അഹമ്മദാബാദ്: ഐപിഎൽ സീസണിലെ അരങ്ങേറ്റത്തിൽ കന്നി കിരീടം ഉയർത്താൻ ഗുജറാത്ത് ടൈറ്റൻസിനു വേണ്ടത് 131 റൺസ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റിന് 130 റൺസ് എടുത്തു. 35 പന്തിൽ 39 റൺസെടുത്ത ബട്ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ സഞ്ജു സാംസൺ 11 പന്തിൽ 14 റൺസെടുത്ത് പുറത്തായി. ഗുജറാത്തിനായി ഹാർദ്ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോൾ സായ് കിഷോർ രണ്ടും റാഷിദ് ഖാൻ ഒരു വിക്കറ്റ് വീതം വീഴ്‌ത്തി.

പവർ പ്ലേ ഓവറുകളിൽ പ്രതീക്ഷിച്ചതുപോലെ റൺസ് നേടാനാകാതെ പോയതും മുൻനിര ബാറ്റർമാർക്കു വലിയ ഇന്നിങ്‌സുകൾ കളിക്കാനാകാതെ പോയതുമാണു രാജസ്ഥാനു തിരിച്ചടിയായത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്‌ത്തിയ ഗുജറാത്ത് ബോളർമാർ ഇന്നിങ്‌സിൽ ഉടനീളം രാജസ്ഥാനു മേൽക്കെ നൽകിയില്ല.

യശസ്വി ജെയ്സ്വാൾ (16 പന്തിൽ ഒരു ഫോറും 2 സിക്‌സും അടക്കം 22), ക്യാപ്റ്റൻ സഞ്ജു സാംസൺ (11 പന്തിൽ 2 ഫോർ അടക്കം 14), ദേവ്ദത്ത് പടിക്കൽ (10 പന്തിൽ 2), ജോസ് ബട്ലർ (35 പന്തിൽ 5 ഫോർ അടക്കം 39), ഷിമ്രോൺ ഹെറ്റ്മയർ (12 പന്തിൽ 2 ഫോർ അടക്കം 11) എന്നിങ്ങനെയാണു മുൻനിര താരങ്ങളുടെ പ്രകടനം.

4 ഓവറിൽ 17 റൺസ് മാത്രം വിട്ടുനൽകി സഞ്ജു, ബട്ലർ, ഹെറ്റ്മയർ എന്നീ 3 നിർണായക ബാറ്റർമാരുടെ വിക്കറ്റുകൾ വീഴ്‌ത്തി ക്യാപ്റ്റൻ ഹാർദിപ് പാണ്ഡ്യയാണു റണ്ണൊഴുക്കിനു കടിഞ്ഞാണിട്ടത്. ആർ. സായ് കിഷോർ 2 ഓവറിൽ 20 വഴങ്ങി 2 വിക്കറ്റ് വീഴ്‌ത്തി. 4 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത റാഷിദ് ഖാനും ബോളിങ്ങിൽ തിളങ്ങി. 3 ഓവറിൽ 19 റൺസ് വഴങ്ങിയ യാഷ് ദയാലും ഒരു വിക്കറ്റ് സ്വന്തമാക്കി. ആദ്യ വിക്കറ്റിൽ ജെയ്സ്വാൾ ബട്ലർ സഖ്യം ചേർത്ത 31 റൺസാണ് രാജസ്ഥാൻ ഇന്നിങ്‌സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്.

4ാം ഓവറിലെ അവസാന പന്തിൽ യാഷ് ദയാലിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ സായ് കിഷോറിനു ക്യാച്ച് നൽകിയായിരുന്നു ജെയിസാളിന്റെ പുറത്താകൽ. തന്റെ ആദ്യ ഓവറിൽ രാജസ്ഥാൻ നായകൻ സഞ്ജു സാംസണെ(11 പന്തിൽ 14) സായ് കിഷോറിന്റെ കൈകളിലെത്തിച്ചാണ് ഹാർദ്ദിക് പാണ്ഡ്യ രാജസ്ഥാന്റെ തകർച്ചക്ക് തുടക്കമിട്ടത്. സഞ്ജുവിന് ശേഷം ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കൽ ആദ്യ റണ്ണെടുക്കാൻ ഏഴ് പന്തുകൾ നേരിട്ടു. ഇതോടെ ബട്ലർക്കും സമ്മർദ്ദമായി. മുഹ്ഹമദ് ഷമിക്കെതിരെ രണ്ട് ബൗണ്ടറിയടിച്ച് ബട്ലർ രാജസ്ഥാനെ മുന്നോട്ട് നയിച്ചെങ്കിലും ദേവ്ദത്ത് പടിക്കലിനെ((10 പന്തിൽ 2)റാഷിദ് ഖാൻ വീണ്ടും രാജസ്ഥാനെ തകർച്ചയിലേക്ക് തള്ളിവിട്ടു.

