ലക്‌നോ: ചലച്ചിത്രതാരവും മുതിർന്ന നേതാവുമായ രാജ് ബബ്ബറിനെ ഉത്തർപ്രദേശിലെ കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചു. ദേശീയ രാഷ്ട്രീയത്തിൽ തന്നെ നിർണായകമാകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെയാണ് രാജ് ബബ്ബറിനെ ചുമതലയേൽപ്പിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽനിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിച്ച രാജ് ബബ്ബർ ദയനീയമായി തോറ്റിരുന്നു. കെട്ടിവച്ച കാശുപോലും കിട്ടിയിരുന്നുമില്ല.

ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല വഹിക്കുക പ്രിയങ്ക ഗാന്ധിയായിരിക്കും എന്ന വാർത്തകൾക്കിടെയാണ് പാർട്ടി അധ്യക്ഷനായി രാജ് ബബ്ബറിനെ നിയമിച്ചത്. അതേസമയം, ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കുമെന്ന് പറയാൻ വക്താവ് ഗുലാംനബി ആസാദ് വിസമ്മതിച്ചു.

മുൻ കരസേനാ മേധാവിയും മോദി സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയുമായ ജനറൽ വി.കെ.സിങ്ങിനോടായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബബ്ബറിന്റെ തോൽവി. 2008 ൽ ഒക്ടോബറിലാണ് ബബ്ബർ കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നത്. അതിനുമുമ്പ് മൂന്ന് തവണ സമാജ് വാദി പാർട്ടിയെ പ്രതിനിധീകരിച്ച് രാജ് ബബ്ബർ ആഗ്ര ലോക സഭ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.