- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്കും മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയ്ക്കും മക്കൾക്കും തലചായ്ക്കാൻ ഇടമില്ലെന്ന ചിന്ത ആകെ തകർത്തു; പെട്രോൾ ഒഴിച്ചിച്ചത് പൊലീസുകാരും മറ്റും ഇതു കണ്ടു മാറിപ്പോകുമെന്നാണു വിചാരിച്ച്; പൊലീസുകാരൻ ഓടി വന്നു സിഗരറ്റ് ലൈറ്റർ തട്ടിത്തെറിപ്പിച്ച് തീ കത്തിച്ചു: രാജന്റെ മരണ മൊഴി കണ്ടില്ലെന്ന് നടിച്ച് പൊലീസ്; പ്രതീക്ഷ അശ്വതി ജ്വാലയുടെ നിയമ പോരാട്ടത്തിൽ
തിരുവനന്തപുരം: വീട് ഒഴിപ്പിക്കൽ നടപടി തടയാൻ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധിക്കുന്നതിനിടെ അബദ്ധത്തിൽ ദേഹത്തേക്ക് തീ പടർന്ന മരിച്ച രാജൻ - അമ്പിളി ദമ്പതികളുടെ മക്കളുടെ സംരക്ഷണ ചുമതല സർക്കാർ ഏറ്റെടുത്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ നെയ്യാറ്റിൻകരയിലെ ഇവരുടെ നേരിട്ട് എത്തിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ അപ്പോഴും മകനോട് ചോദിച്ച ആ പെട്രോൾ എവിടെ നിന്നു വന്നു എന്ന ചോദ്യത്തിൽ പലതുമുണ്ട്. തീ ആളിക്കത്തിച്ച പൊലീസ് അല്ല പെട്രോൾ സൂക്ഷിച്ചവരാണ് കുറ്റക്കാരെന്ന സൂചന. ഇതിന് ഉള്ള ഉത്തരമാണ് രാജന്റെ അവസാന വാക്കുകൾ. ഈ വാക്കുകൾക്ക് നീതി ഉറപ്പിക്കാനുള്ള പോരാട്ടം ഏറ്റെടുക്കുകയാണ് അശ്വതി ജ്വാല എന്ന സാമൂഹിക പ്രവർത്തക.
അതിനിടെ ദമ്പതികൾ മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടായോ എന്ന അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. റൂറൽ എസ്പിക്കാണ് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. മനുഷ്യാവകാശ പ്രവർത്തക അശ്വതി ജ്വാലയാണു പരാതി നൽകിയത്. ഈ നിയമ പോരാട്ടത്തിലാണ് ഏക പ്രതീക്ഷ. നീതി പീഠവും ഈ ക്രൂരതയിൽ കണ്ണടച്ചാൽ പ്രതികൾ രക്ഷപ്പെടുമെന്ന് ഉറപ്പ്. സസ്പെൻഷനും വാങ്ങി അവർ വീണ്ടും ക്രൂരത കാട്ടാൻ ആറു മാസം കഴിയുമ്പോൾ തിരിച്ചെത്തും.
കുടി ഒഴിപ്പിക്കൽ നടക്കുന്നതിനിടക്ക് നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശി രാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതരമായ വീഴ്ചയാണ് പൊലീസിന്റ ഭാഗത്തു നിന്നും ഉണ്ടായത് .കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനായി എത്തിയ പൊലീസ് വിഷയത്തിന്റെ ഗൗരവം മനസിലാക്കി ഇടപെടേണ്ടിയിരുന്നു .പൗരന്റെ ജീവൻ സംരക്ഷിക്കപ്പെടേണ്ട ഉത്തരവാദിത്വം പൊലീസിന് ഉണ്ടായിരുന്നു '.വീട്ടിൽ നിന്നും ഇറങ്ങേണ്ട സാഹചര്യത്തിൽ സമനില തെറ്റി ചെയ്തു പോയതാണെന്ന്' മരണ മൊഴി .സംഭവം കഴിഞ്ഞു ഒരുമണിക്കൂറിനിടയിൽ സ്റ്റേ ഓർഡർ വന്നിരുന്നു .ഈ വിഷയങ്ങൾ ചൂണ്ടികാണിച്ചു ജ്വാല മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി-ഇതാണ് നിയമ പോരാട്ടത്തിൽ അശ്വതി ജ്വാലയ്ക്ക് പറയാനുള്ളത്.
