- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമ്മിലടിച്ചാലും തോൽക്കില്ലെന്ന സന്ദേശം നൽകി രാജസ്ഥാനിലെ തന്ത്രങ്ങളുടെ ആശാൻ അശോക് ഗെഹ്ലോട്ട്; വിശ്വാസവോട്ടെടുപ്പിൽ വിജയിച്ച് സർക്കാർ; ബിജെപി എന്തൊക്കെ ശ്രമങ്ങൾ നടത്തിയാലും സർക്കാരിനെ തകിടം മറിക്കാനാവില്ലെന്ന് ഗെഹ്ലോട്ട്; നിയമസഭയിൽ സച്ചിൻ പൈലറ്റിന്റെ സീറ്റ് പ്രതിപക്ഷത്തേക്ക് മാറ്റിയത് ചർച്ചയാക്കി ബിജെപി; താൻ എവിടെ ഇരുന്നാലും കോൺഗ്രസ് ഒറ്റക്കെട്ടെന്ന് സന്ദേശം നൽകി പൈലറ്റും
ജയ്പൂർ: രാജസ്ഥാൻ നിയമസഭയിൽ അശോക് ഗേലോട്ട് സർക്കാരിന് വിശ്വാസ വോട്ടെടുപ്പിൽ ജയം. ബി.എസ്പി എംഎൽഎമാരും കോൺഗ്രസിന് വോട്ട് ചെയ്തു. മൂന്നുമണിക്കൂറാണ് വിശ്വാസ വോട്ടെടുപ്പ് ചർച്ച നീണ്ടത്. 200 അംഗ നിയമസഭയിൽ 101 പേരുടെ ഭൂരിപക്ഷമാണ് സർക്കാരിന് വേണ്ടിയിരുന്നത്. ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്. സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാരുടെ മടങ്ങിവരവോടെ, സർക്കാരിന് വിജയം ഉറപ്പായിരുന്നു.
ബിജെപി തന്റെ സർക്കാരിനെ താഴെയിറക്കാൻ നോക്കിയെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വിമർശിച്ചു. നിങ്ങൾ എന്തൊക്കെ ശ്രമങ്ങൾ നടത്തിയാലും സർക്കാരിനെ തകിടം മറിക്കാൻ ഞാൻ അനുവദിക്കുകയില്ല, ഗെഹ്ലോട്ട് ചർച്ചയ്ക്ക് മറുപടിയായി പറഞ്ഞു. കോൺഗ്രസിലെ തമ്മിലടിക്ക് തങ്ങളെ വെറുതെ പഴിക്കുകയാണെന്ന് ബിജെപി അംഗങ്ങൾ പറഞ്ഞു. ചർച്ചയിൽ ഇടപെട്ട് സംസാരിച്ച സച്ചിൻ പൈലറ്റ്, താൻ പാർട്ടിക്ക് വേണ്ടി പോരാടുമെന്ന് പറഞ്ഞു. വിശ്വാസപ്രമേയം പാസായതോടെ സഭി അടുത്ത വെള്ളിയാഴ്ച വീണ്ടും ചേരാനായി പിരിഞ്ഞു.
അതേസമയം സച്ചിൻ പൈലറ്റിന്റെ സീറ്റ് പ്രതിപക്ഷത്തേക്ക് മാറ്റിയത് ചർച്ചയായി. ഉപമുഖ്യമന്ത്രിയായി ഇരുന്നിരുന്ന സർക്കാർ സീറ്റുകളിൽ നിന്നും മാറി രണ്ടാം നിരയിൽ ഏറ്റവും ഒടുവിലെ സീറ്റിലാണ് പൈലറ്റ് ഇരുന്നത്. കോൺഗ്രസ് എംഎൽഎമാർ എപ്പോഴും ഒരുമിച്ചാണെന്ന് തെളിയിച്ചിരിക്കുന്നുവെന്ന് പൈലറ്റ് പ്രതികരിച്ചു. നിയമസഭയിൽ തങ്ങൾ എവിടെയിരിക്കുന്നു എന്നത് മുഖ്യമല്ല. അതിന്റെ മേൽ പ്രതികരിക്കാനില്ലെന്നും പൈലറ്റ് പറഞ്ഞു. സീറ്റിങ് നടത്തിയത് സ്പീക്കറാണെന്നും അദ്ദേഹം പറഞ്ഞു.
'എന്റെ ഇരിപ്പിടത്തെക്കുറിച്ച് ചർച്ചകൾ ഉണ്ടായേക്കാം. എന്തിനാണ് ഞാൻ അതിർ വരമ്പത്തിരിക്കുന്നതെന്ന സംശയങ്ങളുണ്ടായേക്കാം. ഞാൻ എന്തിനാണ് പ്രതിപക്ഷത്തിന് അരികിലിരിക്കുന്നതെന്ന ചോദ്യങ്ങളുമുണ്ടായേക്കാം. ഈ ഇരിപ്പടമുറപ്പിക്കാൻ കാരണം ഇത് അതിർത്തിയാണ് എന്നത് തന്നെയാണ്. ധീരനും ശക്തനുമായ യോദ്ധാവിനെ മാത്രമേ സാധാരണ അതിർത്തിയിലേക്ക് അയക്കാറുള്ളു', പൈലറ്റ് പറഞ്ഞു.
സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സച്ചിൻ പൈലറ്റിന് നോട്ടീസ് അയച്ചതും സംസ്ഥാനത്തെ സമീപകാല രാഷ്ട്രീയകാല സംഭവങ്ങളുമൊക്കെ പരാമർശിച്ച് പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര രാത്തോഡ് നടത്തിയ പ്രസംഗത്തിന് മറുപടി പറയുകയും ചെയ്തു. കോൺഗ്രസ് സർക്കാരിനെ തകിടംമറിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന് ആരോപിച്ചായിരുന്നു രാജസ്ഥാൻ പൊലീസിന്റെ നോട്ടീസ്. കഴിഞ്ഞ ദിവസമാണ് പൈലറ്റും 18 എംഎൽഎമാരും ഒരുമാസത്തെ ഇടവേളയ്ക്ക് കോൺഗ്രസിലേക്ക് മടങ്ങി വന്നത്. രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയുമായി നടത്തിയ ചർച്ചകളെ തുടർന്നായിരുന്നു പാർട്ടിയിലേക്കുള്ള തിരിച്ചുവരവ്.
മറുനാടന് മലയാളി ബ്യൂറോ