- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയെ ആന ചവിട്ടിക്കൊന്ന സംഭവം; മേപ്പാടിയിലെ സ്വകാര്യ റിസോർട്ട് പൂട്ടി; അനധികൃത റിസോർട്ടുകളെല്ലാം പൂട്ടുമെന്നും കളക്ടർ അദീല അബ്ദുള്ള; റിസോർട്ട് പ്രവർത്തിച്ചിരുന്നത് ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലത്തെന്നും റിപ്പോർട്ട്; കൊല്ലപ്പെട്ട ഷഹാനയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും
മേപ്പാടി: വയനാടിലെ മേപ്പാടിയിൽ യുവതിയെ ആന ചവിട്ടിക്കൊന്ന സംഭവം നടന്ന എളമ്പിശേരിയിലെ സ്വകാര്യ റിസോർട്ട് അടുച്ചുപൂട്ടി. ജില്ലാ കലക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് റിസോർട്ട് അടച്ചുപൂട്ടിയത്. കളക്ടർ അദീല അബ്ദുള്ള നേരിട്ടെത്തി റിസോർട്ടിൽ പരിശോധന നടത്തിയ ശേഷമാണ് റിസോർട്ട് അടച്ചൂപൂട്ടാൻ നിർദ്ദേശം നൽകിയത്.
ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകളെല്ലാം പൂട്ടുമെന്നും കളക്ടർ അറിയിച്ചു. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലത്താണ് മേപ്പാടിയിലെ റിസോർട്ട് പ്രവർത്തിച്ചിരുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിസോർട്ട് അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പഞ്ചായത്തും അറിയിച്ചു. സർക്കാർ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും റിസോർട്ടിനെതിരെ നടപടിയെടുക്കുമെന്നും പഞ്ചായത്ത് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനയുടെ ആക്രമണത്തിൽ ഇരുപത്താറുകാരിയായ യുവതി കൊല്ലപ്പെട്ടത്. കണ്ണൂർ ചേലേരി സ്വദേശി ഷഹാന സത്താറാണ് മരിച്ചത്. കോഴിക്കോട് പേരാമ്പ്രയിലെ ദാറുനുജൂം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ സൈക്കോളജി വിഭാഗം മേധാവിയാണ് കൊല്ലപ്പെട്ട ഷഹാന.
സുരക്ഷാക്രമീകരണങ്ങൾ പാലിക്കാതെയാണ് റിസോർട്ട് പ്രവർത്തിച്ചിരുന്നതെന്ന് നേരത്തെ വനംവകുപ്പ് പ്രതികരിച്ചിരുന്നു. വനത്തിൽ നിന്ന് 10 മീറ്റർ പോലും അകലം പാലിക്കാതെയാണ് ടെന്റുകൾ സ്ഥാപിച്ചിരുന്നത്. ടെന്റിന് ചുറ്റുമുള്ള കാടുകൾ വെട്ടിത്തെളിച്ചിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു. ഈ റിസോർട്ടിന് ലൈസൻസില്ലെന്ന് സംശയിക്കുന്നതായും വനംവകുപ്പ് പറയുന്നു. എന്നാൽ ഹോംസ്റ്റേ ലൈസൻസ് ഉണ്ടെന്നാണ് റിസോർട്ട് ഉടമ അജിനാസ് മാധ്യമങ്ങളോട് പറഞ്ഞത്. ടെന്റിന് പ്രത്യേക ലൈസൻസ് നൽകുന്ന രീതിയില്ലെന്നും അജിനാസ് പറഞ്ഞു.
യുവതി മരിച്ച സ്ഥലത്തെ കുറിച്ച് അജിനാസ് പറയുന്ന വസ്തുതകളിൽ വനംവകുപ്പ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. യുവതി ശുചിമുറിയിൽ പോയി വരുന്ന വഴിയിൽ കാട്ടാനയെ കണ്ട് ഭയന്ന് വീഴുകയായിരുന്നു. അപ്പോഴാണ് ആക്രമണം നടന്നതെന്നാണ അജിനാസ് പറയുന്നത്. എന്നാൽ സാഹചര്യത്തെളിവുകൾ പരിശോധിക്കുമ്പോൾ ഇക്കാര്യത്തിൽ വ്യക്തത കുറവുണ്ടെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. വിനോദസഞ്ചാരി സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