- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേമത്ത് ഒരു തവണ എംഎൽഎയായിട്ടുണ്ടെന്നും വേറെ ബന്ധമൊന്നുമില്ലെന്നും രാജഗോപാൽ! കല്ലെറിഞ്ഞത് ബിജെപിക്കാരാണെന്ന് മുരളീധരൻ പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യം ഉണ്ടായിരിക്കുമെന്നും മറുപടി; ഇത് സീറ്റ് നൽകാത്തതിലുള്ള പ്രതികാരമോ? രാജഗോപാലിന്റെ വാക്കുകൾ പരിവാറിനെ ചൊടിപ്പിക്കുമ്പോൾ
തിരുവനന്തപുരം: നേമവുമായി ഒ രാജഗോപാലിന് ഒരു ബന്ധവുമില്ല! ഇത് കേട്ട് ഞെട്ടുകയാണ് ബിജെപിക്കാർ. നേമത്ത് ഒരു തവണ എംഎൽഎയായിട്ടുണ്ടെന്നും വേറെ ബന്ധമൊന്നുമില്ലെന്നും ഒ. രാജഗോപാൽ എംഎൽഎയുടെ പ്രതികരണം ബിജെപിയിൽ തന്നെ ചർച്ചയാവുകയാണ്. നേരത്തെ കുമ്മനം രാജശേഖരൻ തന്റെ പിൻഗാമിയല്ലെന്നും രാജഗോപാൽ പറഞ്ഞതു വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് രാജഗോപാലിന്റെ പുതിയ പ്രസ്താവന.
നേമത്തെ തിരഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന ചോദ്യത്തിനായിരുന്നു രാജഗോപാലിന്റെ മറുപടി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് ബിജെപിയെയാണ്. രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്ന സാഹചര്യത്തിൽ മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതായും മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നേമത്ത് കെ.മുരളീധരന്റെ വാഹനത്തിന് നേരേ കല്ലെറിഞ്ഞത് സംബന്ധിച്ച ചോദ്യത്തിന് അത് ശരിയായ ഏർപ്പാടല്ലെന്നായിരുന്നു രാജഗോപാലിന്റെ മറുപടി. ആക്രമണം നടത്തിയത് ബിജെപി പ്രവർത്തകരാണെന്ന് അവർ പറയുന്നതല്ലേ എന്നും അദ്ദേഹം ചോദിച്ചു.
പരാജയഭീതി കൊണ്ടാണ് ബിജെപി ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് മുരളീധരൻ ആരോപിച്ചല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യമുണ്ടായിരിക്കുമെന്നും രാജഗോപാൽ പറഞ്ഞു. നേമത്തെ ബിജെപിയുടെ സിറ്റിങ് എംഎൽഎയാണ് രാജഗോപാൽ. ഇത്തവണ ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് നേമം. എന്നാൽ പ്രചരണത്തിൽ പോലും രാജഗോപാൽ സജീവ സാന്നിധ്യമായിരുന്നില്ല. പോസ്റ്ററുകളിൽ നിന്നും രാജഗോപാലിനെ ബിജെപി കഴിയുന്നത്ര ഒഴിവാക്കുകയും ചെയ്തു.
നേമം സീറ്റിൽ മത്സരിക്കാൻ രാജഗോപാലിന് ബിജെപി അവസരം നൽകാത്തതാണ് ഇത്തരം പ്രസ്താവനകൾക്ക് കാരണമെന്ന് കരുതുന്നവരുമുണ്ട്. രാജഗോപാലിന് 93 വയസ്സായി. ഈ സാഹചര്യത്തിലാണ് സിറ്റിങ് എംഎൽഎയെ സ്ഥാനാർത്ഥിയാക്കാതെ മാറ്റിയത്. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് പലാവർത്തി രാജഗോപാൽ പറഞ്ഞിരുന്നു. എന്നാൽ ഇത്തവണ സീറ്റ് നിർണ്ണയത്തിൽ ഒരിക്കൽ പോലും രാജഗോപാലിനെ ബിജെപി പരിഗണിച്ചില്ല.
