തിരുവനന്തപുരം: കുറച്ചുസമയം കൊണ്ട് കൂടുതൽ മഴ. അതിതീവ്രമഴ. വലിയ മഴത്തുള്ളികൾ മലയാളിയുടെ ജീവിതതാളം തെറ്റിക്കുകയാണ്.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ടിടത്ത് യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചത്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും കനത്ത മഴ തുടരുകയാണ്.പോരാത്തതിന് വടക്കൻ ജില്ലകളിലും മഴ കനത്തു. രാത്രിയോടെ വടക്കൻ മേഖലയിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാ മാറ്റമാണ് കാലം തെറ്റിയ  മഴയ്ക്ക് കാരണം എന്ന്‌ വിദഗ്ദ്ധർ വിലയിരുത്തുന്നു. യുഎന്നിലെ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി ഇങ്ങനെ എഴുതുന്നു:

ന്യൂനമർദ്ദവും ചുഴലിക്കാറ്റും ഒക്കെ ഇനി നമ്മുടെ കാലാവസ്ഥയുടെ ഭാഗമാവുകയാണ്. മഴക്കാലം അല്ലാതിരുന്നിട്ട് കൂടി എത്ര വേഗത്തിലാണ് ഒരു ന്യൂനമർദ്ദം നമ്മളെ ബാധിക്കുന്നത് എന്ന് ശ്രദ്ധിക്കുക. വൻ പ്രളയങ്ങൾ നൂറ്റാണ്ടിൽ ഒരിക്കൽ എന്നുള്ളത് നാല്പതോ അമ്പതോ കൊല്ലത്തിൽ ഒരിക്കലാകും. പ്രാദേശികമായ പ്രളയങ്ങളും വെള്ളക്കെട്ടുകളും എല്ലാ വർഷവും തന്നെ ഉണ്ടാകും. കടലാക്രമണവും മണ്ണിടിച്ചിലും കൂടി വരും. സുസ്ഥിരമായ സ്ഥല വിനിയോഗ രീതികളിലൂടെ ഇതോടൊത്ത് ജീവിക്കാൻ പ്ലാൻ ചെയ്യുക എന്നതാണ് സമൂഹം എന്നുള്ള നിലക്ക് നമുക്ക് ചെയ്യാനുള്ളത്. സുരക്ഷയുടെ പാഠങ്ങൾ നമ്മൾ പഠിച്ചേ തീരൂ.'-

മഴയുടെ താണ്ഡവം ഇനി?

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്നും കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

റെഡ് അലർട്ട്

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്

ഓറഞ്ച് അലർട്ട്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്

യെല്ലോ അലർട്ട്

കണ്ണൂർ, കാസർകോട്

വടക്കൻ ജില്ലകളിലും കനത്ത മഴ

രാത്രിയോടെ വടക്കൻ മേഖലയിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ അതീവശ്രദ്ധ വേണം. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴയാണ്.

കാസർകോട് വെള്ളരിക്കുണ്ടിൽ അതിശക്തമായ മഴയാണ്. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകി. ചെറുപുഴചീറ്റാരിക്കൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് കോഴിക്കോടിന്റെ കിഴക്കൻ മലയോരമേഖലയിൽ ശക്തമായ മഴ പെയ്തു തുടങ്ങിയത്. കോടഞ്ചേരി, കൂരാചുണ്ട്, തിരുവമ്പാടി തുടങ്ങി സ്ഥലങ്ങളിലാണ് മഴ. ഇതിൽ കോടഞ്ചേരിയിലാണ് ശക്തമായ മഴ.

നെല്ലിപ്പൊയിൽആനക്കാംപൊയിൽ റോഡിൽ മുണ്ടൂർ പാലത്തിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. തിരുവമ്പാടി ടൗണിൽ വെള്ളംകയറി. ഇവിടെ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. ആർക്കും പരുക്കില്ല. കോഴിക്കോട് ജില്ലയിലെ മലയോരമേഖലയിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട് ചുരത്തിലെ എട്ട്, ഒമ്പത് ഹെയർ പിൻ വളവുകൾക്കിടയിൽ മരം വീണതിനെ തുടർന്ന് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. കൽപ്പറ്റയിൽ നിന്നും മുക്കത്ത് നിന്നുമുള്ള അഗ്‌നിശമന സേനയും പൊലീസും തടസ്സം നീക്കാനായി ശ്രമിക്കുന്നുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്.

കണ്ണൂരിലെ മലയോര മേഖലയിലടക്കം ശനിയാഴ്ച ഉച്ചക്ക് ശേഷം ഇടിയോടുകൂടിയ കനത്തമഴയാണ്? തീരദേശങ്ങളിൽ ചിലയിടങ്ങളിൽ രാത്രി മഴ ശക്തിപ്രാപിച്ചു. മലയോരത്ത്? ഉരുൾപൊട്ടാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കാൻ നിർദ്ദേശമുണ്ട്.