രാജന്റെ മരണ മൊഴിയിൽ തന്നെ സംഭവിച്ചത് എന്തെന്ന് വ്യക്തമാണ്. ''ആ സമയത്തു സമനില തെറ്റിയാണു നിന്നത്. ഒരു പൊലീസുകാരനും ഒരു വനിതാ പൊലീസും കോടതി കമ്മിഷനുമായിട്ടാണു വന്നത്. ചോറു വിളമ്പി വച്ചിരുന്നു. അതു കഴിക്കാൻ പോലും സമ്മതിച്ചില്ല. സാധനങ്ങൾ എല്ലാം എടുത്തോണ്ടു പെട്ടെന്ന് ഇറങ്ങെടാ എന്നു പൊലീസ് വളരെ ക്രൂരമായി പറഞ്ഞു. എനിക്കും മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയ്ക്കും മക്കൾക്കും തലചായ്ക്കാൻ ഇടമില്ലെന്ന ചിന്ത ആകെ തകർത്തു. അവളെയും ചേർത്തു പിടിച്ച് പെട്രോൾ ഒഴിച്ചു. പൊലീസുകാരും മറ്റും ഇതു കണ്ടു മാറിപ്പോകുമെന്നാണു വിചാരിച്ചത്. എന്നാൽ പൊലീസുകാരൻ ഓടി വന്നു സിഗരറ്റ് ലൈറ്റർ തട്ടിത്തെറിപ്പിച്ചതാണു തീ കത്താൻ കാരണം. ബാക്കിയൊന്നും ഓർമയില്ല'' വെൺപകലിനു സമീപം പോങ്ങിൽ ലക്ഷംവീട് കോളനിയിൽ രാജൻ, മരിക്കുന്നതിനു തൊട്ടു മുൻപു മാധ്യമങ്ങളോടു പറഞ്ഞതാണിത്.
എങ്ങനെയും തന്റെ സ്വത്തും വീടും തട്ടിയെടുക്കാൻ അവർ വരുമെന്ന് രാജൻ തിരിച്ചറിഞ്ഞിരുന്നു. അത് തടയാനുള്ള നാടകത്തിന് കരുതിയതായിരുന്നു പെട്രോൾ. പക്ഷേ ആ നാടകത്തെ ക്ലൈമാക്സിൽ ജീവിത ദുഃഖമാക്കിയത് പൊലീസായിരുന്നു. അവരെ ഇനിയും പുറത്താക്കനോ കൊലക്കേസിൽ അറസ്റ്റു ചെയ്യാനോ പൊലീസ് തയ്യാറല്ലെന്നതാണ് വസ്തുത. അതിന് വേണ്ടിയാണ് പെട്രോളിൽ കടന്നു പിടിത്തം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു രാജൻ മാധ്യമങ്ങളോടു സംസാരിച്ചത്. ഈ മാസം 22 ന് കുടിയൊഴിപ്പിക്കലിനിടെ തീ കൊളുത്തി ആത്മഹത്യാ ഭീഷണി മുഴക്കിയ രാജൻ (45), ഭാര്യ അമ്പിളി (36) എന്നിവർ തിങ്കളാഴ്ചയാണു മരണത്തിനു കീഴടങ്ങിയത്. ഇതോടെ ഇവരുടെ രണ്ട് ആൺ മക്കൾ അനാഥരായി.
ഇവരുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. അപ്പോഴും കുറ്റം ചെയ്ത പൊലീസിനെതിരെ മന്ത്രിയും പ്രതികരിക്കുന്നില്ല. ഭൂമി ഒഴിപ്പിക്കാനുള്ള കോടതി വിധിക്കെതിരെ മരിച്ചു പോയ രാജൻ അപ്പീൽ പോയിരുന്നു. അപ്പീലിൽ തീരുമാനമാകും വരെ കാത്തിരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. അതാണ് ഈ സംഭവങ്ങൾക്ക് കാരണമായത്. അതിൽ എവിടെയൊക്കെ വീഴ്ചയുണ്ടായി, പൊലീസിന് വീഴ്ചയുണ്ടായോ എന്നതെല്ലാം പരിശോധിക്കും. ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കും. പട്ടികജാതിക്കാരുടെ ഭൂമി അനധികൃതമായി കൈയേറാനുള്ള ശ്രമം സർക്കാർ തടയും - കുട്ടികളെ സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞത് ഇങ്ങനെയാണ്.
മാതാപിതാക്കളുടെ മരണത്തെ തുടർന്ന് അനാഥരായ കുട്ടികളുടെ സംരക്ഷണ ചുമതല സർക്കാർ ഏറ്റെടുക്കും. അവരുടെ ആഗ്രഹം പോലെ തുടർപഠനത്തിന് അവസരമൊരുക്കും. അവർക്ക് വീട് നൽകാൻ ആവശ്യമായ നടപടിയും സർക്കാർ എടുക്കും. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ കുറ്റവാളികളായ എല്ലാവർക്കുമെതിരെ നടപടിയുണ്ടാവും. ഈ പ്രശ്നങ്ങൾക്കെല്ലാം കാരണക്കാരിയായ ഒരു സ്ത്രീയുണ്ട് അവരെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയും വേണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട് - കടകംപള്ളി പറയുന്നു. എന്നാൽ ഈ മരണത്തിന് ഉത്തരവാദി ആ സ്ത്രീയായിരുന്നില്ല. സ്ത്രീയ്ക്ക് വേണ്ടി ഹൈക്കോടതിയിലെ സ്റ്റേക്ക് പോലും കാത്ത് നിൽക്കാതെ അടിയന്തര ഇടപെടലിന് എത്തിയ പൊലീസായിരുന്നു.
കോടതി വിധി നടപ്പാക്കാൻ പൊലീസ് എത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് പൊലീസിനെ പ്രതിരോധത്തിലായി. ഉച്ചയൂണ് കഴിച്ചുകൊണ്ടിരുന്ന രാജനെ ഭീഷണിപ്പെടുത്തി വീടു വിട്ടിറങ്ങാൻ ആവശ്യപ്പെടുന്നതായിരുന്നു ദൃശ്യം. രാജന്റെ മക്കളാണ് ഇവ പകർത്തിയത്. അല്ലാത്ത പക്ഷം ഇതിനെ ഒരു ജപ്തിക്കിടയിലെ ആത്മഹത്യയാക്കി മാറ്റുമായിരുന്നു പൊലീസ്. അതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു പച്ചയ്ക്ക് കത്തിച്ചവർ തന്നെ രാജനേയും അമ്പിളിയേയും പ്രതിയാക്കി ആത്മഹത്യാ ശ്രമത്തിന് കേസെടുത്തതും. അങ്ങനെ കേസെടുത്തവർ നടന്നത് പൊലീസ് നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞിട്ടും മറ്റൊരു കേസ് എടുക്കുന്നില്ല.
അതിനിടെ മക്കൾക്കു സംരക്ഷണം നൽകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. അംഗങ്ങളായ കെ. നസീർ, ഫാ. ഫിലിപ്പ് പരക്കാട്ട്, സി. വിജയകുമാർ എന്നിവർ ലക്ഷംവീട് കോളനി സന്ദർശിച്ചു.
മറുനാടന് മലയാളി ബ്യൂറോ