- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റ് വീശിയേക്കും; കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച ഇടുക്കിയിൽ മാത്രമാണ് അതിശക്തമായ മഴ പെയ്യാൻ സാധ്യത. ഇന്ന് എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു.
വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വെള്ളിയാഴ്ചയും പാലക്കാട് ഒഴികെയുള്ള ജില്ലകൾക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും ഞായറാഴ്ച വരെ മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനാണ് സാധ്യത.
കേരള തീരത്ത് വ്യാഴാഴ്ച രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. 2.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