10 പന്ത് പ്രതിരോധിച്ച ദേവ്ദത്ത് പടിക്കലിനെ (2) റാഷിദ് ഖാനാണു വീഴ്‌ത്തിയത്. ഒരറ്റത്ത് വിക്കറ്റുകൾ പൊഴിയുമ്പോളും മറുവശത്ത് ജോസ് ബട്ലർ ഉള്ള ആത്മവിശ്വാസത്തിലായിരുന്നു രാജസ്ഥാൻ. എന്നാൽ പതിമൂന്നാം ഓവറിലെ ആദ്യ പന്തിൽ ബട്ലറെ(35 പന്തിൽ 39) വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകകളിലെത്തിച്ച് പാണ്ഡ്യ രാജസ്ഥാന്റെ പ്രതീക്ഷകൾ എറിഞ്ഞിട്ടു.

ബട്ലർ മടങ്ങിയശേഷം എത്തിയ അശ്വിനും ഹെറ്റ്‌മെയറും ചേർന്ന് രാജസ്ഥാനെ കരകയറ്റാൻ ശ്രമിച്ചു. ഹാർദ്ദിക്കിനെതിരെ രണ്ട് ബൗണ്ടറിയടിച്ച് ഹെറ്റ്‌മെയർ പ്രതീക്ഷ നൽകിയെങ്കിലും തന്റെ സ്‌പെല്ലിലെ അവസാന പന്തിൽ ഹെറ്റ്‌മെയറെയും(12 പന്തിൽ 11) മടക്കി ഹാർദ്ദിക്ക് രാജസ്ഥാന്റെ പ്രതീക്ഷ തകർത്തു.

സായ് കിഷോറിനെ സിക്‌സറടിക്കാനുള്ള ശ്രമത്തിനിടെ രവിചന്ദ്രൻ അശ്വിൻ (9 പന്തിൽ 6) ബൗണ്ടറി ലൈനിൽ ഡേവിഡ് മില്ലറുടെ കൈകളിൽ അവസാനിച്ചു. 7 പന്തിൽ 1 സിക്‌സ് അടക്കം നേടിയ 11 റൺസുമായി ട്രെന്റ് ബോൾട്ടും പുറത്തായി. 5 പന്തിൽ ഒരു സിക്‌സ് അടക്കം 8 റൺസെടുത്ത ഒബിദ് മക്കോയ് അവസാന ഓവറിൽ റണ്ണൗട്ടായി. ഡെത്ത് ഓവറുകളിൽ അദ്ഭുതം കാട്ടാൻ റിയാൻ പരാഗിനും (15 പന്തിൽ ഒരു ഫോർ അടക്കം 15) കഴിഞ്ഞില്ല.

ഡ്രൈ വിക്കറ്റ് ആയതിനാലാണു ബാറ്റിങ് തിരഞ്ഞെടുത്തതെന്നും 2ാം ഇന്നിങ്‌സിൽ സ്പിന്നർമാർക്ക് വിക്കറ്റിലെ പിന്തുണ ലഭിച്ചേക്കുമെന്നാണു പ്രതീക്ഷയെന്നും രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ടോസ് നേടിയ ശേഷം പറഞ്ഞു. അതേ സമയം ടോസ് ലഭിച്ചിരുന്നെങ്കിൽ ബോളിങ് തിരഞ്ഞെടുത്തേനെ എന്നാണു ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറഞ്ഞത്.

2ാം ക്വാളിഫയറിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിട്ട അതേ ടീമിനെത്തന്നെയാണു രാജസ്ഥാൻ റോയൽസ് ഫൈനലിലും ഇറക്കുന്നത്. അതേ സമയം ഒന്നാം ക്വാളിഫയറിൽ രാജസ്ഥാനെതിരെ ജയം നേടിയ ഗുജറാത്ത് ടീമിൽ ഒരു മാറ്റമുണ്ട്. വിൻഡീസ് പേസർ അൽസരി ജോസഫിനു പകരം ലോക്കി ഫെർഗൂസൻ ടീമിലേക്കു മടങ്ങിയെത്തി.