ചെന്നൈ: തമിഴ്‌നാട്ടിൽ നിലനിൽക്കുന്ന രാഷ്ട്രീയ ശൂന്യത നികത്താൻ തനിക്കാവുമെന്ന് സൂപ്പർസ്റ്റാർ രജനീകാന്ത്.രാഷ്ട്രീയപ്രവേശനത്തിന് ശേഷമുള്ള ആദ്യപൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. രാഷ്ട്രീയയാത്ര എളുപ്പമല്ല. പോരാട്ടങ്ങളുടെയും തടസ്സങ്ങളുടെയും പാതയാണത്. സാധാരണക്കാർക്ക് എംജിആർ നൽകിയത് പോലുള്ള സദ്ഭരണം നൽകാൻ തനിക്ക് കഴിയുമെന്നും രജനീകാന്ത് പറഞ്ഞു.

'ജയലളിത വിടവാങ്ങി. കരുണാനിധിക്ക് സുഖമില്ല. തമിഴ്‌നാടിന് ഒരു നേതാവിനെ വേണം. ഞാൻ വരും ആ ശൂന്യത നികത്തും.ദൈവം എന്റെ കൂടെയാണ്. ഇപ്പോഴത്തെ സർക്കാരും, രാഷ്ട്രീയക്കാരും ചോദിക്കുന്നത് നടന്മാർ മേക്കപ്പ് അഴിച്ചുവച്ച് രാഷ്ട്രീയക്കാരുടെ പണിയെടുക്കാൻ വരുന്നത് എന്തിനെന്നാണ്. എനിക്ക് ഇപ്പോൾ 67 വയസായി, നിങ്ങൾ നിങ്ങളുടെ ചിമതല കൃത്യാമായി നിർവ്വഹിക്കാത്തതുകൊണ്ടാണ് ഞാൻ കടന്നുവരുന്നത്.നിലവിലുള്ള രാഷ്ട്രീയ പാർട്ടികൾ എന്നെ സ്വാഗതം ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. എന്നാൽ, എന്നെയും മറ്റുള്ളവരെയും നിങ്ങൾ എന്തിനാണ് നിരുൽസാഹപ്പെടുത്തുന്നത്', രജനി ചോദിച്ചു.

കരുണാനിധി, ജി.കെ.മൂപ്പനാർ എന്നിവരുമായുള്ള അടുത്ത ബന്ധത്തിലൂടെ താൻ രാഷ്ട്രീയം ഏറെ പഠിച്ചിട്ടുണ്ട്.ഹൈക്കോടതി വിധി ലംഘിച്ച് പൊതുഗതാഗതം തടസ്സപ്പെടുത്തുന്ന വിധത്തിൽ ആരാധകർ ബാനറുകൾ സ്ഥാപിക്കരുതെന്നും താരം ആവശ്യപ്പെട്ടു.ഡോ.എംജിആർ എഡ്യൂക്കേഷണൽ ആൻഡ് റിസർച്ച് ഇൻസിറ്റിററ്യൂട്ടിൽ എംജിആറിന്റെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്തു.

ഇതിനു ശേഷം വിദ്യാർത്ഥികൾക്കൊപ്പം ചോദ്യോത്തര വേളയിലും അദ്ദേഹം പങ്കെടുത്തു. നടൻ് പ്രഭുവും അണ്ണാഡി.എം.കെയിൽ നിന്നുള്ള മുൻ ചെന്നൈ മേയറും ഉൾപ്പെടെ പ്രമുഖർ വേദിയിൽ രജനീകാന്തിനൊപ്പമുണ്ടായിരുന്നു. റോഡ് ഷോയിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ചടങ്ങിനെത്തിയത്. രജനിയുടെ ചിത്രം ആലേഖനം ചെയ്ത കൊടികളുമായാണ് ആരാധകർ റോഡ് ഷോ നടത്തിയത്. ഡിസംബർ 31നു രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനീകാന്ത് തമിഴ്‌നാട്ടിലെ 234 നിയമസഭാ സീറ്റുകളിലും തന്റെ പാർട്ടി മത്സരിക്കുമെന്ന് അറിയിച്ചിരുന്നു.

<