മിഴിലെ എതിരാളികളില്ലാത്ത സൂപ്പർതാരമാണ് രജനികാന്ത്. താരജാഡയില്ലാത്ത വന്നവഴി മറക്കാത്ത രജനിയുടെ പുതിയ ചിത്രം 2.0 തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി അദ്ദേഹം സീ ടി വിക്ക് നല്കിയ അഭിമുഖത്തിൽ ജീവിതത്തെപ്പറ്റിയും സിനിമയെപ്പറ്റിയും സംസാരിച്ചു.

ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന ചിത്രമായിരിക്കും 2.0 എന്നാണ് രജനികാന്ത് പറയുന്നത്. മികച്ച തിരക്കഥയും സാങ്കേതികത്തികവോടും കൂടി സിനിമ മികച്ച നിലവാരത്തിലെത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല തന്റെ ആദ്യ ചിത്രത്തിനു ശേഷം ഇത്രത്തോളം ആകാംക്ഷയിലുള്ളത് 2.0വിനെ കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ 40 മുതൽ 45 ശതമാനം വരെ വിഷ്വൽ എഫക്റ്റ്‌സ് ആണ്. ഞാൻ എങ്ങനെയാണ് അഭിനയിച്ചതെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്- രജനികാന്ത് പറയുന്നു.

2.0വിന്റെ ഷൂട്ടിങ് രസകരകരമായിരുന്നു. ക്ലൈമാക്‌സ് ഷൂട്ടിംഗിന്റെ സമയത്ത് ആരോഗ്യം മോശമായതു മാത്രമാണ് പ്രശ്‌നമായതെന്നും അദ്ദേഹം പറഞ്ഞു.ചിട്ടി, വസീഗരൻ, 2.0 ഈ മൂന്നുകഥാപാത്രങ്ങൾ യന്തിരൻ ആദ്യഭാഗത്തിലുമുണ്ട്. അതല്ലാതെ ആദ്യഭാഗവുമായി 2.0യ്ക്കു യാതൊരു സാമ്യവുമില്ല. വലിയൊരു മെസേജ് ഈ ചിത്രത്തിലൂടെ സംവിധായകൻ ശങ്കർ നൽകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ചിത്രത്തിൽ ഗാനങ്ങൾ വേണ്ടെന്നുപറഞ്ഞായിരുന്നു 2.0 ആരംഭിച്ചത്. പിന്നെ ഒരു ടൈറ്റിൽ സോങ് ഉൾപ്പെടുത്താമെന്ന് വിചാരിച്ചു. എന്നാൽ ടൈറ്റിൽ ഗാനത്തിലും പശ്ചാത്തല സംഗീതത്തിനും ശേഷം ഗാനങ്ങൾ വേണമെന്നു തീരുമാനിക്കുകയായിരുന്നു. അതിഗംഭീരമായ പശ്ചാത്തലസംഗീതമാണ് റഹ്മാൻ ചിത്രത്തിനായി അണിയിച്ചൊരുക്കിയിരിക്കുന്നത്.' രജനി പറഞ്ഞു.

സ്വന്തം പേരിൽ കട്ടൗട്ട് ഇറങ്ങണമെന്ന് ആദ്യകാലത്ത് സ്വപ്നം കണ്ടിട്ടുണ്ട്. എന്നാൽ സത്യമാകുമ്പോൾ വലിയ സന്തോഷം തോന്നിയിരുന്നില്ല. പലപ്പോഴും സ്വപ്നം കാണുമ്പോഴുണ്ടാകുന്ന സന്തോഷം ആ സ്വപ്നം യാഥാർഥ്യമാകുമ്പോൾ തോന്നാറില്ല.എല്ലാത്തിലും അങ്ങനെ തന്നെയാണ്. വിവാഹത്തിലും.' തമാശയായി രജനി പറഞ്ഞു.

അഭിമുഖത്തിനിടെ അവതാരക ലളിതജീവിതം നയിക്കുന്ന വ്യക്തിയെന്ന് വിശേഷിപ്പിച്ചപ്പോൾ ലളിതമായ ജീവിതം എന്നുപറയുന്നത് തെറ്റാണെന്ന് അദ്ദേഹം തിരുത്തി. ഞാൻ സഞ്ചരിക്കുന്നത് ബി.എം.ഡബ്ല്യു കാറിൽ, താമസിക്കുന്നത് പോയസ് ഗാർഡനിൽ, ഭക്ഷണം കഴിക്കാൻ പോവുന്നത് പഞ്ചനക്ഷത്ര, സപ്തനക്ഷത്ര ഹോട്ടലുകളിൽ. ഇതാണോ ലളിത ജീവിതം.' താരം ചോദിക്കുന്നു.

കരിയറിന്റെ തുടക്കകാലത്ത് പെട്ടന്നാണ് എന്നെത്തേടി പേരും പ്രശസ്തിയും എത്തുന്നത്. കണ്ടക്ടറായിരുന്ന സമയത്ത് 350 രൂപയാണ് ശമ്പളം. അവിടെ നിന്നും മൂന്നുലക്ഷവും നാലുലക്ഷവും കിട്ടുന്ന സമയത്ത് എനിക്ക് പല ചിന്തകളും ഉണ്ടായിട്ടുണ്ട്. ഈശ്വരൻ എന്നെ പ്രത്യേകം സൃഷ്ടിച്ചതാണോ പ്രത്യേക പിറവിയാണോ അങ്ങനെയുള്ള ചിന്തകൾ. അതിനു ശേഷമാണ് എല്ലാം സമയത്തിന്റെ പ്രത്യേകതയാണെന്ന ബോധ്യം വരുന്നത്. ഞാനും ഒരു സാധാരണമനുഷ്യനാണെന്ന ചിന്താഗതി വന്നുവെന്നും അദ്ദേഹം പറയുന്നു.

സിനിമ എന്ന മാധ്യമത്തിലൂടെ ഒരു ചാൻസ് ലഭിച്ചു, എന്റെ ഭാഗ്യത്തിന് എംജിആറും ശിവാജിയും അന്ന് ഇല്ല. അറുപതുകളിലാണ് ഞാൻ വന്നിരുന്നതെങ്കിൽ എം.ജി.ആറിന്റെയും ശിവാജിയുടെയും പിന്നിൽ എവിടെയെങ്കിലും ഒതുങ്ങി ഇരുന്നു പോയേനേ. എല്ലാം സമയം തന്നെയാണ്. എന്നെ സഹായിച്ച സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ അവരെല്ലാം കാരണമാണ് ഇവിടെ വന്നുനിൽക്കുന്നത്.' താരജാഡയൊന്നുമില്ലാതെ രജനി പറയുന്നു.