, ബുറൈദ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മഴ ലഭിച്ചു. പല വീടുകളും കൃഷിയിടങ്ങളും മഴയിൽ തകർന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ പല ഭാഗത്തും വാഹനാപകടങ്ങളും റിപ്പോർട്ട് ചെയ്തു.