- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെൺകുട്ടികളുടെ വിവാഹപ്രായം 21: പ്രായപരിധി ഉയർത്തുന്ന ബിൽ തിങ്കളാഴ്ച രാജ്യസഭയിൽ; എതിപ്പുമായി കോൺഗ്രസും; പിന്നിൽ അജണ്ടകൾ ഉണ്ടെന്ന് കെ.സി. വേണുഗോപാൽ; സമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് യെച്ചൂരി
ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം ഇരുപത്തിയൊന്ന് വയസ്സായി ഉയർത്താനുള്ള ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എതിർപ്പുമായി കോൺഗ്രസും സിപിഎമ്മും. വിവാഹപ്രായം ഉയർത്താനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തിന് പിന്നിൽ ഗൂഢ ഉദ്ദേശമെന്ന് കോൺഗ്രസ് ആരോപിച്ചു. വിവാഹപ്രായം 21 ആക്കിയതുകൊണ്ട് സമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നാണ് സിപിഎമ്മിന്റെ വിമർശനം.
വിഷയത്തിൽ പാർട്ടിക്കുള്ളിൽ ചർച്ച നടത്താനും ഹൈക്കമാൻഡിന്റെ തീരുമാനം. സർക്കാർ പ്രഖ്യാപിക്കുന്ന വനിത ശാക്തീകരണം ബില്ലിലൂടെ ഉണ്ടാകില്ലെന്നതാണ് കോൺഗ്രസിന്റെ വിമർശനം. സർക്കാർ പറയുന്ന ഉദ്ദേശലക്ഷ്യങ്ങളൊന്നും നേടാൻ ബിൽ പര്യാപ്തമല്ല എന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.
നിലവിൽ ജനാധിപത്യ മഹിള അസോസിയേഷനും മുസ്ലിം ലീഗുമെല്ലാം സ്വീകരിച്ച നിലപാടിനോട് ചേർന്നുപോകുന്ന നിലപാടാണ് കോൺഗ്രസും സ്വീകരിച്ചേക്കുക എന്നാണ് സൂചന. ഇക്കാര്യത്തിൽ ജനറൽ സെക്രട്ടറിമാരുടെ അഭിപ്രായം കൂടി തേടണം എന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. അവരോട് അഭിപ്രായങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റ് പല പ്രധാനപ്പെട്ട വിഷയങ്ങളും അവഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ മറ്റ് അജണ്ടകൾ ഉണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. ബില്ലിനെ എതിർക്കണമെന്നാണ് കോൺഗ്രസിലെ ഭൂരിപക്ഷ നിലപാട്. ഇക്കാര്യത്തിൽ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും വേണുഗോപാൽ അറിയിച്ചു.
മഹിള കോൺഗ്രസ് നേതാക്കളോടും ഇത് സംബന്ധിച്ച് അഭിപ്രായം തേടിയിട്ടുണ്ട്. അതേസമയം ലീഗിന്റെ നിലപാട് എടുത്തചാട്ടമായെന്ന് വിലയിരുത്തുന്നവരും കോൺഗ്രസിലുണ്ട്. ബില്ല് വരുമോ എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ ഒരു വ്യക്തത വരുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ എടുത്തുചാടിയുള്ള അഭിപ്രായ പ്രകടനം വേണ്ടിയിരുന്നോ എന്ന കാര്യവും കോൺഗ്രസിൽ ചർച്ചയാവുന്നുണ്ട്.
എന്തായാലും വിപുലമായ ചർച്ചകൾ നടത്തിയതിന് ശേഷം മാത്രം വിഷയത്തിൽ നിലപാട് സ്വീകരിക്കാമെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. ഇതുമായി ബന്ധപ്പെട്ട യോഗങ്ങൾ ഞായറാഴ്ച ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്.
പാർലമെന്റിൽ ബില്ലിനെ എതിർത്ത് വോട്ടു ചെയ്യുമെന്ന് സമാജ് വാദി പാർട്ടിയും എംഐഎമ്മും അറിയിച്ചു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങവെ ബിജെപി നീക്കത്തെ എതിർക്കാനാണ് സമാജ് വാദി പാർട്ടിയുടെ തീരുമാനം. ഇന്ത്യയിൽ ഇപ്പോൾ ഈ ബില്ലിന്റെ ആവശ്യമില്ലെന്നും എതിർത്ത് വോട്ടു ചെയ്യാൻ തീരുമാനിച്ചതായും സമാജ് വാദി പാർട്ടി വ്യക്തമാക്കി. അസദുദ്ദീൻ ഒവൈസിയുടെ എംഐഎമ്മും ബില്ലിനെ എതിർക്കും.
നേരത്തെ മുസ്ലിംലീഗ്, സിപിഎം, സിപിഐ എന്നീ പാർട്ടികളും എതിർപ്പ് പരസ്യമാക്കിയിരുന്നു. പ്രായപരിധി ഉയർത്തുന്നത് എന്തിനെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. രാജ്യത്ത് 18 വയസ്സ് പൂർത്തിയായ വ്യക്തിക്ക് ഇഷ്ടമുള്ളയാൾക്കൊപ്പം ജീവിക്കാമെന്നാണ് ഭരണഘടന ഉറപ്പ് നൽകുന്നത്.
നിയമപരമായ വിവാഹത്തിന് 21 വയസ്സ് പൂർത്തിയാകണം എന്നതല്ലാതെ എന്ത് മാറ്റമാണ് ഈ നിയമത്തിലൂടെ കൊണ്ടുവരാൻ കഴിയുകയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കട്ടേയെന്നും യെച്ചൂരി ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞശേഷം പാർലമെന്റിൽ നിയമത്തെ എതിർക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
18 വയസ്സ് തികഞ്ഞാൽ പ്രായപൂർത്തിയായ വ്യക്തിയായി കണക്കാക്കുമെന്നിരിക്കെ ഇതിൽ ലിംഗസമത്വവുമായി ബന്ധപ്പെട്ട എന്ത് കാര്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യം സംബന്ധിച്ച കാര്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് കേന്ദ്ര വൃത്തങ്ങൾ പറയുന്നതെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ അതിന് പോഷകാഹാരക്കുറവ് പോലുള്ള പ്രശ്നങ്ങളാണ് പരിഹരിക്കേണ്ടതെന്ന് യെച്ചൂരി പറഞ്ഞു. ഡൽഹിയിൽ പൊളിറ്റ് ബ്യൂറോ യോഗത്തിനെത്തിയ കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം ആവർത്തിച്ചു.
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള ബിൽ ഇതുവരെ ശീതകാല സമ്മേളനത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ തിങ്കളാഴ്ച രാജ്യസഭയിൽ ബില്ല് കൊണ്ടു വരാനാണ് സർക്കാർ നീക്കം. ബില്ല് പുരോഗമനപരം എന്ന നിലപാട് ഇന്നലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞതും നീക്കത്തിന്റെ സൂചനയായി.
അതേ സമയം, വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള ബില്ല് തിങ്കളാഴ്ച ലോക്‌സഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വേണ്ടത്ര ചർച്ചയില്ലാതെയാണ് ഈ ബില്ലും കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ശീതകാല സമ്മേളനത്തിൽ നാലു ദിവസം മാത്രം ബാക്കി നില്‌ക്കെ വിവാഹപ്രായം ഉയർത്താനുള്ള ബില്ല് പാസാകാനിടയില്ല. എന്നാൽ വിഷയം സജീവമാക്കി നിറുത്താനാണ് സർക്കാർ നീക്കം.