രാജ്യത്ത് കനത്ത നാശം വിതച്ച് കനത്ത മഴയും കാറ്റും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിച്ചുവീശിയ കാറ്റിലും പേമാരിയിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ശരിവച്ച് തലസ്ഥാന നഗരിയിലും മറ്റു പ്രദേശങ്ങളിലും ശക്തമായ കാറ്റാണ് അടിച്ചു വീശിയത്. കൂടെ പേമാരിയും കൂടിയായതോടെ ജനങ്ങൾ വലഞ്ഞു. പല സ്ഥലങ്ങളിലും ആലിപ്പഴ വർഷവും ഉണ്ടായി. കനത്ത മഴയിൽ രാജ്യത്തെ പല പ്രധാന റോഡുകളിൽ വെള്ളം കയറിയത് ഗതാഗതത്തെ സാരമായി ബാധിച്ചു. പാർക്കുകളിലെയും നിരത്തുകൾക്ക് ഇരുവശവുമുള്ള സ്ഥലങ്ങളിലെയും മരങ്ങൾ കടപുഴകുകയും പൊട്ടിവീഴുകയും ചെയ്യുകയും പല റെസിഡൻഷ്യൽ ഏരിയകളിലും ചോർച്ചയുണ്ടാകുകയും കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

കൂടാതെ ഇന്ത്യൻ കൾചറൽ സെന്റർ (ഐസിസി) ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ദോഹ മിയ പാർക്കിൽ സംഘടിപ്പിച്ച 'എ പാസേജ് ടു ഇന്ത്യ' ദ്വിദിന പ്രദർശന സാംസ്‌കാരിക പരിപാടി മോശം കാലാവസ്ഥയെ തുടർന്ന് റദ്ദാക്കി. ഐസിസിയോട് അഫിലിയേറ്റ് ചെയ്ത സംഘടനകളുടെ മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകളാണ് ഇതോടെ വിഫലമായത്. വ്യാഴാഴ്ച വൈകിട്ട് ആറിന് ആരംഭിച്ച കലാ സാംസ്‌കാരിക പരിപാടികളും പ്രദർശനവും ഗംഭീരമായി പുരോഗമിക്കുന്നതിനിടെയാണ് രാത്രി 8.10ഓടെ അതിശക്തമായ കാറ്റും മഴയുമുണ്ടായതും പരിപാടി നിർത്തിവച്ചതും. കാലാവസ്ഥ മെച്ചപ്പെട്ടാൽ ഇന്നലെ വൈകിട്ട് പരിപാടി തുടരാൻ ആലോചിച്ചെങ്കിലും വെള്ളിയാഴ്ചയും ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് അതും ഒഴിവാക്കി.

മഴ പെയ്തതോടെ പ്രദർശനത്തിനായി നിർമ്മിച്ച പവലിയനുകളിലേക്ക് ആളുകൾ ചിതറിയോടിയെങ്കിലും വീശിയടിച്ച കാറ്റിൽ പല കൂടാരങ്ങളും നിലംപൊത്തി. പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ സംഘാടകരും സുരക്ഷ ഉദ്യോഗസ്ഥരും ചേർന്ന് ഒഴിപ്പിച്ചു. പ്രദർശന സ്റ്റാളുകളിലെ ഭക്ഷണ വസ്തുക്കൾ, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, പെയിന്റിങ്ങുകൾ എന്നിവ നശിച്ചു. പലർക്കും വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. പാർക്കിൽ പ്രദർശിപ്പിച്ച, ഇന്ത്യയുടെ ചൊവ്വാദൗത്യമായ മംഗൾയാന്റെ കൂറ്റൻ മാതൃക തകർന്നു വീഴാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഇതോടൊപ്പം സ്ഥാപിച്ച റെയിൽവേ ബോഗിയുടെ മാതൃകയേയും കാറ്റ് ബാധിച്ചില്ല.