ദോഹ: ഇന്ന് രാവിലെ മുതൽ ഖത്തറിൽ ചെറിയ തോതിൽ മഴ ആരംഭിക്കുമെന്നാണ് മെറ്റീരിയോളജി വിഭാഗത്തിന്റെ റിപ്പോർട്ട്. അസ്ഥിരമായ കാലാവസ്ഥയാവും ഈ ഒരാഴ്ചക്കാലം ഖത്തറിൽ അനുഭവപ്പെടുക. വടക്ക് കിഴക്കൻ മേഖലയിൽ നിന്നുള്ള കാറ്റ് ശക്തമാവുന്നതാണ് മഴയ്ക്ക് കാരണമായി മെറ്റീരിയോളജി വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. അതേസമയം മഴ ലഭിക്കുന്നതിൽ താരതമ്യേന കുറവ് അനുഭവപ്പെടുക ദോഹയിലായിരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം ഈ ആഴ്ചയിൽ ദോഹയിൽ നല്ല മഴ ലഭിക്കുവാനുള്ള സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ അറിയിപ്പ്. മഴ ആരംഭിക്കുന്നത് ചെറിയ തോതിലാണെങ്കിലും പിന്നീട് ശക്തി പ്രാപിക്കുവാനാണ് സാധ്യത. ഇന്ന് രാവിലെ ആരംഭിക്കുന്ന മഴ ബുധൻ, വ്യാഴം ദിവസങ്ങൾ വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ റിപ്പോർട്ട്. അതുകൊണ്ട് തന്നെ റോഡുകളിൽ വെള്ളം കെട്ടിക്കിടക്കാനുള്ള സാധ്യതയുള്ളതിനാൽ വാഹനങ്ങൾ വളരെ വേഗത കുറച്ച് റോഡിലൂടെ സഞ്ചരിക്കണമെന്നും വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, ഡ്രെയ്‌നേജ് സംവിധാനം തൃപ്തികരമല്ലാത്തതിനാൽ ഖത്തറിലെ ജനങ്ങൾ ആശങ്കയിലാണ്. വെള്ളം ഒഴുകിപോവാത്ത അവസ്ഥ ഉണ്ടായാൽ ബന്ധപ്പെടാനുള്ള നമ്പറുകളും മുൻസിപ്പാലിറ്റി ആൻഡ് അർബൻ പ്ലാനിങ് മന്ത്രാലയം ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.