പാല: പൊക്ക കുറവാണ് ഈ സ്ഥാനാർത്ഥിയുടെ കരുത്ത്. വനിതാ സംവരണം മൂലം സിറ്റിങ് വാർഡ് പോയാലും കുഴപ്പമില്ല. അടുത്ത് എവിടെയെങ്കിലും മത്സരിക്കും. മുത്തോലിയിൽ അത്രയ്ക്ക് ജനകീയനാണ് ഈ കുഞ്ഞൻ സ്ഥാനാർത്ഥി. സംസ്ഥാനത്തെ ഏറ്റവും ഉയരം കുറഞ്ഞ സ്ഥാനാർത്ഥിയും രാജൻ മുണ്ടമറ്റമാകും.

കഷ്ടിച്ച് നാലടിയോളം മാത്രമാണ് രാജന്റെ ഉയരം. എന്നാൽ വോട്ടിന്റെ കാര്യത്തിൽ അതല്ല സ്ഥിതി. എവിടെ മത്സരിച്ചാലും വമ്പൻ ഭൂരിപക്ഷത്തിൽ ഈ ജനപ്രതിനിധി ജയിച്ചു കയറും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷത്തോടെയാണ് ഇദ്ദേഹം പഞ്ചായത്ത് മെമ്പറായത്.

2002 മുതൽ മുതൽ 2015 വരെ മുത്തോലി പഞ്ചായത്ത് മെമ്പറായി തുടരുന്ന രാജൻ മുണ്ടമറ്റം 2010 മുതൽ 12 വരെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് പ്രതിനിധിയാണ് ഈ 43 കാരൻ. അച്ഛൻ രാമകൃഷ്ണൻ മുണ്ടമറ്റം 2000-2003 കാലഘട്ടത്തിൽ മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു.

അച്ഛന്റെ വഴിയെ പൊതുരംഗത്തേയ്ക്ക് ഇറങ്ങിയ രാജൻ കഴിഞ്ഞ തവണ മുത്തോലി പഞ്ചായത്ത് അഞ്ചാം വാർഡായ പുലിയന്നൂർ സൗത്തിനെയാണ് പ്രതിനിധീകരിച്ചിരുന്നത്. ഇത്തവണ നാലാം വാർഡിലാണ് ജനവിധി തേടുന്നത്. എവിടെ നിന്നാലും ജയിക്കും. പഞ്ചായത്തിലൂട നീളം രാജന് പിന്തുണയുണ്ട്. ജനസദസ്സുകളിൽ പൊക്കക്കുറവിന്റെ പേരിൽ ശ്രദ്ധിക്കപ്പെടുന്ന ഈ ജനപ്രതിനിധി, പാർട്ടി ലീഡർ കെ.എം മാണി ഉൾപ്പെടെയുള്ള നേതാക്കൾക്കെല്ലാം പ്രിയങ്കരനാണ്.

രാജൻ മുണ്ടമറ്റം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോൾ ആണ് പാല-കോട്ടയം ഹൈവേയിലെ മുത്തോളി പഞ്ചായത്തിൽ പെട്ട ഭാഗങ്ങളിൽ ഇരുവശവും പൂന്തോട്ടം വച്ചു പിടിപ്പിച്ചു. ഇത് ഏറെ പ്രശംസ നേടിയിരുന്നു

രാജനോട് ഉയരക്കുറവിനെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ ഉടൻ വരും കുഞ്ഞുണ്ണിക്കവിതകൊണ്ടുള്ള ആ മറുപടി; പൊക്കമില്ലായ്മയാണെന്റെ പൊക്കം...! ഭാര്യ സീജയ്ക്കും ഇരട്ടക്കുട്ടികളായ കണ്ണനും ലക്ഷ്മിക്കുമൊപ്പം പുലിയന്നൂർ മുണ്ടമറ്റത്താണ് താമസം.

പുലിയന്നൂർ വാർഡിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി വിനോദ് പേരൂരും ബിജെപി സ്ഥാനാർത്ഥിയായി അനിൽനാഥ് തയ്യിലും രംഗത്തുണ്ട്.ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. എങ്കിലും തന്റെ ജയത്തിൽ രാജൻ മുണ്ടമറ്റത്തിന് ഒരു സംശയവുമില്ല.