രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് വിവാഹമോചിതയാകാന്നുവെന്ന് വാർത്ത കഴിഞ്ഞ ദിവസമാണ് പുറം ലേകം അറിഞ്ഞത്.  പ്രചരിക്കുന്ന വാർത്തകൾ സ്ഥിരീകരിച്ച് സൗന്ദര്യ രംഗത്തെത്തി. ട്വീറ്റിലൂടെയാണ് സൗന്ദര്യ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ശരിയാണെന്നും ഞങ്ങൾ കഴിഞ്ഞ ഒരു വർഷമായി വേർപിരിഞ്ഞ് കഴിയുകയാണെന്നും സൗന്ദര്യ പറഞ്ഞു. 'വിവാഹ മോചനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എന്റെ കുടുംബത്തിന്റെ സ്വകാര്യതയെ ബഹുമാനിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.സൗന്ദര്യ ട്വീറ്റിലൂടെ വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് സൗന്ദര്യയും ഭർത്താവ് അശ്വിൻ രാംകുമാറും വിവാഹമോചനത്തിനായി ചെന്നൈ കുടുംബ കോടതിയിൽ ഹർജി നൽകിയെന്ന വാർത്ത വന്നുതുടങ്ങിയത്. വർഷങ്ങളായി ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പ്രശ്നപരിഹാരത്തിനായി രജനീകാന്ത് ഇടപെട്ടിരുന്നെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് രജനീകാന്ത് പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാനായി സൗന്ദര്യയുടെ വീട്ടിലെത്തിയത്. എന്നാൽ അതിലും ഫലമുണ്ടായില്ല പിന്നീട് പരസ്പര സമ്മതതോടെ വിവാഹം മോചനം നേടാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇരുവർക്കും ഒരു വയസുള്ള മകനുണ്ട്.

നാല് വർഷത്തെ പ്രണയത്തിന് ശേഷം 2010ലാണ് സൗന്ദര്യയും അശ്വിൻ രാം കുമാറും വിവാഹിതരായത്. ഗ്രാഫിക് ഡിസൈനർ ആയി കരിയർ ആരംഭിച്ച സൗന്ദര്യ അച്ഛൻ രജനിയെ നായകനാക്കി കൊച്ചടൈയാൻ എന്ന ചിത്രമൊരുക്കി സംവിധാനരംഗത്തെത്തി.