- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭർത്താവിന് അയാളുടെ ഭാര്യയുടെ രക്ഷാകർത്താവാകാൻ കഴിയില്ല. ഭാര്യ ഒരു സ്ഥാവര സ്വത്തല്ല' ഹാദിയ കേസിലെ ന്യായാധിപന്റെ അഭിപ്രായത്തിന് രണ്ടു തലങ്ങൾ; ഇരുപത്തിനാലു കഴിഞ്ഞ ഒരു യുവാവിന്റെ രക്ഷാകർത്തൃസ്ഥാനവുമായി ബന്ധപ്പെട്ട് ഇവിടെ തർക്കങ്ങൾ ഉണ്ടാവുമോ ? ഒരു സ്ത്രീയുടെ രക്ഷാകർത്തൃപദവിക്കു വേണ്ടിയുള്ള വടംവലിയാണ് നടക്കുന്നത്; അതിന് മതത്തിന്റെ പരിധികളൊന്നുമില്ല; തലശ്ശേരി ബ്രണ്ണൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ രാജശ്രീയ്ക്ക് പറയാനുള്ളത്
'ഒരു ഭർത്താവിന് അയാളുടെ ഭാര്യയുടെ രക്ഷാകർത്താവാകാൻ കഴിയില്ല. ഭാര്യ ഒരു സ്ഥാവര സ്വത്തല്ല .ജീവിതത്തിലും സമൂഹത്തിലും അവൾക്ക് അവളുടേതായ വ്യക്തിത്വമുണ്ട്. എനിക്ക് എന്റെ ഭാര്യയുടെ രക്ഷാകർത്താവാകാൻ കഴിയില്ല' ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അഭിപ്രായം മാതൃഭൂമി പത്രം റിപ്പോർട്ട് ചെയ്തതാണ്. നിലനില്ക്കുന്ന ചില രക്ഷാകർത്തൃമനോഭാവങ്ങൾക്കു മേലുള്ള അടിയാണത്; അത്ര ചെറുതുമല്ല. ഇത്ര നാൾ തീറ്റിപ്പോറ്റിയ പശുവിനെ കയറു മാറുന്നതു പോലെ മകളെ കൈ പിടിച്ച് ഏതോ ഒരുത്തനെ ഏല്പിച്ച് ആനന്ദാശ്രു പൊഴിക്കുന്ന അച്ഛന്മാരും പെങ്ങളെ നോക്കിയവനെ (പെങ്ങൾ നോക്കിയവനെയും) തല്ലാൻ നടക്കുന്ന ആങ്ങളമാരും, മൂന്നു മിനിട്ട് പന്ത്രണ്ടു സെക്കൻഡ്‌സ് സംസാരിച്ചത് ഏതവനോടാ എന്ന് ഭാര്യയുടെ ഫോണിൽ തെരയുന്ന ഭർത്താക്കന്മാരും ഇതിലൊന്നും ഒരു കാര്യവുമില്ലാതെ തെക്കുവടക്ക് നടക്കുകയും തനിക്ക് കിട്ടാത്തത് മറ്റൊരുത്തന് കിട്ടിപ്പോയേക്കുമോ എന്നോർത്ത് ഇടയ്ക്കിടെ ഞെട്ടുകയും വേണ്ടാത്തിടത്ത് ലച്ചിപ്പോം എന്നു ചാടി വീഴുകയും ചെയ്യുന്ന പൊതു കാര്യതൽപരരായ ആങ്ങളമാരും വെറുതെയ
'ഒരു ഭർത്താവിന് അയാളുടെ ഭാര്യയുടെ രക്ഷാകർത്താവാകാൻ കഴിയില്ല. ഭാര്യ ഒരു സ്ഥാവര സ്വത്തല്ല .ജീവിതത്തിലും സമൂഹത്തിലും അവൾക്ക് അവളുടേതായ വ്യക്തിത്വമുണ്ട്. എനിക്ക് എന്റെ ഭാര്യയുടെ രക്ഷാകർത്താവാകാൻ കഴിയില്ല' ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അഭിപ്രായം മാതൃഭൂമി പത്രം റിപ്പോർട്ട് ചെയ്തതാണ്.
