ന്യൂഡൽഹി: രാജ്യത്ത് കാലവർഷം വീണ്ടും ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസം 23 ന് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപം കൊള്ളുമെന്നാണ് പ്രവചനം. ബംഗാൾ ഉൾക്കടലിൽ വടക്കുപടിഞ്ഞാറൻ ഭാഗത്ത് രൂപംകൊണ്ട ന്യൂന മർദ്ദം പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും, തൊട്ടടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഇതിന്റെ ഫലമായി ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ്, ഛത്തീസ് ഗഡ്, ജാർഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ വീണ്ടും കനത്ത മഴ പെയ്യാനിടയുണ്ട്.

അറേബ്യൻ കടലിൽ നിന്ന് ശക്തമായ ഈർപ്പമുള്ള തെക്ക് പടിഞ്ഞാറൻ കാറ്റ് വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെയും മധ്യേന്ത്യയുടെയും സമതലങ്ങളിൽ താഴ്ന്ന തലങ്ങളിൽ കൂടിച്ചേരുന്നു. അതിനാൽ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ അടുത്ത മൂന്നു നാല് ദിവസങ്ങളിൽ കൂടി മഴ തുടർന്നേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.