ജയ്പൂർ: രാജസ്ഥാനിൽ ഹനുമാൻഗഡ് ജില്ലയിലെ ഒരു മദ്യക്കടയ്ക്ക് ഇ-ലേലത്തിൽ ലഭിച്ചത് 510 കോടി രൂപ!. 72 ലക്ഷ അടിസ്ഥാന നിരക്കിൽ രാവിലെയാണ് ലേലം ആരംഭിച്ചത്. ഉച്ചയോടെ വിളി 510 കോടിയിൽ എത്തിയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

നോഹാറിലെ കിരൺ കൻവർ എന്ന വനിതയാണ് അടിസ്ഥാന വിലയുടെ 708 മടങ്ങിന് മദ്യഷോപ്പ് വിളിച്ചെടുത്തത്. ഊഹക്കണക്കുകളെയെല്ലാം കാറ്റിൽപ്പറത്തുന്ന വിലയാണ് മദ്യഷോപ്പിന് ലഭിച്ചത്.

ലേലത്തുകയുടെ രണ്ട് ശതമാനം മൂന്ന് ദിവസത്തിനുള്ളിൽ അടയ്ക്കാൻ ആവശ്യപ്പെടുമെന്ന് എക്സൈസ് അഡീഷണൽ കമ്മിഷണർ സിആർ ദേശായി പറഞ്ഞു. പണമടച്ചില്ലെങ്കിൽ സെക്യൂരിറ്റി നിക്ഷേപം നഷ്ടപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ മൊത്തം 7665 മദ്യക്കടകളിൽ 3572 ഷോപ്പുകളാണ് ആദ്യഘട്ടത്തിൽ ഇ-ലേലത്തിനുണ്ടായിരുന്നത്. പല ഷോപ്പുകൾക്കും മികച്ച വിലയാണ് ലേലത്തിൽ കിട്ടിയത്.

ചുരു ജില്ലയിലെ മദ്യഷോപ്പ് വിറ്റു പോയത് 11 കോടി രൂപയ്ക്കാണ്. ജയ്പൂരിലെ സൻഗനെറിലെ മദ്യക്കടക്ക് കിട്ടിയത് 8.91 കോടി രൂപയും. അടിസ്ഥാന വിലയേക്കാൾ ശരാശരി മുപ്പത് ശതമാനം കൂടുതൽ തുകയാണ് ഇ ലേലം വഴി ലഭിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.