- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ഇത്തവണ മഴ കുറയും; മൺസൂൺ വ്യാഴാഴ്ച എത്തുമെന്ന് കാലാവസ്ഥ വകുപ്പ് ; രാജ്യത്ത് ഇത്തവണ പ്രതീക്ഷിക്കുന്നത് സാധാരണനിലയിലുള്ള മൺസൂൺ
തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ മൺസൂൺ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂൺ മൂന്നിന് തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തുമെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. രാജ്യത്ത് ഇത്തവണ സാധാരണനിലയിലുള്ള മൺസൂണാണ് പ്രതീക്ഷിക്കുന്നത്.
മൺസൂൺ കാലയളവിൽ ശരാശരി 101 ശതമാനം മഴയാണ് രാജ്യത്ത് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ മധ്യഭാഗങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. വടക്കേന്ത്യയിലും ദക്ഷിണേന്ത്യയിലും സാധാരണ മഴയാണ് പ്രതീക്ഷിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ കുറയാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. എന്നാൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ മൺസൂൺ സാധാരണനിലയിലായിരിക്കും.
ദക്ഷിണേന്ത്യയിൽ സാധാരണ മഴയാണ് പ്രതീക്ഷിക്കുന്നത്. 92 മുതൽ 108 ശതമാനം വരെ മഴയാണ് കണക്കുകൂട്ടുന്നത്. കടലോപരിതലത്തിലെ താപനിലയിൽ ഉണ്ടാകുന്ന വ്യത്യാസമാണ് മൺസൂണിനെ സ്വാധീനിക്കുന്നത്.
അതേസമയം ജൂൺ നാലുവരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒറ്റപ്പെട്ടയിടങ്ങളിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റും ഇടിമിന്നലോട് കൂടിയ മഴയുമാണ് പ്രവചിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.