രാജകുമാരി: ജെസ്‌നയ്ക്കു പിന്നാലെ ഒരു പെൺകുട്ടിയെ കൂടി കാണാതായെന്ന വാർത്ത ആശങ്കയോടെയാണ് ചർച്ച ചെയ്തത്. എന്നാൽ പന്നിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ടെന്നു കരുതിയ പെൺകുട്ടി കൊടൈക്കനാലിലെ ബന്ധുവീട്ടിൽ എത്തിയതായി വിവരം പൊലീസിന് ലഭിച്ചു. ഇതോടെ ആശങ്ക അകലുകയാണ്.

പൂപ്പാറ ലക്ഷംവീട് കോളനിയിലെ സെൽവിയുടെ മകൾ പുഷ്പവല്ലി(14)ക്കായി പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും പുഴയിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് തമിഴ്‌നാട്ടിലെ ബന്ധുവീട്ടിൽ സുരക്ഷിതമായി എത്തിയെന്ന് അമ്മാവൻ വിളിച്ചറിയിച്ചത്. ടൗണിനു സമീപത്തെ കോളനിയിൽ വർഷങ്ങളായി അമ്മയും മകളും തനിച്ചാണു താമസം. പഠനം നിർത്തിയ കുട്ടി അമ്മയ്‌ക്കൊപ്പം തോട്ടത്തിൽ പണിക്ക് പോകുകയാണ്. കഴിഞ്ഞ ദിവസം രാവിലെ അഞ്ചിന് അമ്മ ഉണർന്നപ്പോൾ മകളെ വീട്ടിൽ കണ്ടില്ല. രാവിലെ 5.30 ന് ശൗചാലയത്തിൽ പോയ പുഷ്പവല്ലിയെ കാണാതായത് ആശങ്കയുമായി.

രാവിലെ ഉണർന്നപ്പോൾ മകളെ കണ്ടില്ല. എന്നാൽ പ്രാഥമികാവാശ്യങ്ങൾക്കായി പുഴക്കരയിലേക്ക് പോയിരിക്കുമെന്ന് കരുതി വീട്ടിലെ ജോലികൾ അമ്മ തുടർന്നു. എന്നാൽ ഏറെനേരം കഴിഞ്ഞിട്ടും മകൾ മടങ്ങിയെത്തിയില്ല. ഇതോടെയാണ് അന്വേഷണം നടത്തിയത്. ഇതിനിടെയിൽ കുട്ടിയുടെ ചെരിപ്പുകൾ പുഴക്കരയിൽ കിടക്കുന്നത് കണ്ടു. ഇതോടെ ആശങ്ക ഇരട്ടിച്ചു. തുടർന്ന് ഇവർ സമീപവാസികളെ വിവരമറിയിച്ചു. എല്ലാവരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആനയിറങ്കൽ ഡാം കവിഞ്ഞൊഴുകുന്നതിനാൽ നീരൊഴുക്ക് ശക്തമാണ്. വെള്ളത്തിലിറങ്ങിയ കുട്ടി അബദ്ധത്തിൽ ഒഴുക്കിൽപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ എല്ലാവരും എത്തി.

ശാന്തൻപാറ പൊലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും പെൺകുട്ടിയെ പുഴയിറമ്പിലോ ടൗണിലോ കണ്ടവർ ഉണ്ടായിരുന്നില്ല. കുട്ടിയുടെ ചിത്രവും തിരിച്ചറിയൽ രേഖകളും ഇല്ലാതിരുന്നത് അറിയിപ്പ് നൽകാനും തടസമായി. ഇതിനിടെ നാട്ടുകാരിൽ ചിലർ കുത്തൊഴുക്ക് അവഗണിച്ച് പുഴയിലിറങ്ങി തെരച്ചിൽ ആരംഭിച്ചു. വൈകാതെ നെടുങ്കണ്ടം ഫയർഫോഴ്‌സ് യൂണിറ്റും എത്തിച്ചേർന്നു.ആനയിറങ്കൽ ഡാമിനു ഷട്ടറുകൾ ഇല്ലാത്തതിനാൽ പുഴയിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു.

ഇതിനിടെയാണ് കുട്ടി സുരക്ഷിതയായി കൊടൈക്കനാലിൽ എത്തിയെന്ന വിവരം ഉച്ചയ്ക്ക് പന്ത്രണ്ടോടെ എത്തിയത്. അമ്മയുമായി വഴക്കുണ്ടായതിനെത്തുടർന്ന് വീടുവിട്ടിറങ്ങുകയും തെറ്റിദ്ധരിപ്പിക്കാനായി ചെരിപ്പുകൾ പുഴക്കരയിൽ ഊരിവച്ച ശേഷം ടൗണിലെത്തി തമിഴ്‌നാട്ടിലേക്കുള്ള ബസിൽ കൊടൈക്കനാലിനു പോരുകയായിരുന്നെന്നും കുട്ടി ബന്ധുവിനോട് പറഞ്ഞു.