ബെംഗളൂരു: സംസ്ഥാനത്ത് കനത്ത മഴയിൽ വീട് തകർന്ന് രണ്ട് കുട്ടികളടക്കം ഏഴ് പേർ മരിച്ചു. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം.'കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ബെലഗാവിലെ ബഡാല അങ്കലഗി ഗ്രാമത്തിൽ വീട് തകർന്നത്. മരിച്ച ഏഴ് പേരിൽ രണ്ട് കുട്ടികളുമുണ്ട്' ഡെപ്യൂട്ടി കമ്മീഷണർ എംജി ഹിരേമാറ്റ് പറഞ്ഞു.

സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി ബസവരാജ് ബെമ്മൈ അടിയന്തര യോഗം വിളിച്ചു. തുടർന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി ഗോവിന്ദ് കർജോളിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് കർണാടകയിൽ രണ്ട് ദിവസം കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സംസ്ഥാനത്തെ തീരദേശമേഖലയിൽ ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്.