പൂണെ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസിന് ത്രസിപ്പിക്കുന്ന ജയം. പൂണെയിൽ നടന്ന മത്സരത്തിൽ 29 റൺസിന്റെ ജയമാണ് സഞ്ജു സാംസണും സംഘവും സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ബാംഗ്ലൂർ 19.3 ഓവറിൽ 115ന് എല്ലാവരും പുറത്തായി.

നാല് വിക്കറ്റ് നേടിയ കുൽദീപ് സെൻ, മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ആർ അശ്വിൻ എന്നിവരാണ് ബാംഗ്ലൂരിനെ തകർത്തത്. നേരത്തെ, റിയാൻ പരാഗ് 31 പന്തിൽ പുറത്താവാതെ നേടിയ 56 റൺസാണ് രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ജയത്തോടെ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. എട്ട് മത്സരങ്ങളിൽ 12 പോയിന്റാണ് അവർക്കുള്ളത്. ഒരു ജയത്തിനപ്പുറം രാജസ്ഥാന് സെമിബർത്ത് ഉറപ്പിക്കാം.ഒമ്പത് മത്സരങ്ങളിൽ 10 പോയിന്റുമായി ആർസിബി അഞ്ചാം സ്ഥാനത്ത് തുടരുന്നു.

3.3 ഓവറിൽ 20 റൺസിന് നാലു വിക്കറ്റ് വീഴ്‌ത്തിയ കുൽദീപ് സെന്നാണ് ബാംഗ്ലൂരിനെ തകർത്തത്. ആർ. അശ്വിൻ നാല് ഓവറിൽ 17 റൺസിന് മൂന്ന് വിക്കറ്റെടുത്തു. പ്രസിദ്ധ് കൃഷ്ണ രണ്ടു വിക്കറ്റ് വീഴ്‌ത്തി.145 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ബാംഗ്ലൂരിന് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണറായി ഇറങ്ങിയ വിരാട് കോലിക്ക് (9) ഇത്തവണയും നിരാശയായി ഫലം.

തുടർന്ന് ഏഴാം ഓവറിലെ തുടർച്ചയായ പന്തുകളിൽ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയേയും (23) ഗ്ലെൻ മാക്സ്വെല്ലിനെയും (0) മടക്കിയ കുൽദീപ് സെൻ ബാംഗ്ലൂരിനെ ഞെട്ടിച്ചു. രജത് പട്ടിദാർ (16), സുയാഷ് പ്രഭുദേശായ് (2) എന്നിവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ ബാംഗ്ലൂർ അഞ്ചിന് 66 റൺസെന്ന നിലയിലേക്ക് വീണു.

എന്നാൽ 13-ാം ഓവറിൽ ഷഹബാസ് അഹമ്മദുമായുണ്ടായ ധാരണപ്പിശകിൽ ദിനേഷ് കാർത്തിക്ക് (6) റണ്ണൗട്ടായതോടെയാണ് ബാംഗ്ലൂരിന്റെ പ്രതീക്ഷ അവസാനിച്ചത്. പിന്നാലെ ഷഹബാസും മടങ്ങി. 27 പന്തിൽ നിന്ന് 17 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. വാനിന്ദു ഹസരംഗ (18), സിറാജ് (5), ഹർഷൽ പട്ടേൽ (8) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 144 റൺസെടുത്തത്. തുടക്കം തകർന്ന രാജസ്ഥാനെ അർധ സെഞ്ചുറി നേടിയ റിയാൻ പരാഗാണ് 144-ൽ എത്തിച്ചത്. 31 പന്തുകൾ നേരിട്ട പരാഗ് നാല് സിക്സും മൂന്ന് ഫോറുമടക്കം 56 റൺസോടെ പുറത്താകാതെ നിന്നു.

21 പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 27 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജോസ് ബട്ട്ലർ (8), ദേവ്ദത്ത് പടിക്കൽ (7), ഷിംറോൺ ഹെറ്റ്മയർ (3) എന്നിവർക്കാർക്കും ഇന്ന് തിളങ്ങാനായില്ല. അശ്വിൻ ഒമ്പത് പന്തിൽ നിന്ന് 17 റൺസെടുത്തു. ഡാരിൽ മിച്ചൽ 24 പന്തിൽ നിന്ന് 16 റൺസ് സ്വന്തമാക്കി.

ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ്, ജോഷ് ഹെയ്സൽവുഡ്, വാനിന്ദു ഹസരംഗ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.