നിയമസഭയിൽ എംഎൽഎ എന്ന നിലയിലും രാജഗോപാൽ പലവട്ടം തലവേദനയായി. നിയമസഭയിൽ ബിജെപി നയത്തെ ഒ രാജഗോപാൽ തള്ളി പല വട്ടം സഭയിൽ തള്ളി പറഞ്ഞു. പൗരത്വ നിയമത്തിലും വിമാനത്താവള കൈമാറ്റത്തിലും എടുത്ത അതേ സമീപനം രാജഗോപാൽ കർഷക ബില്ലിലെ പ്രമേയത്തിലും തുടർന്നു. രാമനും കൃഷ്ണനും ചേർന്ന ശ്രീരാമകൃഷ്ണന് സ്പീക്കർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് തുടങ്ങിയ ഇടത് താൽപ്പര്യം സഭയിൽ രാജഗോപാൽ അവസാന വർഷവും തുടർന്നു. കർഷക പ്രമേയത്തിൽ പരസ്യമായി തന്നെ രാജഗോപാൽ നിലപാടും വിശദീകരിച്ചു.
കർഷക സമരം തന്നെ അനാവശ്യമെന്നായിരുന്നു കേരളത്തിലും ബിജെപി നേതാക്കൾ വാദിച്ചിരുന്നത്. എന്നാൽ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ എതിർത്തില്ലെന്ന് ഒ.രാജഗോപാൽ പരസ്യമായി പറഞ്ഞത് ഏറെ ചർച്ചയായി. വിമാനത്താവള നടത്തിപ്പ് അദാനി എന്റർപ്രൈസസിനു കൈമാറാനുള്ള നീക്കത്തെ എല്ലാ അർത്ഥത്തിലും പിന്തുണയ്ക്കുന്നത് ബിജെപിയാണ്. വികസനത്തിന് ഇത് അനിവാര്യതയാണെന്ന് ബിജെപി പറയുന്നു. എന്നാൽ നിയമസഭയിൽ ചർച്ച വന്നപ്പോൾ പാർട്ടിയുടെ ഏക അംഗത്തിന്റെ നിലപാട് വിചിത്രമായിരുന്നു. കേന്ദ്ര നീക്കത്തിനെതിരായ പ്രമേയത്തെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലെന്ന് രാജഗോപാൽ പറയുന്നു. അതുകൊണ്ട് കൂടിയാണ് ഏകകണ്‌ഠേന പ്രമേയം നിയമസഭ പാസാക്കിയതും. മുമ്പും സമാനമായ വിവാദങ്ങൾ രാജഗോപാലുമായി ബന്ധപ്പെട്ടുയർന്നിട്ടുണ്ട്. പാർട്ടിക്ക് അപ്പുറം സ്വന്തം പ്രതിച്ഛായയാണ് രാജഗോപാൽ എന്നും നിയമസഭയിൽ പ്രാധാന്യത്തോടെ ഉയർത്തിയത്.
നിയമസഭയിലെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് രാജഗോപാൽ വിട്ടുനിൽക്കുകയും ചെയ്തിരുന്നു.പൗരത്വ ഭേദഗതിയിലും കേരള നിയമസഭയിൽ രാജഗോപാൽ പ്രമേയത്തെ എതിർത്തുവെന്ന പൊതു ചിത്രമാണ് പുറത്തുണ്ടായിരുന്നത്. എന്നാൽ പ്രമേയം പാസായത് ഏകകണ്ഠമായാണെന്ന് ധനമന്ത്രി തോമസ് ഐസക് ട്വിറ്ററിൽ കുറിച്ചു. ഇത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി റി ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് സഭാ രേഖകൾ പലരും പരിശോധിച്ചത്. ഇതിൽ രാജഗോപാലിന്റെ എതിർപ്പുണ്ടായിരുന്നില്ല. ഇത് ബിജെപി ദേശീയ നേതൃത്വത്തേയും ചൊടിപ്പിച്ചു. കേരള കൗമുദിയിലെ അഭിമുഖത്തോടെ താൻ മനപ്പൂർവ്വം കൈയുയർത്താത്തതാണെന്ന് രാജഗോപാൽ സമ്മതിക്കുകയും ചെയ്തു. അത്തരത്തിൽ ബിജെപിയെ പലവട്ടം സഭയിൽ രാജഗോപാൽ കൈവിട്ടു. ഇപ്പോൾ നേമത്തേയും.
മറുനാടന് മലയാളി ബ്യൂറോ