- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധി ഭവന് കൊടുത്തത് വെറും 25 ലക്ഷം; വസ്ത്ര മുതതാളിക്ക് മൂന്നിരട്ടിയിൽ അധികവും; ഏലിയാസ് ജോർജ് ആവശ്യപ്പെട്ട് മെട്രോയ്ക്ക് വേണ്ടി നിയമപ്രകാരമുള്ള സ്ഥലം ഏറ്റെടുക്കൽ; ഫോഴ്സ് ഉപയോഗിക്കാതെ മുതലാളിക്ക് സെന്റിന് 80 ലക്ഷം നൽകി ഒത്തുതീർപ്പുണ്ടാക്കിയത് അസ്വാഭാവികം; രാജമാണിക്യത്തെ ശിമാട്ടി ഇടപാട് വെട്ടിലാക്കും
കൊച്ചി: മെട്രോ പദ്ധതിക്ക് വേണ്ടി വസ്ത്ര വ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ സ്ഥലം സെന്റിന് 80 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുന്നതിലെ അഴിമതിയിൽ ഐഎഎസുകാരനായ രാജമാണിക്യം കുടുങ്ങും. മെട്രോ നിർമ്മാണത്തിനായി ശീമാട്ടി വിട്ടുനൽകിയ 32 സെന്റ് ഭൂമിയിൽ പുറമ്പോക്കുഭൂമി ഉണ്ടോയെന്ന് അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ജില്ലാ ഭരണകൂടം ശീമാട്ടിക്ക് മാത്രമായി സെന്റിന് 80 ലക്ഷം രൂപ വില നിശ്ചയിച്ചതിൽ അഴിമതിയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണത്തിൽ തുടരന്വേഷണത്തിന് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. മെട്രോ സ്ഥലമേറ്റെടുപ്പിന്റെ വ്യവസ്ഥകളിൽ ശീമാട്ടിക്ക് മാത്രമായി ഇളവുവരുത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം. കൊച്ചി മെട്രൊക്കായി എറണാകുളം കച്ചേരിപ്പടിയിൽ ശീമാട്ടിയുടെ സ്ഥലം സെന്റിന് 80 ലക്ഷം രൂപ നൽകി ഏറ്റെടുത്തു എന്നതായിരുന്നു പരാതി. ഇതിന് തൊട്ടടുത്തുള്ള ഗാന്ധിഭവന്റെ സ്ഥലത്തിന് സെന്റിന് നൽകിയത് 25 ലക്ഷം രൂപയുമായിരുന്നു. ബാനർജി റോഡിന്റെ ഒരേ വശത്ത് സ്ഥിതി ചെയ്യുന്ന ഈ രണ്ട് സ്ഥലങ്ങൾക്കും വില നിശ്ചയിക്കാൻ രണ്ടു മാനദണ്ഡങ്ങളാണ് സ്വീകരിച്ചതും നേരത്തെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു
മെട്രോ നിർമ്മാണത്തിനായി കൊച്ചി മാധവ ഫാർമസി ജംക്ഷനിലെ ശീമാട്ടിയുടെ ഭൂമി പിടിച്ചെടുക്കുന്നതിൽ പ്രതിസന്ധി നിലനിന്നിരുന്നു. ഭൂമി വിട്ട് തരാൻ ശീമാട്ടി ആദ്യം തയ്യാറായിരുന്നില്ല. എന്നാൽ സാധാരണക്കാരുടെ സ്ഥലങ്ങൾ ഏറ്റെടുക്കുകയും ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കാൻ മടികാണിക്കുകയും ചെയ്ത സർക്കാരിന്റെ നിലപാടിനെതിരെ പ്രതിഷധമുയർന്നു. സ്ഥലം വിട്ടുകൊടുക്കാതെ ജനവിരുദ്ധനയം സ്വീകരിച്ചിരുന്ന ശീമാട്ടിക്കെതിരെ സോഷ്യൽ മീഡിയകളിൽ ഉയർന്ന വൻ പ്രതിഷേധങ്ങളെ തുടർന്ന് സ്ഥലം വിട്ടുകൊടുക്കാൻ ശീമാട്ടി ഉടമ ബീന കണ്ണൻ തയ്യാറാവുകയായിരുന്നു.ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം ബിനാ കണ്ണനുമായി ചർച്ച നടത്തിയശേഷമാണ് അവർ സമ്മതപത്രം നൽകിയത്. ആലുവ മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള 16 കിലോമീറ്റർ സ്ഥലത്ത് ശീമാട്ടിയുടെ 32 സെന്റ് സ്ഥലമാണ് വിട്ട് കിട്ടാനുണ്ടായിരുന്നത്.
