- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശീമാട്ടിയിൽനിന്ന് ഏറ്റെടുത്ത സ്ഥലത്തെ പാർക്കിങ് മെട്രോ റെയിൽ യാത്രക്കാർക്ക് 20 രൂപ നിരക്കിലും അല്ലാത്തവർക്ക് 30 രൂപ നിരക്കിലും ഉപയോഗിക്കാമെന്നാണ് കെഎംആർഎൽ വ്യവസ്ഥ; ഇതുപ്രകാരം ശീമാട്ടിയിലെത്തുന്നവർ 30 രൂപ നിരക്കിൽ പാർക്കിങ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് വിജിലൻസ്; രാജമാണിക്യം തെറ്റുകാരനല്ലെന്ന് റിപ്പോർട്ട്
മൂവാറ്റുപുഴ: കൊച്ചി മെട്രോയ്ക്കുവേണ്ടി വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്ത വിജിലൻസ് കേസിൽ ഐഎഎസുകാരനായ എംജി രാജമാണിക്യം കുറ്റ വിമുക്തൻ. സ്ഥലം ഏറ്റെടുക്കുമ്പോൾ അന്ന് എറണാകുളം ജില്ലാ കളക്ടറായിരുന്ന എം.ജി. രാജമാണിക്യത്തിന് വീഴ്ചവന്നിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. പ്രത്യേക അന്വേഷണ സംഘം എസ്‌പി. കെ.ഇ. ബൈജുവാണ് രണ്ടാം ദ്രുതപരിശോധനാ റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. ആരോപണങ്ങളിൽ കഴമ്പില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് കോടതി അംഗീകരിച്ചാൽ രാജമാണിക്യം ആരോപണത്തിൽ നിന്നും മുക്തി നേടും.
സ്ഥലമെടുത്തതിലോ വിലനിശ്ചയിച്ചതിലോ ജില്ലാ കളക്ടർ ക്രമക്കേടുകളോ കൃത്യവിലോപമോ നടത്തിയിട്ടില്ല. പദ്ധതി നിലച്ചുപോയേക്കുമായിരുന്ന ഘട്ടത്തിൽ കൃത്യമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയാണ് കളക്ടർ ചെയ്തത്. ഏറ്റെടുക്കേണ്ട അവസാനത്തെ ഭൂമിയായതിനാൽ നിർണായക തീരുമാനങ്ങൾ എടുക്കേണ്ടിവന്നിട്ടുണ്ട്. അവ ഔദ്യോഗിക ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശീമാട്ടിയിൽനിന്ന് ഏറ്റെടുത്ത സ്ഥലത്തെ പാർക്കിങ് മെട്രോ റെയിൽ യാത്രക്കാർക്ക് 20 രൂപ നിരക്കിലും അല്ലാത്തവർക്ക് 30 രൂപ നിരക്കിലും ഉപയോഗിക്കാമെന്നാണ് കെ.എം.ആർ.എൽ. വ്യവസ്ഥ. ഇതുപ്രകാരം ശീമാട്ടിയിലെത്തുന്നവർ 30 രൂപ നിരക്കിൽ പാർക്കിങ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ശീമാട്ടിയുടെ 32 സെന്റ് ഭൂമിയാണ് സെന്റിന് 52 ലക്ഷം രൂപ വിലനൽകി ഏറ്റെടുത്തത്. ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം ഇക്കാര്യത്തിൽ ശീമാട്ടിയുമായി ഉണ്ടാക്കിയ കരാർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നു കാണിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നൽകിയത്. ഏറ്റെടുത്ത ഭൂമി കെ.എം.ആർ.എല്ലിന് പൂർണമായി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യവുമുണ്ടാക്കിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.
2013 ഫെബ്രുവരി 22-ന് നൽകിയ ഹർജിയിൽ ദ്രുതപരിശോധന നടത്തി റിപ്പോർട്ട് നൽകാൻ അന്നത്തെ മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി പി. മാധവൻ ഉത്തരവിട്ടു. ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം, ശീമാട്ടിയുടെ ഉടമകളായ ബീന കണ്ണൻ, വി. തിരുവെങ്കിടം എന്നിവരെ പ്രതികളാക്കിയാണ് ഹർജി നൽകിയത്. രാജമാണിക്യം കുറ്റക്കാരനല്ലെന്നു കാണിച്ച് അന്വേഷണ സംഘം 2016 മാർച്ച് 15-ന് റിപ്പോർട്ട് നൽകിയിരുന്നു. ഇരുകൂട്ടരുടേയും വാദം കേട്ട കോടതി 2019 ജൂലായ് 18-ന് ഈ റിപ്പോർട്ട് തള്ളി, പുനരന്വേഷണത്തിന് ഉത്തരവിട്ടു.