നിലനില്ക്കുന്ന ചില രക്ഷാകർത്തൃമനോഭാവങ്ങൾക്കു മേലുള്ള അടിയാണത്; അത്ര ചെറുതുമല്ല. ഇത്ര നാൾ തീറ്റിപ്പോറ്റിയ പശുവിനെ കയറു മാറുന്നതു പോലെ മകളെ കൈ പിടിച്ച് ഏതോ ഒരുത്തനെ ഏല്പിച്ച് ആനന്ദാശ്രു പൊഴിക്കുന്ന അച്ഛന്മാരും പെങ്ങളെ നോക്കിയവനെ (പെങ്ങൾ നോക്കിയവനെയും) തല്ലാൻ നടക്കുന്ന ആങ്ങളമാരും, മൂന്നു മിനിട്ട് പന്ത്രണ്ടു സെക്കൻഡ്‌സ് സംസാരിച്ചത് ഏതവനോടാ എന്ന് ഭാര്യയുടെ ഫോണിൽ തെരയുന്ന ഭർത്താക്കന്മാരും ഇതിലൊന്നും ഒരു കാര്യവുമില്ലാതെ തെക്കുവടക്ക് നടക്കുകയും തനിക്ക് കിട്ടാത്തത് മറ്റൊരുത്തന് കിട്ടിപ്പോയേക്കുമോ എന്നോർത്ത് ഇടയ്ക്കിടെ ഞെട്ടുകയും വേണ്ടാത്തിടത്ത് ലച്ചിപ്പോം എന്നു ചാടി വീഴുകയും ചെയ്യുന്ന പൊതു കാര്യതൽപരരായ ആങ്ങളമാരും വെറുതെയൊന്ന് വായിച്ചിരിക്കുന്നത് നല്ലതാണ്.
പരസ്വമത്രേ കുല കന്യകാ ജനം എന്നും അവരെ കല്യാണം കഴിച്ചയക്കുമ്പോൾ അച്ഛന്മാരുടെ മനസ്സ് പണയ മുതൽ തിരിച്ചുനല്കിയതുപോലെ പ്രസാദം കലരുമെന്നുമാണല്ലോ ആർഷഭാരത സംസ്‌കാരം സമാധാനിക്കുന്നത്! സതിയുടെ നില പോയില്ലെന്നു തേ ബോധമെങ്കിൽ പതിയുടെ ഭവനത്തിൽ പാർത്തിടാം ദാസിയായും എന്ന് നിർണ്ണായക സമയത്ത് കയ്യൊഴിയുന്ന ആങ്ങളമാരും പറഞ്ഞു വയ്ക്കുന്നത് ഭാര്യ ഭർത്താവിന്റെ സ്വത്താണെന്നു തന്നെ.പരിഷ്‌കൃത സംസ്‌കാരങ്ങൾക്ക് അമ്മയില്ല; അച്ഛനും ആങ്ങളയുമേയുള്ളൂ. ആയതിനാൽ അവരുടെ അഭിമാനത്തിന്റെ കാര്യം മാത്രമാണ് പ്രശ്‌നം.
ഇനി ആർഷഭാരത പാരമ്പര്യത്തെയും സംസ്‌കാരത്തെയും കുറിച്ച് ന്യായാധിപർ വേണ്ടത്ര ബോധവാന്മാരല്ലെന്നു വരുമോ? ഒരു രാജ്യത്തിനുണ്ടെന്ന് സ്ഥാപിക്കപ്പെടുന്ന സംസ്‌കാരത്തിൽ നിന്നും പാരമ്പര്യത്തിൽ നിന്നും അതിന്റെ നിയമ വ്യവസ്ഥയ്ക്ക് മാത്രമായി മാറി നടക്കാൻ കഴിയില്ല .ഭരണഘടനയ്ക്ക് മേലാണ് മതമൂല്യങ്ങൾക്ക് സ്ഥാനം എന്ന് വിശ്വസിക്കുന്നിടത്തോളം അത് അസാദ്ധ്യവുമാണ്.
ഹാദിയ കേസിലെ ന്യായാധിപന്റെ അഭിപ്രായത്തിന് രണ്ടു തലങ്ങളാണുള്ളത്.സ്ത്രീക്ക് നിലവിലുള്ള അച്ഛൻ - ഭർത്താവ് എന്നീ രക്ഷാകർത്തൃസ്ഥാനങ്ങളിൽ നിന്ന് അവൾ മാറ്റി നിർത്തപ്പെടുന്നു. സ്വന്തം കാലിൽ നില്ക്കാൻ ശീലിക്കട്ടെ എന്നൊരു പാഠം നല്കുന്നു. ഒപ്പം അത് സ്ത്രീ ഏതു പരിതസ്ഥിതിയിലും ഒരു രക്ഷാകർത്താവിന്റെ അധീനതയിലാവണം എന്ന സ്മൃതി പാഠത്തെ ഉറപ്പിക്കുന്നു. ഇരുപത്തിനാലു കഴിഞ്ഞ ഒരു യുവാവിന്റെ രക്ഷാകർത്തൃസ്ഥാനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടാവുക അപൂർവമാവും. ഇവിടെത്തന്നെയും ഒരു സ്ത്രീയുടെ രക്ഷാകർത്തൃപദവിക്കു വേണ്ടിയുള്ള വടംവലിയാണ് നടക്കുന്നത്, കക്ഷികളിൽ രണ്ടു മതങ്ങൾ ഉൾപ്പെട്ടു പോയതൊഴിച്ചാൽ പ്രശ്‌നം പഴയതു തന്നെയാണ്.ഈ സ്വകാര്യ സ്വത്തിന്മേലുള്ള അവകാശം. സ്ത്രീക്കുമേൽ സ്വയം പതിച്ചെടുത്ത അവകാശത്തെ അധികാരമാക്കി നിലനിർത്താനാണ് സംരക്ഷണം എന്ന ന്യായം പറയുന്നത്. പരിചരണമായും ഭക്ഷണമായും ലൈംഗികതയായും സംരക്ഷണത്തിന്റെ വില സ്ത്രീ കാലങ്ങളായി നല്കുന്നുമുണ്ട്. അതൊക്കെ പക്ഷേ മുതലിലല്ല പലിശയിലാണ് ചേരുന്നതെന്നു മാത്രം. സ്ത്രീയുടെ രക്ഷാകർത്തൃ പദവി തനിക്ക് കൈ വിട്ടു പോകുന്നതിനെ പുരുഷൻ ഭയക്കുന്നത് അതുകൊണ്ടാണ്. അവളെ ആക്രമിക്കുന്നതും അതുകൊണ്ടു തന്നെ .ആ ഭയത്തിന് മതത്തിന്റെ പരിധികളൊന്നുമില്ല.
