- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയുടെ മൻ കി ബാത്തിലൂടെ ലോക ശ്രദ്ധ നേടിയ പ്രകൃതിയുടെ ഉപാസകന് സഞ്ചരിക്കാൻ മോട്ടോർ വള്ളമെന്ന സ്വപ്നം പൂവണിഞ്ഞു; പ്രവാസി വ്യവസായി ശ്രീകുമാർ വാങ്ങി നൽകിയ മോട്ടോർ ഘടിപ്പിച്ച വള്ളം കുമരകത്തെ രാജപ്പന് കൈമാറി ബിജെപി നേതാക്കൾ; നരേന്ദ്ര മോദി പറഞ്ഞ രാജപ്പൻ ജിക്ക് ഇത് സ്വപ്ന സാക്ഷാത്ക്കാരം
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്തിലൂടെ ലോക ശ്രദ്ധ നേടിയ പ്രകൃതിയുടെ ഉപാസകൻ കുമരകത്തെ രാജപ്പന് ഇനി യന്ത്രവൽകൃത വള്ളം ഉപയോഗിച്ച് തന്റെ സ്വച്ഛ് വേമ്പനാട്ട് കായൽ സപര്യ തുടരാം. പോളിയോ ബാധിച്ച് അരയ്ക്കു താഴോട്ടു തളർന്ന കുമരകം മഞ്ചാടിക്കര നടുവിലേത്ത് വീട്ടിൽ എൻ.എസ്.രാജപ്പൻ എന്ന 72 കാരന പ്രവാസി വ്യവസായി ശ്രീകുമാർ വാങ്ങികൊടുത്തയച്ച മോട്ടോർ ഘടിപ്പിച്ച വള്ളം സമ്മാനിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം ശിവശങ്കരൻ മുഖേനെയാണ് ശ്രീകുമാർ മോട്ടോർ ഘടിപ്പിച്ച വള്ളം വാങ്ങി നൽകിയത്. വള്ളം കൈമാറുന്ന ചടങ്ങിൽ ബി.ജെപി സംസ്ഥാനനേതാവും കൊച്ചിൻ ഷിപ്പ് യാർഡ് ഡയറക്ടറുമായ ബി.രാധാകൃഷ്ണമേനോൻ ഷാൾ അണിയിച്ച് രാജപ്പനെ ആദരിച്ചു. ശിവശങ്കരൻ, ബിജെപി മേഖല പ്രസിഡണ്ട് എം കെ നസീർ ,ജില്ലാ പ്രസിഡണ്ട് അഡ്വ.നോബിൾമാത്യു, കുമരകം പഞ്ചായത്ത് അംഗങ്ങളായ പി കെ സേതു ജയകുമാർ എന്നിവരും പങ്കെടുത്തു.
‘ഞങ്ങളുടെ ഉത്തരവാദിത്തങ്ങൾ സാക്ഷാത്കരിക്കുന്ന മറ്റൊരു വാർത്ത കേരളത്തിൽനിന്നു ഞാൻ കണ്ടു. കോട്ടയത്ത് എൻ.എസ്.രാജപ്പൻ എന്ന വയോധികനായ ഭിന്നശേഷിക്കാരനുണ്ട്. ശരീരം തളർന്ന രാജപ്പനു നടക്കാൻ സാധിക്കില്ല. പക്ഷെ ശുചിത്വത്തോടുള്ള പ്രതിബദ്ധതയെ ഇതു ബാധിച്ചിട്ടില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി അദ്ദേഹം വേമ്പനാട് തടാകത്തിൽ വള്ളത്തിൽ പോയി ആളുകൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുകയാണ്. ചിന്തിക്കുക, രാജപ്പൻജിയുടെ ചിന്ത എത്ര വലുതാണെന്ന് ! രാജപ്പൻ ജിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നാമും സാധ്യമാകുന്നിടത്തെല്ലാം ശുചിത്വത്തിനു സംഭാവന നൽകണം.'– മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജപ്പനെ പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു.
പോളിയോ ബാധിച്ച് അരയ്ക്കു താഴോട്ടു തളർന്ന എൻ.എസ്.രാജപ്പൻ (72) 15 വർഷമായി വേമ്പനാട്ടു കായലിന്റെ ശുചീകരണ ‘തൊഴിലാളി'യാണ്. പോളിയോ ബാധിച്ച് ജന്മനാതന്നെ കാലുകൾ തളർന്നായിരുന്നു ജനനമെന്നു രാജപ്പൻ പറയുന്നു. അതു കാരണം സ്കൂളിൽപ്പോയി വിദ്യാഭ്യാസം നേടാനും സാധിച്ചില്ല. കുമരകത്തും പരിസരത്തുമായിട്ടായിരുന്നു ജീവിതം. കാൽവലിച്ച് കൈകുത്തി യാത്ര ചെയ്യും. 15 വർഷങ്ങൾക്കു മുൻപാണു കായലിലെ മാലിന്യങ്ങൾ വാരാൻ തീരുമാനിക്കുന്നത്. ചെറിയ വരുമാനത്തിനായിട്ടാണു തുടക്കം.