തുടർന്ന് വിജിലൻസ് ഡയറക്ടറുടേയും വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറിയുടേയും ഉത്തരവിന്റെ അടിസ്ഥാനത്തിൽ രണ്ടാമത് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കൊച്ചി മെട്രൊക്കായി എറണാകുളം കച്ചേരിപ്പടിയിൽ ശീമാട്ടിയുടെ സ്ഥലം സെന്റിന് 80 ലക്ഷം രൂപ നൽകി ഏറ്റെടുത്തു എന്നതായിരുന്നു പരാതി. ഇതിന് തൊട്ടടുത്തുള്ള ഗാന്ധിഭവന്റെ സ്ഥലത്തിന് സെന്റിന് നൽകിയത് 25 ലക്ഷം രൂപയുമായിരുന്നു. ബാനർജി റോഡിന്റെ ഒരേ വശത്ത് സ്ഥിതി ചെയ്യുന്ന ഈ രണ്ട് സ്ഥലങ്ങൾക്കും വില നിശ്ചയിക്കാൻ രണ്ടു മാനദണ്ഡങ്ങളാണ് സ്വീകരിച്ചതും നേരത്തെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു
മെട്രോ നിർമ്മാണത്തിനായി കൊച്ചി മാധവ ഫാർമസി ജംക്ഷനിലെ ശീമാട്ടിയുടെ ഭൂമി പിടിച്ചെടുക്കുന്നതിൽ പ്രതിസന്ധി നിലനിന്നിരുന്നു. ഭൂമി വിട്ട് തരാൻ ശീമാട്ടി ആദ്യം തയ്യാറായിരുന്നില്ല. എന്നാൽ സാധാരണക്കാരുടെ സ്ഥലങ്ങൾ ഏറ്റെടുക്കുകയും ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കാൻ മടികാണിക്കുകയും ചെയ്ത സർക്കാരിന്റെ നിലപാടിനെതിരെ പ്രതിഷധമുയർന്നു. സ്ഥലം വിട്ടുകൊടുക്കാതെ ജനവിരുദ്ധനയം സ്വീകരിച്ചിരുന്ന ശീമാട്ടിക്കെതിരെ സോഷ്യൽ മീഡിയകളിൽ ഉയർന്ന വൻ പ്രതിഷേധങ്ങളെ തുടർന്ന് സ്ഥലം വിട്ടുകൊടുക്കാൻ ശീമാട്ടി ഉടമ ബീന കണ്ണൻ തയ്യാറാവുകയായിരുന്നു.ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം ബിനാ കണ്ണനുമായി ചർച്ച നടത്തിയശേഷമാണ് അവർ സമ്മതപത്രം നൽകിയത്. ആലുവ മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള 16 കിലോമീറ്റർ സ്ഥലത്ത് ശീമാട്ടിയുടെ 32 സെന്റ് സ്ഥലമാണ് വിട്ട് കിട്ടാനുണ്ടായിരുന്നത്.
പരസ്പര ചർച്ചകൾ ഫലവത്താകാത്തതിനെത്തുടർന്നാണ് ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നടപടിയെടുത്തത്. 2014 നവംബർ 13 ന് ശീമാട്ടിയുമായി ഇനി ഉഭയകക്ഷി ചർച്ചകൾക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കി കെ.എം.ആർ.എൽ പിന്മാറിയിരുന്നു. വസ്തു ബലമായി ഏറ്റെടുത്തു നൽകണമെന്ന് കാണിച്ച് ജില്ലാ കലക്ടർ എം.ജി രാജമാണിക്യത്തിന് അന്നത്തെ കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ് നിർദ്ദേശവും നൽകി. എന്നാൽ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനുള്ള ശ്രമം ജില്ലാ ഭരണകൂടം തുടർന്നു. മൂന്നുമാസത്തെ ചർച്ചകൾ കൊണ്ടും ഫലമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് സ്ഥലം വിട്ടുനൽകാൻ ഒരുമാസത്തെ സമയം അനുവദിച്ച് ജില്ലാ ഭരണകൂടം ശീമാട്ടിക്ക് നോട്ടീസ് നൽകിയത്.
എന്നാൽ മുൻ നിലപാടുകളിൽ ഉറച്ചുനിന്ന ശീമാട്ടി മാനേജ്മെന്റ് സ്ഥലം സ്വമേധയാ വിട്ടുനൽകാൻ തയാറായില്ല. ഒരുമാസത്തെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഭൂമി ബലമായി ഏറ്റെടുക്കുമെന്ന് കലക്ടർ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ശീമാട്ടി മാനേജ്‌മെന്റ് വഴങ്ങിയത്. ഏറ്റെടുക്കുന്ന ഓരോ സെന്റ് ഭൂമിക്കും 80 ലക്ഷം രൂപ വീതം നഷ്ട പരിഹാരമായി ആവശ്യപ്പെടാൻ ശീമാട്ടിക്കു നിയമപരമായ അവകാശം ഉണ്ടെന്നായിരുന്നു കരാറിൽ ഉൾപ്പെടുത്തിയിരുന്നത്. സംസ്ഥാന തല പർചെസിങ് കമ്മിറ്റി സെന്റിന് 52 ലക്ഷം രൂപയായി നിശ്ചയിച്ച സ്ഥാനത്തായിരുന്നു ശീമാട്ടിക്കു 80 ലക്ഷം രൂപ നൽകാൻ ധാരണയായത്.
മറുനാടന് മലയാളി ബ്യൂറോ