തിരുവനന്തപുരം: ഫൈനലിൽ ഗുജറാത്തിനോട് തോറ്റെങ്കിലും ഈ സീസണിൽ ഉടനീളം സ്വപ്‌നതുല്യമായ യാത്രയായിരുന്നു സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസിന്റെത്. തോൽവിയിലും തങ്ങളുടെ ടീമിനെ ഉപേക്ഷിക്കാതെ കട്ട സപ്പോർട്ടുമായി ആരാധകർ കൂടെയുണ്ട്.ഇപ്പോഴിതാ രാജസ്ഥാന് ആശംസകളും പിന്തുണയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.താരത്തിന് രാജസ്ഥാൻ റോയൽസ് തങ്ങളുടെ ജഴ്സി അയച്ചുകൊടുത്തിരുന്നു.എസ്.ജി 250 എന്നാണ് ജേഴ്സിയിൽ എഴുതിയിരിക്കുന്നത്.സിനിമാ ജീവിതത്തിൽ 250 ചിത്രങ്ങൾ പിന്നിട്ടിരിക്കുകയാണ് സുരേഷ് ഗോപി. ഇതിനോടുള്ള ആദരസൂചകമാണ് എസ്.ജി 250.

ഇതിനുമറുപടിയായാണ് രാജസ്ഥാൻ ഫ്രാഞ്ചൈസിക്കുള്ള നന്ദി നടൻ അറിയിച്ചത്. ടീമിന്റെ ഭാവിക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്ന താരം ജേഴ്സിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന 'ഒറ്റക്കൊമ്പൻ' ആണ് സുരേഷ് ഗോപിയുടെ 250ആം ചിത്രം. എസ്.ജി 250 എന്ന പേരിലാണ് ചിത്രം ശ്രദ്ധ നേടിയത്. മാത്യൂസ് തോമസാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഷിബിൻ ഫ്രാൻസ് ആണ്.