- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ് കുന്ദ്രയ്ക്ക് ജാമ്യം നൽകരുത്; നീരവ് മോദിയെപ്പോലെ രാജ്യം വിട്ടേക്കാം; ജാമ്യം നൽകുന്നതു സമൂഹത്തിന് തെറ്റായ സന്ദേശം നൽകും; വീണ്ടും കുറ്റം ചെയ്തേക്കും; കുന്ദ്രയുടെ ജാമ്യാപേക്ഷയെ എതിർത്ത് മുംബൈ പൊലീസ്
മുംബൈ: അശ്ലീലചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചാൽ നീരവ് മോദിയെപ്പോലെ രാജ്യം വിട്ടേക്കുമെന്ന് മുംബൈ പൊലീസ്. കുന്ദ്രയ്ക്ക് ജാമ്യം നൽകുന്നതു സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ജാമ്യാപേക്ഷയെ എതിർത്ത് മുംബൈ പൊലീസ് വ്യക്തമാക്കി.
ജാമ്യം ലഭിച്ചാൽ കുറ്റം വീണ്ടും ചെയ്തേക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, കേസ് ഇനി ഓഗസ്റ്റ് 20ന് പരിഗണിക്കും. കഴിഞ്ഞ മാസമാണ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. ഏപ്രിലിൽ ഫയൽ ചെയ്ത എഫ്ഐആറിൽ തന്റെ പേരില്ലായിരുന്നുവെന്നാണ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കുന്ദ്രയുടെ വാദം. അന്നത്തെ കുറ്റപത്രത്തിൽ പേരുള്ളവർ ഇപ്പോൾ ജാമ്യം നേടി പുറത്തു നടക്കുകയാണെന്നും കുന്ദ്ര കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ പറയുന്നു.
ഇതിനുള്ള മറുപടിയിലാണു ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാണെന്നും എല്ലാ വിഡിയോകളും അപ്ലോഡ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും മുംബൈ പൊലീസ് അറിയിച്ചത്. ജാമ്യം നേടിയാൽ കുന്ദ്ര വീണ്ടും ഇതേ കുറ്റം ചെയ്തേക്കാം. അതു നമ്മുടെ സംസ്കാരത്തെ ബാധിക്കും. സമൂഹത്തിനു തെറ്റായ സന്ദേശം നൽകും. േ
കസിലെ പ്രതിയും ഇപ്പോൾ ഒളിവിൽ കഴിയുകയും ചെയ്യുന്ന പ്രദീപ് ബക്ഷിയുടെ ബന്ധു കൂടിയാണ് കുന്ദ്ര. അതിനാൽ കുന്ദ്ര പുറത്തുവന്നാൽ ഇരുവരും തമ്മിൽ ബന്ധപ്പെടാനും ബക്ഷിയെ കേസിൽനിന്നു രക്ഷിക്കാനുമുള്ള സാധ്യതയുണ്ടാകും. ബ്രിട്ടിഷ് പൗരൻ കൂടിയായ കുന്ദ്ര രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നും മുംബൈ പൊലീസ് കൂട്ടിച്ചേർത്തു.
സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടയാൾ ആയതിനാൽ ജാമ്യം ലഭിച്ചാൽ വിഡിയോകൾ ഇന്ത്യയ്ക്കു പുറത്ത് അപ്ലോഡ് ചെയ്യാനുള്ള സാധ്യതയുണ്ട്. കേസിലെ ഇരകൾ സാമ്പത്തിക പരാധീനതയിൽപ്പെട്ട സ്ത്രീകളാണ്. പ്രതി പുറത്തെത്തിയാൽ ഈ സ്ത്രീകൾ നിർണായക തെളിവുകൾ നൽകാൻ മുന്നോട്ടു വന്നെന്നിരിക്കില്ല പൊലീസ് പറയുന്നു.
