- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്ടിമുടി ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചതായി ജില്ലാ കളക്ടർ; ഇനി കണ്ടെത്താനുള്ളത് അഞ്ച് പേരെ; പ്രദേശത്ത് തുടരുന്ന മഴയും പുഴയിലെ ജലനിരപ്പുയർന്നതും തെരച്ചിലിന് തടസമായി; രാജമലയിൽ കണ്ടെത്തിയത് 65 മൃതദേഹങ്ങൾ
മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചതായി ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു. അഞ്ച് പേരെ കൂടിയാണ് ഇനി കണ്ടെതത്താനുള്ളത്. പ്രദേശത്ത് തുടരുന്ന മഴയും പുഴയിലെ ജലനിരപ്പുയർന്നതും തെരച്ചിലിന് തടസമായിരിക്കുകയാണ്. കാലാവസ്ഥ അനുകൂലമാകുകയാണെങ്കിൽ നാട്ടുകാരുടെ സഹകരണത്തോടെ തെരച്ചിൽ പുനരാരംഭിക്കും. ഇതുവരെ 65 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മഴയും മഞ്ഞും മൂലം കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഉച്ചയോടെ തെരച്ചിൽ നിർത്തേണ്ട സ്ഥിതിയായിരുന്നു. ഇന്നലെ പെട്ടിമുടിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ഭൂതക്കുഴി വനമേഖലയിലെ പുഴയോരം കേന്ദ്രകരിച്ചായിരുന്നു പ്രധാനമായും തെരച്ചിൽ നടന്നത്. എന്നാൽ ആരെയും കണ്ടെത്താനായില്ല. കാണാതായവരുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച സ്ഥലങ്ങളും പൂർണമായും പരിശോധന പൂർത്തിയാക്കിയാണ് തിരച്ചിൽ അവസാനിപ്പിച്ചത്.
ദിനേഷ് കുമാർ (20), റാണി (44), പ്രീയദർശനി (7), കസ്തുരി (26), കാർത്തിക (21) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഈ മാസം ആറിന് രാത്രി 11നാണ് രാജമലയ്ക്ക് സമീപത്തെ പെട്ടിമുടിയിൽ വൻ ഉരുൾപൊട്ടലുണ്ടായത്. മേഘ വിസ്ഫോടനമാണ് കനത്ത മഴക്ക് കാരണമായതെന്നാണ് വിദഗ്ധരുടെ നിഗമനം.