കണ്ണവം വനത്തിൽ ചെമ്പുക്കാവ് തെനിയാട്ടു മലയിൽ ഉരുൾപൊട്ടി പുഴയിൽ വെള്ളപ്പൊക്കമനുഭവപ്പെട്ടു. ചെമ്പുക്കാവിനു സമീപം പുഴ റോഡിലൂടെ ഗതിമാറി ഒഴുകി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വൈദ്യുതി ബന്ധം മിക്കയിടങ്ങളിലും തടസപ്പെട്ടു. ഞായറാഴ്ച ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് മലയോരമേഖലയായ തിരുവമ്പാടിയിൽ കനത്ത മഴ അനുഭവപ്പെട്ടു. തിരുവമ്പാടി ടൗണിൽ വെള്ളം കയറി.

കൂട്ടിക്കലും കൊക്കയാറിലും എൻഡിആർഎഫ്

കനത്ത മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമുണ്ടായ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി ദേശീയ ദുരന്ത പ്രതികരണ സേനയെ വിന്യസിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. നിലവിൽ 11 സംഘങ്ങളാണ് സംസ്ഥാനത്തുള്ളത്. അതിൽ ആദ്യഘട്ടം എന്ന നിലയിൽ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഓരോ സംഘങ്ങളെ വിന്യസിച്ചിരുന്നു.

കേന്ദ്ര സർക്കാരുമായി പുതുതായി നടന്ന ചർച്ചയുടെ ഫലമായി അഞ്ചു ടീമുകൾ കൂടി ലഭ്യമായിട്ടുണ്ട്. ഇതിൽ ഒരു ടീം ഇടുക്കിയിലേക്കും മറ്റൊരു ടീം കോട്ടയത്തേക്കും പോയിട്ടുണ്ട്. കൊല്ലം, പാലക്കാട്, കണ്ണൂർ ജില്ലകളിലും ഓരോ ടീമുകളെ വീതം കൊടുത്തിട്ടുണ്ട്. ഇന്ത്യൻ കരസനേയുടെ ഒരു ടീമും കോട്ടയത്ത് എത്തിയിട്ടുണ്ട്. അവർ കൂട്ടിക്കൽ എത്തിയതായും മന്ത്രി വ്യക്തമാക്കി.

കനത്ത മഴ കാരണം വ്യോമസേനയ്ക്ക് ഇതുവരെ സംഭവസ്ഥലത്ത് എത്തിച്ചേരാൻ ആയിട്ടില്ല. നിലവിൽ കോയമ്പത്തൂരാണുള്ളത്. അതുകൊണ്ടുതന്നെ എയർ ലിഫ്റ്റിങ് വൈകും. കൂട്ടിക്കലിലും കൊക്കയാറിലും ഞായറാഴ്‌ച്ച രാവിലെ രക്ഷാപ്രവർത്തനം തുടങ്ങാനാകുമെന്നാണ് കരുതുന്നത്. വെളിച്ചക്കുറവും മഴ തുടരുന്നതും രാത്രിയിലെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കനത്ത മഴയെ തുടർന്നു നാശനഷ്ടം സംഭവിച്ചവർക്ക് സർക്കാർ എല്ലാവിധ സഹായവും നൽകുമെന്ന് സഹകരണ- രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ദുരിതാശ്വാസ പവർത്തനങ്ങൾ ഏകോപിപ്പിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനുമായി മഴക്കെടുതി നേരിട്ട പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാലാ, കൂട്ടിക്കൽ പ്രദേശങ്ങളിൽ മഴക്കെടുതി നേരിട്ട വീടുകൾ സന്ദർശിച്ച മന്ത്രി, വെള്ളപ്പൊക്കക്കെടുതി അനുഭവിക്കുന്ന കുടുംബങ്ങളെ നേരിൽ കണ്ടു. കൂട്ടിക്കൽ ചപ്പാത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി.

ജില്ലയുടെ പടിഞ്ഞാറൻ പ്രദേശത്ത് വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ ക്യാമ്പുകൾ തുറക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി റവന്യൂ അധികൃതർക്കു നിർദ്ദേശംനൽകി. ഫയർ ഫോഴ്‌സ്-പൊലീസ് ഉദ്യോഗസ്ഥരുമായും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും അദ്ദേഹം സംസാരിച്ചു. രാത്രി വൈകിയും രക്ഷാപ്രവർത്തനങ്ങൾക്കായി മന്ത്രി സ്ഥലത്തു തുടരുകയാണ്.
ആന്റോ ആന്റണി എംപി., സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎ‍ൽഎ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

കൂട്ടിക്കൽ പ്ലാപ്പള്ളിയിലെ ഉരുൾപൊട്ടലിൽ നാല് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഏഴായി. നേരത്തെ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ ക്ലാരമ്മ ജോസഫ് (65), സിനി (35), സിനിയുടെ മകൾ സോന (10) എന്നിവരുടെ മൃതദേഹങ്ങളാണ് നേരത്തെ കണ്ടെടുത്തത്. ഇപ്പോൾ കണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. 12 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതിൽ ആറു പേർ ഒരു വീട്ടിലെ അംഗങ്ങളാണ്.