അറസ്റ്റിനെ ചോദ്യം ചെയ്ത് കുന്ദ്ര സമർപ്പിച്ച ഹർജിയും സഹായി റയാൻ തോർപ്പെയുടെ ഹർജിയും ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇരുവരെയും പൊലീസ് കസ്റ്റഡിയിലും പിന്നീട് ജുഡീഷ്യൽ കസ്റ്റിഡിയിലും വിട്ടയയച്ചതു നിയമാനുസൃതമാണെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ജൂലൈ 19ന് അറസ്റ്റിലായ രാജ് കുന്ദ്ര, 23നാണ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. വിഡിയോകൾ വികാരങ്ങളെ ഉണർത്തുന്നവയാണെങ്കിലും പ്രത്യക്ഷമായി ലൈംഗികരംഗം കാണിക്കുന്നില്ലെന്ന് അവകാശപ്പെട്ടാണ് കുന്ദ്ര ഹർജി നൽകിയത്. സിആർപിസി 41എ വകുപ്പ് പ്രകാരം അറസ്റ്റിന് മുൻപ് നോട്ടിസ് നൽകുന്ന നടപടിക്രമം തന്റെ കാര്യത്തിൽ പാലിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി തന്നെ പൊലീസ് കസ്റ്റഡിയിൽ അയയ്ക്കാനുള്ള മജിസ്ട്രേട്ടിന്റെ ഉത്തരവ് റദ്ദാക്കണമെന്നും കുന്ദ്ര ആവശ്യപ്പെട്ടിരുന്നു.
'നീലച്ചിത്രമെന്ന് പൊലീസ് ആരോപിക്കുന്ന വിഡിയോകളിൽ ലൈംഗികരംഗം ചിത്രീകരിക്കുന്നില്ല. മറിച്ച് വികാരത്തെ ഉണർത്തുന്ന ഹ്രസ്വ സിനിമകളുടെ രൂപത്തിലുള്ളവയാണവ. ഇക്കാരണത്താൽ വിവരസാങ്കേതികവിദ്യ നിയമത്തിലെ സെക്ഷൻ 67 എ (ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കൽ) ചുമത്താൻ കഴിയില്ല.
ഈ മാസം 19ന് പൊലീസ് തന്റെ ഓഫിസിൽ തിരച്ചിൽ നടത്തി മൊഴി രേഖപ്പെടുത്താൻ പൊലീസ് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെട്ടു. അതുപ്രകാരം സ്റ്റേഷനിൽ എത്തിയപ്പോഴാണ് അറസ്റ്റ് നടക്കുന്നത്. അറസ്റ്റിന് ശേഷം സിആർപിസി 41 എ വകുപ്പ് പ്രകാരമുള്ള നോട്ടിസിൽ ഒപ്പിടാൻ ആവശ്യപ്പെട്ടെങ്കിലും താൻ വിസമ്മതിക്കുകയായിരുന്നുവെന്നും കുന്ദ്രയുടെ ഹർജിയിൽ പറഞ്ഞിരുന്നു.
തനിക്കെതിരെയുള്ള വകുപ്പുകൾ പ്രകാരം ഏഴ് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കില്ല. അതിനാൽ 41 എ വകുപ്പ് പ്രകാരം മുൻകൂർ നോട്ടിസ് നൽകാതെ അറസ്റ്റ് ചെയ്യുന്നത് പൂർണമായും നിയമവിരുദ്ധമാണ്. 2021 ഫെബ്രുവരിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തപ്പോൾ തന്നെ പ്രതിയായി പോലും ഉൾപ്പെടുത്തിയിട്ടില്ല. കേസിൽ ഏപ്രിലിൽ കുറ്റപത്രം സമർപ്പിച്ചതാണ്. മറ്റ് നിരവധി പ്രതികൾ ഇപ്പോൾ ജാമ്യത്തിലിറങ്ങിയതായും കുന്ദ്ര പറഞ്ഞിരുന്നു. എന്നാൽ ഹർജി തള്ളിയ മുംബൈ ഹൈക്കോടതി ഇരുവർക്കും എതിരെ സ്വീകരിച്ച നടപടിക്രമങ്ങൾ ശരിവച്ചിരുന്നു.
ന്യൂസ് ഡെസ്ക്