സ്മൃതി കാലം മുതൽ വളഞ്ഞുവച്ചു സംരക്ഷിച്ചിട്ടും സ്ത്രീക്ക് പുതിയ രക്ഷാകർത്താക്കളെ പ്രഖ്യാപിക്കേണ്ടി വരുന്നത്, അതും പരമോന്നത നീതിപീഠത്തിന് അന്വേഷിക്കേണ്ടി വരുന്നത് ദുര്യോഗം തന്നെ.
അതിനാൽ,
എടി ശാന്തമ്മോ വിളമ്പ്.
വീണ്ടും വീണ്ടും വിളമ്പ്
ഞാനിരുന്നും നീ നിന്നുമുള്ള
ആ ദൃശ്യം
പാഠപുസ്തകങ്ങളിൽ ചെന്നു പറ്റട്ടെ.
അതിനടിയിൽ ലക്ഷം ലക്ഷം കുഞ്ഞുങ്ങൾ
വീട് എന്ന്
വീണ്ടും വീണ്ടും
എഴുതി പഠിക്കട്ടെ
രുചി പ്രഭാഷണം (പി.എൻ ഗോപീകൃഷ്ണൻ )
ഭാര്യയും ഭർത്താവും തുല്യാവകാശങ്ങളുള്ള രണ്ടു മനുഷ്യജീവികളാണെന്നും കുടുംബം ഒരു കൂട്ടുത്തരവാദിത്തമാണെന്നും ആണും പെണ്ണും പഠിപ്പിക്കപ്പെടുന്നില്ല .വേലി കെട്ടിത്തിരിച്ച വിളഭൂമിയും അതിന്റെ കാവല്ക്കാരനും തൊഴിലാളിയും മുതലാളി യുമൊക്കെയായി സ്ത്രീ പുരുഷ ബന്ധങ്ങളെ മനസ്സിലാക്കാനാണ് ശീലിപ്പിക്കുന്നത്. വായിക്കാനോ പഠിക്കാനോ സ്വന്തം നിലയുറപ്പിക്കാനോ കിട്ടുന്ന ഒരവസരവും ഉപയോഗിക്കാതെ ഏതെങ്കിലുമൊരുത്തന്റെ കൂലിയില്ലാപ്പണിക്കാരിയാവുന്നതാണ് ജീവിത ലക്ഷ്യം എന്നു കരുതുന്ന ഒരു പറ്റം സ്ത്രീകൾ തന്നെയാണ് എക്കാലവും അവരെ മുതലെടുക്കാനും അപമാനിക്കാനുമുള്ള അനൗദ്യോഗിക ലൈസൻസോടു കൂടിയ ഒരു പ്രിവിലേജ്ഡ് ഗ്രൂപ്പിനെ സൃഷ്ടിച്ചത്, അതിന്റെ കാരണങ്ങൾ എന്തായാലും.
അത്തരമൊരു റെഡി ടു വെയ്റ്റ് ഗ്രൂപ്പ് ഉള്ളിടത്തോളം ഒരു ന്യായാധിപനും നമ്മുടെ മഹത്തായ സംസ്‌കാരത്തെ ഒന്നും ചെയ്യാനാവില്ല. അതു കൊണ്ട് പ്രിവിലേജ് ഡ് ഗ്രൂപ്പ് ആശങ്കകളില്ലാതെ കൈകഴുകി ഇനിയും വന്നിരിക്കട്ടെ.ശാന്തമ്മമാർ നിന്നു കൊണ്ട് വിളമ്പട്ടെ.