- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം കൂട്ടിക്കലിൽ വീണ്ടും ഉരുൾ പൊട്ടി; 12 പേരെ കാണാതായി; പ്ലാപ്പള്ളി ഭാഗത്ത് മൂന്നു വീടുകൾ ഒലിച്ചുപോയി; കിഴക്കൻ മേഖലയിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടി; മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്നു. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ പല സ്ഥലങ്ങളിലും തോടുകൾ കരകവിഞ്ഞു. പല റോഡുകളിലും വെള്ളം കയറി. കൂട്ടിക്കലിൽ വീണ്ടും ഉരുൾ പൊട്ടി 12 പേരെ കാണാതായി. കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടൽ ഉണ്ടായി മൂന്ന് വീടുകൾ ഒലിച്ചുപോയതെന്നാണു റിപ്പോർട്ട്. മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. നേരത്തെ കൂട്ടിക്കലിൽ ഉരുൾപൊട്ടി മൂന്ന് വീടുകൾ ഒലിച്ചുപോയി. ഏഴ് പേരെ കാണാതായി. കൂട്ടിക്കൽ അടക്കം കോട്ടയം ജില്ലയുടെ കിഴക്കന്മേഖലയിൽ രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ സഹായം തേടി.
ഉരുൾപൊട്ടലിനെ തുടർന്നു വെള്ളത്തിനടിയിലായ കൂട്ടിക്കലടക്കം കിഴക്കൻ മേഖലയിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കലക്ടർ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റുന്നതിന് എയർ ലിഫ്റ്റിങ്ങിനാണ് സഹായം തേടിയത്.
മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മുണ്ടക്കയം ഇളംകാട്-വാഗമൺ റോഡിൽ ഉരുൾപൊട്ടി. ജനവാസ മേഖലയല്ലാത്തതിനാൽ ജീവാപായത്തെപ്പറ്റി ആശങ്കയില്ല. കൊടുങ്ങ ഭാഗത്തും വനത്തിൽ ചെറിയ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. പ്രധാന റോഡുകളിലും ഇട റോഡുകളിലും വെള്ളം കയറുന്നു. തോടുകൾ കരകവിഞ്ഞതിനെ തുടർന്ന് പറമ്പുകളിലും വെള്ളം കയറുകയാണ്. പൂജാ അവധിയുടെ ഭാഗമായി യാത്രയ്ക്കിറങ്ങിയവർ പല സ്ഥലങ്ങളിലും കുടുങ്ങി.
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ എന്നി ജില്ലകളിൽ ഇടിയോട് കൂടിയ അതിതീവ്ര മഴക്കും മണിക്കൂറിൽ 40 കി.മീ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ മലപ്പുറം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നി ജില്ലകളിൽ ഇടിയോട് കൂടിയായ അതിശക്തമായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്നും കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പൂഞ്ഞാർ തെക്കേക്കരയിൽ റെക്കോഡ് മഴയാണ് ഒറ്റമണിക്കൂറിനുള്ളിൽ പെയ്തത്. ഇവിടെ പല റോഡുകളും വെള്ളത്തിലായി. പെരിങ്ങുളം - അടിവാരം മേഖലയിൽ വെള്ളം കയറി. കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ വെള്ളം കയറിയതിനാൽ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. ഇടുക്കിയിൽ ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു.
കെഎസ്ആർടിസി ബസ് മുങ്ങി
കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് വെള്ളത്തിൽ മുങ്ങി. പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് സമീപത്തു വച്ചായിരുന്നു സംഭവം. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിയത്. ബസിന്റെ പകുതിയിലേറെ വരെ വെള്ളത്തിൽ മുങ്ങിയിരുന്നു. ഇവിടെ ഒരാൾ പൊക്കത്തോളം വെള്ളമാണ് ഉണ്ടായിരുന്നത്.
മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. ചോലത്തടത്ത് ഉരുൾ പൊട്ടി. അടുക്കം ഭാഗത്തും ഉരുൾ പൊട്ടിയതായി റിപ്പോർട്ടുണ്ട്. പനച്ചികപ്പാറ കാവും കടവ് പാലം വെള്ളത്തിനടിയിലായി. ഈരാറ്റുപേട്ട കടുവാമൂഴിയിൽ മീനച്ചിലാറ്റിൽ നിന്നും വെള്ളം റോഡിലേക്ക് കയറി. ഇതേത്തുടർന്ന് വ്യാപാരസ്ഥാപനങ്ങളിലെ സാധനങ്ങൾ മാറ്റുകയാണ്. തീക്കോയി ചാമപ്പാറയ്ക്ക് സമീപിം വീടുകളിലും വെള്ളം കയറി. പിണ്ണാക്കനാട് ടൗണിന് സമീപം പാറത്തോട് റോഡും വെള്ളത്തിലായി. ഈരാറ്റുപേട്ട-പാലാ റോഡിലും വെള്ളം കയറി. തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ടുണ്ടായി.
