കഴക്കൂട്ടം: മാന്ത്രികന്റെ കൈവേഗത്തിനുമപ്പുറം ചിത്രകാരന്മാർ തീർത്ത വരകൾ നിറഞ്ഞാടിയപ്പോൾ ക്യാൻവാസിൽ തെളിഞ്ഞത് മാന്ത്രികരുടെ മുഖചിത്രങ്ങൾ! മാജിക് പ്ലാനറ്റിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ മാജിക് അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര കൺവെൻഷനിൽ പങ്കെടുത്ത മാന്ത്രികരുടെ ചിത്രങ്ങളാണ് 19 കലാകാരന്മാർ തത്സമയം വരച്ച് അത്ഭുതങ്ങൾ സൃഷ്ടിച്ചത്.

ഉച്ചകോടിയുടെ മുഖ്യ ആകർഷണമായി അമേരിക്കയിൽ നിന്നെത്തിയ പ്രശസ്ത മാന്ത്രികൻ ജെയിംസ് ജോർജിന്റെ മുഖചിത്രം വരച്ചുകൊണ്ടാണ് ചിത്രരചനയ്ക്ക് തുടക്കം കുറിച്ചത്. ചിത്രകാരന്മാരുടെ അടുത്തെത്തിയ മാന്ത്രികരുടെ മുഖങ്ങൾ പോർട്രെയിറ്റായും കാരിക്കേച്ചറായും ക്യാൻവാസിൽ പകർത്തിക്കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കുകയായിരുന്നു ഇവർ.

ഫേസ്‌ബുക്ക് ആർട്ടിസ്റ്റ് കൂട്ടായ്മയായ എക്‌സോട്ടിക് ഡ്രീംസാണ് മുഖവര എന്ന പേരിൽ നടന്ന പരിപാടിക്ക് നേതൃത്വം വഹിച്ചത്. ഡാവിഞ്ചി സുരേഷ്, സന്തോഷ് ഒറ്റപ്പാലം, കലേഷ് പൊന്നപ്പൻ, ശിവദാസ് വാസു, ബിബിൻ തങ്കച്ചൻ, നദീം മുസ്തഫ, മനോജ് ഗോപാലകൃഷ്ണൻ, രാകേഷ് പള്ളത്ത്, അഖിൽ ഡാവിഞ്ചി, രാഹുൽ പാലൂർ, റിയാസ് മടവന, സൈദ് ഷാഫി, പ്രവീഷ് ചന്ദ്ര, കാസിം പള്ളത്ത്, ഷിബി പൊൻതൂവൽ, ഷംസുദ്ദീൻ, രാജേഷ് പനങ്ങാട്, വിജിലാൽ, സുബിത്ത് എന്നിവരാണ് വരയുടെ വിസ്മയങ്ങൾ മാന്ത്രികർക്കായി സമ്മാനിച്ചത്. തുടർന്ന് ചിത്രപ്രദർശനവും നടന്നു.

വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ചുകൊണ്ട് ആരംഭിച്ച രാജ്യത്തെ ആദ്യത്തെ എഡ്യൂടെയ്ന്മെന്റ് പാർക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് അന്താരാഷ്ട്ര മാന്ത്രിക ഉച്ചകോടി സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മാന്ത്രികർ വരകളുടെ തമ്പുരാക്കന്മാരുടെ മുമ്പിൽ അണിനിരന്നപ്പോൾ കാണികൾക്കും മാന്ത്രികർക്കും ഇതൊരു അപൂർവ അനുഭവമായി.

വൈകുന്നേരം നടന്ന ചടങ്ങിൽ റൂറൽ ഡെവലപ്‌മെന്റ് കമ്മീഷണർ കെ.വി.മോഹൻകുമാർ ചിത്രകാരന്മാരെ ആദരിച്ചു. ചടങ്ങിൽ മസ്മ പ്രസിഡന്റ് രാജ്കുമാർ, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർമാരായ ചന്ദ്രസേനൻ മിതൃമ്മല, രാജമൂർത്തി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന വിസ്മയ മാന്ത്രിക സന്ധ്യയിൽ ഐ.ടി.ആർ ഇൻവെന്ററായ അമേരിക്കൻ മാന്ത്രികൻ ജെയിംസ് ജോർജ്, 2014ലെ മാജിക് പ്ലാനറ്റ് ചാമ്പ്യൻ ഭോലാനാഥ് ഹൽദർ, നിഴൽ വിസ്മയങ്ങളുമായി കർണാടകയിൽ നിന്നെത്തിയ മാന്ത്രികൻ പ്രഹ്ലാദ് ആചാര്യ, നിരവധി അന്തർദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ മുഹമ്മദ് ഷാനു, കർണാടകയിൽ നിന്നെത്തിയ ഇന്റർനാഷണൽ മജീഷ്യൻ ജൂനിയർ ശങ്കർ, ബലൂണുകളുടെ നിറഭംഗിയോടെ ബലൂൺ മാജിക്കിന്റെ കാണാക്കാഴ്ചകളുമായി ബലൂൺ രാജേന്ദ്രൻ എന്നിവർ ഇന്ദ്രജാലങ്ങൾ അവതരിപ്പിച്ചു.

ഞായറാഴ്ച നെയ്യാറിലേയ്ക്കുള്ള സഫാരി യാത്രയോടെ മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന അന്താരാഷ്ട്ര മാന്ത്രിക ഉച്ചകോടിക്ക് സമാപനമാകും.

കഴിഞ്ഞ ദിവസം സ്പീക്കർ എൻ ശക്തൻ, ഡോ. ജി സി ഗോപാലപിള്ള, കെ വി മോഹൻകുമാർ ഐഎഎസ്, ഷെയ്ഖ് പരീത് ഐഎഎസ്, എം ബി സനിൽകുമാർ, ഗോപിനാഥ് മുതുകാട് എന്നിവർ ചേർന്നാണ് രാജ്യത്തെ ആദ്യത്തെ ഇൻഫോടെയ്ന്മെന്റ് കിഡ്‌സ് പാർക്ക് ഉദ്ഘാടനം ചെയ്തത്. ഒന്നാം പിറന്നാളിന്റെ ഭാഗമായി മാജിക് പ്ലാനറ്റ് കുട്ടികൾക്കായി നൽകുന്ന സമ്മാനമാണ് റെയിൻബോ കിഡ്‌സ് പ്ലാനറ്റ്.