കോട്ട: തങ്ങൾക്കു വോട്ടുചെയ്തില്ലെങ്കിൽ വീടുകളിൽ നിന്ന് ഒഴിപ്പിക്കുമെന്ന് രാജസ്ഥാനിലെ ബിജെപി എംഎൽഎയുടെ ഭീഷണി. ഭവാനി സിങ് എംഎൽഎയാണ് ഭീഷണിയുമായി രംഗത്തെത്തിയത്. ഇയാൾ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

കോട്ടയിലെ മുൻസിപ്പൽ തെരഞ്ഞെടുപ്പ് സമയത്ത് ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നത്. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ പ്രദേശത്തെ അനധികൃത വീടുകളിൽ നിന്ന് ഒഴിപ്പിക്കുമെന്നായിരുന്നു ഭവാനി സിങ്ങിന്റെ ഭീഷണി.

എന്നാൽ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് എംഎൽഎയുടെ വാദം. ജനങ്ങളെ അധിക്ഷേപിക്കുന്ന ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും ഇയാൾ പറയുന്നു. എല്ലായ്‌പ്പോഴും താൻ പാവങ്ങളെ സഹായിച്ചിട്ടുണ്ട്. അനധികൃത സ്ഥലത്ത് വീടുകൾ നിർമ്മിക്കാൻ സഹായിച്ച ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഭവാനി സിങ്ങ് പറഞ്ഞു.

മെഡിക്കൽ ഓഫീസറെ ഭീഷണിപ്പെടുത്തി ബിജെപി എംഎൽഎ പ്രഹ്ലാദ് ഗുഞ്ചാൾ ഫോൺചെയ്തത് നേരത്തെ വിവാദമായിരുന്നു. അനുയായിയുടെ ട്രാൻസ്ഫർ ഓർഡർ പിൻവലിച്ചില്ലെങ്കിൽ ജീവനോടെ തൊലിയുരിക്കുമെന്നായിരുന്നു ഭീഷണി. കേസിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തുടർച്ചയായി രണ്ട് എംഎൽഎമാർ ഭീഷണിവിവാദത്തിൽപ്പെട്ടത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.