പ്രദേശത്ത് മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും താറുമാറായിരിക്കുകയാണ്. 35 പേരടങ്ങുന്ന കരസേനയുടെ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സൈന്യത്തെ വിന്യസിച്ചു. മേജർ അബിൻ പോളിന്റെ നേതൃത്വത്തിൽ കരസേന കോട്ടയത്തെത്തി. വ്യോമസേന ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിന് സജ്ജമായിട്ടുണ്ട്. കിഴക്കൻ മലയോര മേഖലയിൽ വൻ മഴക്കെടുതിയാണ് റിപ്പോർട്ട് ചെയ്യുന്നത്.

നിർത്താതെ പെയ്യുന്ന മഴയും വെളിച്ചക്കുറവും ഗതാഗത പ്രശ്നങ്ങളും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ദുരന്തസ്ഥലത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. കരസേനയുടെ ഒരു യൂണിറ്റ് കൂട്ടിക്കലിലേക്ക് എത്തിയിട്ടുണ്ട്. കൂട്ടിക്കൽ ടൗണിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയതിനാൽ കൂടുതൽ രക്ഷാപ്രവർത്തകർക്ക് അൽപം പ്രയാസപ്പെട്ടാണെങ്കിലും സ്ഥലത്തേക്ക് എത്തിച്ചേരാൻ സാധിച്ചിട്ടുണ്ട്. കൂട്ടിക്കൽ പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കൽ, ഏന്തയ്യാർ, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിരുന്നു.

കടുവാപ്പാറയിൽ റിസോർട്ടിന് മേൽ മണ്ണിടിഞ്ഞ് വീണ് റിസോർട്ട് മണ്ണിനടിയിൽപ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പീരുമേട്ടിലക്ക് എൻഡിആർഫ് ടീമിനെ അയച്ചതായും മുട്ടും ഭാഗത്തും മണ്ണിടിച്ചിലുണ്ടായതായും മന്ത്രി പറഞ്ഞു. പെരിയാർ വാലി പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

രക്ഷാപ്രവർത്തനവും മാറ്റി പാർപ്പിക്കലും ഊർജ്ജിതമാക്കി

അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും. രക്ഷാ പ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അവസാനം വന്ന കാലാവസ്ഥാ പ്രവചനം ആശ്വാസത്തിന് വക നൽകുന്നതാണ്. കൂടുതൽ മോശപ്പെട്ട അവസ്ഥയിലേക്കല്ല നാം പോകുന്നത് എന്നാണ് പ്രവചനം നൽകുന്ന സൂചന.

എൻ.ഡി.ആർ.എഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇതിനോടകം വിന്യസിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, മറ്റേത് കോട്ടയത്തും വിന്യസിക്കാനുള്ള നിർദ്ദേശം നൽകി. ഇതുകൂടാതെ ഡി.എസ്.സിയുടെ ഒരു ടീം കണ്ണൂരും ഒരെണ്ണം കോഴിക്കോടും വിന്യസിക്കാൻ നിർദ്ദേശം നൽകി.എയർഫോഴ്‌സിനും അടിയന്തിരസാഹചര്യം നേരിടാൻ സജ്ജരായിരിക്കാൻ നിർദ്ദേശം നൽകി. കോട്ടയത്ത് കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിനായി എയർഫോഴ്സിനോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സന്നദ്ധ സേനയും സിവിൽ ഡിഫെൻസും അടിയന്തരസാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ട്.

കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ കീഴിലുള്ള അണക്കെട്ടുകളിൽ പത്തനംതിട്ട ജില്ലയിലെ കക്കി ,തൃശ്ശൂർ ജില്ലയിലെ ഷോളയാർ ,ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാർകുട്ടി എന്നീ അണക്കെട്ടുകളിൽ രാവിലെ 11 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണ പട്ടികയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടി ,തൃശ്ശൂർ ജില്ലയിലെ പെരിങ്ങൽകുത്തു എന്നിവിടങ്ങളിൽ ഓറഞ്ച് അലെർട്ടും പ്രഖ്യപിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയത്തെ ഏകോപനം റവന്യു മന്ത്രിക്ക്

ഉരുൾ പൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ രൂക്ഷമായി ബാധിച്ച കോട്ടയം ജില്ലയിലെ ദുരിതാശ്വാസ- ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല റവന്യൂ മന്ത്രി കെ രാജനു നൽകി.

കോട്ടയത്തെത്തിയ മന്ത്രി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നിർദ്ദേശം നൽകി. അടുത്ത രണ്ടു ദിവസം റവന്യു മന്ത്രി കോട്ടയം കേന്ദ്രീകരിച്ച് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
കൂട്ടിക്കൽ

കോളേജുകൾ തുറക്കുന്നത് നീട്ടി; ശബരിമല തീർത്ഥാടനം 19 വരെ ഒഴിവാക്കി

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന തീയതി നീട്ടി. ഒക്ടോബർ 18 മുതൽ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ 20 മുതലാവും ആരംഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആ ദിവസം വരെ ശബരിമല തീർത്ഥാടനം ഒഴിവാക്കാനും യോഗം തീരുമാനിച്ചു. മലയോര മേഖലകളിൽ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.