ദിവസക്കൂലിക്ക് വള്ളമെടുത്ത് യാത്ര തുടങ്ങി. കുപ്പിയും പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കും. അത് ഒരിടത്തു കൂട്ടിവയ്ക്കും. ആക്രി പെറുക്കുകാർക്ക് കൊടുക്കും. അങ്ങനെയായിരുന്നു വേമ്പനാട്ടു കായലിൽ ‘ശുചീകരണ' ദൗത്യം ആരംഭിച്ചത്. പുലർച്ചെ അഞ്ചോടെ വീട്ടിൽനിന്നിറങ്ങും. ചില ദിവസം ദൂരം കൂടിയാൽ ഏതെങ്കിലും പാലത്തിന്റെ കീഴിൽ വള്ളം അടുപ്പിച്ച് അതിൽക്കിടന്നുറങ്ങും. ഭക്ഷണത്തിൽ നിർബന്ധമൊന്നുമില്ല. ഇടയ്ക്ക് എപ്പോഴെങ്കിലും എന്തെങ്കിലും കഴിക്കും.
വേമ്പനാട് കായൽ, മണിയാപറമ്പ്, 900, പരിപ്പ്, കൈപ്പുഴമുട്ട്, നീണ്ടൂർ, മാന്നാനം, പുലിക്കുട്ടിശേരി, കരീമഠം, ചീപ്പുങ്കൽ, ചെങ്ങളം എന്നിവിടങ്ങളിൽ വള്ളത്തിലെത്തി കുപ്പികൾ ശേഖരിച്ചു വരുന്നു. ഞായറാഴ്ച്ച ഒഴികെ എല്ലാ ദിവസവും കായലിൽ പോകുന്നുണ്ട്. പുലർച്ചെ ഇറങ്ങിയാൽ രാത്രി ഒൻപതിനാണ് മടങ്ങിയെത്തുന്നത്.വീടിനു സമീപത്തെ കടവിൽ വള്ളം അടുപ്പിച്ചതിനു ശേഷം വള്ളത്തിൽ നിന്നും ചെറിയ പലക കരയിലേക്കിട്ട് അതിലൂടെ നിരങ്ങിയാണ് വീട്ടിലേക്ക് എത്തുന്നത്. ശേഖരിക്കുന്ന കുപ്പികൾ മറ്റും മറ്റുള്ളവരുടെ സഹായത്തിലാണ് കരയിലേക്ക് ഇറക്കിവെക്കുന്നത്. ശേഖരിച്ച് വെയ്ക്കുന്ന കുപ്പികൾ കച്ചവടക്കാർക്ക് നല്കുകയാണ് ചെയ്യുന്നത്.
മറ്റ് ജോലികൾ ചെയ്യാൻ ആരോഗ്യം സമ്മതിക്കാത്തതിനാൽ കായലിലെ കുപ്പികൾ പെറുക്കി വിറ്റു കിട്ടുന്ന തുക ഉപജീവന മാർഗവുമായി. ഈ തുക കൂടാതെ വികലാംഗപെൻഷൻ മാത്രമാണ് ഏക ആശ്രയം. അവിവാഹിതനായ രാജപ്പൻ തോട്ടുവക്കത്തെ പ്രളയത്തിൽ തകർന്ന് ശോച്യാവസ്ഥയിലായ വീട്ടിലാണ് താമസം.
തൊട്ടടുത്ത് സഹോദരി വിലാസിനിയും കുടുംബവും സഹായത്തിനുണ്ട്. ജീവിത മാർഗം ഇതാണെങ്കിലും കിട്ടുന്ന കുപ്പികളുടെ എണ്ണം കുറയുന്നതാണ് രാജപ്പന് സന്തോഷം. അത്രയെങ്കിലും മാലിന്യം കുറയുമല്ലോ എന്നാണ് രാജപ്പെൻറ ചിന്ത. ശാരീരീക പരിമിതികളെ വകവെക്കാതെ നാടിന്റെ കാവലാളായ രാജപ്പെൻറ ജീവിതം സോഷ്യൽമീഡിയയിലും ദേശീയ പത്രങ്ങളിലും വാർത്തയായിരുന്നു. രാജപ്പൻ കായലിൽ കുപ്പികൾ ശേഖരിക്കുന്നതിനിടെ പ്രദേശവാസിയായ നന്ദു എന്ന യുവാവ് തന്റെ കാമറയിൽ ആ ദൃശ്യങ്ങൾ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുയമായിരുന്നു. ഇതോടെയാണ് ദേശീയ പത്രങ്ങൾ അടക്കം വിഷയം ചർച്ചയാക്കിയത്. ഇതേ തുടർന്നാണ് വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിലും എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