അണക്കട്ടുകൾ തുറന്നു
പാലക്കാട് മലമ്പുഴ അണക്കെട്ട് തുറന്നു. 4 ഷട്ടറുകളും തുറക്കാനാണ് തീരുമാനം.നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 320 cm ഉയർത്തിയിട്ടുണ്ട്. ഇന്ന് 03:00 മണിക്ക് അത് 80 cm കൂടി ഉയർത്തുമെന്നും (മൊത്തം 400 cm) സമീപ വാസികൾ ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു.
കർശന ജാഗ്രത വേണം
സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ച് സംസ്ഥാന അടിയന്തര കാര്യനിർവഹണ കേന്ദ്രം കൂടുതൽ സജീവമാക്കുകയും ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കെ.എസ്.ഇ.ബി, ഇറിഗേഷൻ വകുപ്പുകളുടെ പ്രതിനിധികളെ വിന്യസിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പു മേധാവികളോടും ഏതു അടിയന്തര സാഹചര്യവും നേരിടാൻ സുസജ്ജരായിരിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.
എൻ.ഡി.ആർ.എഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, മറ്റേത് കോട്ടയത്തും വിന്യസിക്കാനുള്ള നിർദ്ദേശം നൽകി. ഇതുകൂടാതെ ഡി.എസ്.സിയുടെ ഒരു ടീം കണ്ണൂരും ഒരെണ്ണം കോഴിക്കോടും വിന്യസിക്കാൻ നിർദ്ദേശം നൽകി.എയർഫോഴ്സിനും അടിയന്തിരസാഹചര്യം നേരിടാൻ സജ്ജരായിരിക്കാൻ നിർദ്ദേശം നൽകി. കോട്ടയത്ത് കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിനായി എയർഫോഴ്‌സിനോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സന്നദ്ധ സേനയും സിവിൽ ഡിഫെൻസും അടിയന്തരസാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ട്.
കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ കീഴിലുള്ള അണക്കെട്ടുകളിൽ പത്തനംതിട്ട ജില്ലയിലെ കക്കി ,തൃശ്ശൂർ ജില്ലയിലെ ഷോളയാർ ,ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാർകുട്ടി എന്നീ അണക്കെട്ടുകളിൽ രാവിലെ 11 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണ പട്ടികയിൽ ചുവന്ന അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടി ,തൃശ്ശൂർ ജില്ലയിലെ പെരിങ്ങൽകുത്തു എന്നിവിടങ്ങളിൽ ഓറഞ്ച് അലെർട്ടും പ്രഖ്യപിച്ചിട്ടുണ്ട്.
ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള അണക്കെട്ടുകളിൽ രാവിലെ 11 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണ പട്ടികയിൽ പാലക്കാട് ജില്ലയിലെ ചുള്ളിയാർ, തൃശ്ശൂർ പീച്ചി എന്നിവിടങ്ങളിൽ ചുവപ്പ് അലെർട് പ്രഖ്യപിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ വാഴാനി,ചിമ്മിനി,പാലക്കാട് ജില്ലയിലെ മീങ്കര,മംഗലം,മലമ്പുഴ എന്നിവിടങ്ങളിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ പോത്തുണ്ടി,തിരുവനന്തപുരം ജില്ലയിലെ നെയ്യാർ എന്നിവിടങ്ങളിൽ ആദ്യഘട്ട മുന്നറിയിപ്പായ നീലയും പുറപ്പെടുവിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി പൊലീസ് സേനയെ മുഴുവനായും സജ്ജമാക്കാൻ നിർദ്ദേശം നൽകി. ജില്ലകളിൽ സ്‌പെഷ്യൽ കൺട്രോൾ റൂം തുറക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ജില്ലാ കളക്ടർ, ജില്ലാ ദുരന്തനിവാരണ അഥോറിറ്റി എന്നിവരുമായി ചേർന്ന് പൊലീസ് സംവിധാനം പ്രവർത്തിക്കും. മണ്ണ് ഇടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പ്രത്യേക പൊലീസ് സുരക്ഷ ഏർപ്പെടുത്താനും ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശനമായ ജാഗ്രത പുലർത്താനും സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കാനും ശ്രദ്ധിക്കണം. അടിയന്തിര സാഹര്യങ്ങളിൽ പൊതുജനങ്ങൾക്ക് 112 എന്ന നമ്പറിൽ ഏത് സമയവും ബന്ധപ്പെടാവുന്നതാണ്.
മറുനാടന് മലയാളി ബ്യൂറോ