പരസ്പര ചർച്ചകൾ ഫലവത്താകാത്തതിനെത്തുടർന്നാണ് ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നടപടിയെടുത്തത്. 2014 നവംബർ 13 ന് ശീമാട്ടിയുമായി ഇനി ഉഭയകക്ഷി ചർച്ചകൾക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കി കെ.എം.ആർ.എൽ പിന്മാറിയിരുന്നു. വസ്തു ബലമായി ഏറ്റെടുത്തു നൽകണമെന്ന് കാണിച്ച് ജില്ലാ കലക്ടർ എം.ജി രാജമാണിക്യത്തിന് അന്നത്തെ കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ് നിർദ്ദേശവും നൽകി. എന്നാൽ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനുള്ള ശ്രമം ജില്ലാ ഭരണകൂടം തുടർന്നു. മൂന്നുമാസത്തെ ചർച്ചകൾ കൊണ്ടും ഫലമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് സ്ഥലം വിട്ടുനൽകാൻ ഒരുമാസത്തെ സമയം അനുവദിച്ച് ജില്ലാ ഭരണകൂടം ശീമാട്ടിക്ക് നോട്ടീസ് നൽകിയത്.
എന്നാൽ മുൻ നിലപാടുകളിൽ ഉറച്ചുനിന്ന ശീമാട്ടി മാനേജ്മെന്റ് സ്ഥലം സ്വമേധയാ വിട്ടുനൽകാൻ തയാറായില്ല. ഒരുമാസത്തെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഭൂമി ബലമായി ഏറ്റെടുക്കുമെന്ന് കലക്ടർ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ശീമാട്ടി മാനേജ്മെന്റ് വഴങ്ങിയത്. എം.ജി റോഡിലെ 32 സെന്റ് സ്ഥലം ഏറ്റെടുത്ത ഇടപാടിൽ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ബാബുവാണ് വിജിലൻസ് കോടതിയെ സമീപിച്ചത്. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ ശീമാട്ടിക്കു വേണ്ടി അധികൃതർ വഴി വിട്ടു പ്രവർത്തിച്ചു എന്നാണു ആരോപണം.
ഏറ്റെടുക്കുന്ന ഓരോ സെന്റ് ഭൂമിക്കും 80 ലക്ഷം രൂപ വീതം നഷ്ട പരിഹാരമായി ആവശ്യപ്പെടാൻ ശീമാട്ടിക്കു നിയമപരമായ അവകാശം ഉണ്ടെന്നായിരുന്നു കരാറിൽ ഉൾപ്പെടുത്തിയിരുന്നത്. സംസ്ഥാന തല പർചെസിങ് കമ്മിറ്റി സെന്റിന് 52 ലക്ഷം രൂപയായി നിശ്ചയിച്ച സ്ഥാനത്തായിരുന്നു ശീമാട്ടിക്കു 80 ലക്ഷം രൂപ നൽകാൻ ധാരണയായത്. ധാരണാപത്രത്തിന് എതിരായി കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് മാനേജിങ് (കെ.എം.ആർ.എൽ) രംഗത്തെത്തുകയും ധാരണാപത്രം മാറ്റിയെഴുതാൻ കലക്ടറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതെല്ലാം രാജമാണിക്യത്തിന് കരുക്കായി മാറും.
മറുനാടന് മലയാളി ബ്യൂറോ