സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ പുതിയ ചിത്രം കാലയുടെ കഥയുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നു. കാലയുടെ യഥാർത്ഥ കഥ തന്റേതാണെന്ന ചെന്നൈ സ്വദേശിയായ നിർമ്മാതാവ് രാജശേഖരന്റെ പരാതിയിൽ രജനികാന്തും ടീം അംഗങ്ങളും ഫെബ്രുവരി 12ന് തങ്ങളുടെ ഭാഗം വ്യക്തമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.തിരുനെൽവേലിയിൽ നിന്ന് മുംബൈയിലെത്തി അധോലോക നായകനായിത്തീരുന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

കാല കരികാലൻ എന്ന അധോലോകനായകനെപ്പറ്റിയുള്ള കഥ താനാണ് ആദ്യമായി എഴുതിയതെന്നും എന്നാൽ ചിത്രത്തിന്റെ നിർമ്മാതാവായ ധനുഷും സംവിധായകൻ പാ രഞ്ജിത്തും ചേർന്ന് തന്റെ കഥ മോഷ്ടിക്കുകയായിരുന്നുവെന്നും രാജശേഖർ പരാതിയിൽ പറയുന്നു. രജനിയും ടീം അംഗങ്ങളും തനിക്ക് ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നൽകണമെന്നും രാജശേഖരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

മാസങ്ങൾക്ക മുൻപ് കാല തന്റെ കഥയാണെന്നും സിനിമ ടീം അത് തന്ത്രപൂർവ്വം തട്ടിയെടുക്കുകയായിരുന്നുവെന്നും കാണിച്ച് സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പർ ഓഫ് കൊമേഴ്സിനു രാജശേഖരൻ പരാതി നൽകിയിരുന്നു, എന്നാൽ ചേമ്പർ ഓഫ് കോമേഴ്സ് പരാതി തള്ളി. പിന്നീടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. പരാതി പരിശോധിച്ച കോടതി സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് രജനികാന്ത്, രഞ്ജിത്ത്, ധനുഷ്, സൗത്ത് ഇന്ത്യൻ ആക്ടേഴ്സ് ഫിലിം ആക്ടേഴ്സ് അസോസിയേഷൻ എന്നിവർക്ക് നോട്ടീസയച്ചിട്ടുണ്ട്.

ഒരാൾ സിനിമ നിർമ്മിക്കാനാഗ്രഹിക്കുന്നുണ്ടെങ്കിൽ അയാൾ തമിഴ് നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ അംഗമായിരിക്കണം.അതു പോലെ തന്നെ ചിത്രത്തിന്റെ പേര് സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പർ ഓഫ് കോമേഴ്സിലോ തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിലോ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. എന്നാൽ രാജശേഖരൻ ഇതിലൊന്നും അംഗമല്ല. അപ്പോൾ എങ്ങനെ അത്തരത്തിലൊരാൾക്ക് അവിടെ പരാതി നൽകാൻ കഴിയും. മാത്രമല്ല ഈ സിനിമയുടെ പേര് രാജശേഖരന്റെ കഥയുടെ ടൈറ്റിലിൽ നിന്നു വ്യത്യസ്തമാണ്. യാതൊരു തെളിവുകളുമില്ലാ തെയാണ് ഇത്തരത്തിലുള്ള ഒരു ആരോപണം അദ്ദേഹം ഉന്നയിക്കുന്നത്. പാ രഞ്ജിത്ത് പറഞ്ഞു.

രജനി ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ പ്രത്യേകത. ഹിന്ദി, മറാത്തി ചിത്രങ്ങളിലൂടെ പ്രശസ്തയായ അഞ്ജലി പാട്ടിൽ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്..വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ രജനിയുടെ മരുമകൻ കൂടിയായ നടൻ ധനുഷാണ് ചിത്രം നിർമ്മിക്കുന്നത്.