- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാലാം വയസ്സിൽ വിവാഹം കഴിച്ചത് ഒന്നിനും കൊള്ളാത്ത മദ്യപാനിയെ; എട്ടു വർഷത്തോളം അനുഭവിച്ചത് നരകയാതനകളും; പഠിക്കാനും അഭിമാനത്തോടെ ജീവിക്കാനുമുള്ള പോരാട്ടത്തിനൊടുവിൽ വിവാഹ മോചനം അനുവദിച്ച് കോടതി
ജോധ്പൂർ: പ്രായപൂർത്തിയാകും മുന്നേ വിവാഹിതയാകുകയും എട്ടു വർഷത്തോളം ഭർത്താവിന്റെ വീട്ടിൽ നരകയാതന ഏറ്റുവാങ്ങുകയും ചെയ്ത ഛോട്ടാ ദേവിക്ക് ഒടുവിൽ വിവാഹ മോചനം അനുവദിച്ച് കോടതി. കഴിഞ്ഞയാഴ്ച.ാണ് ജോധ്പൂരിലെ ഒരു പ്രാദേശിക കോടതി, മഹേന്ദ്ര സിഹാഗുമായുള്ള വിവാഹം റദ്ദാക്കി ഉത്തരവിറക്കിയത്. പഠിക്കാനും അഭിമാനത്തോടെ ജീവിക്കാനുമുള്ള ഈ പോരാട്ടത്തിനിടയിൽ ഛോട്ട ദേവി എന്ന യുവതിക്ക് നഷ്ടമായത് സ്വന്തം കുടുംബവും ഗ്രാമവും ഉൾപ്പെടെ പ്രിയപ്പെട്ടതെല്ലാമായിരുന്നു.
2013 മെയ് 23ന് വിവാഹിതയാവുമ്പോൾ ഛോട്ടാ ദേവിയുടെ പ്രായം 14 ആയിരുന്നു. അന്ന് മുതൽ ഭർത്താവിൻറേയും ഭർതൃവീട്ടുകാരുടേയും പീഡനം നേരിട്ടായിരുന്നു ഇവരുടെ ജീവിതം. മഹേന്ദ്ര സിഹാഗ് എന്ന ഭർത്താവിനെ ഒന്നിനും കൊള്ളാത്ത മദ്യപാനിയെന്നാണ് ഛോട്ടാ ദേവി വിശേഷിപ്പിക്കുന്നത്. ഭർത്താവിന്റെ പ്രായം കൃത്യമായി എത്രയാണ് എന്ന് പോലും ഛോട്ടാ ദേവിക്ക് അറിയില്ല. 2013ൽ വിവാഹം കഴിക്കുന്ന സമയത്ത് 23ഓളം പ്രായമുണ്ടെന്നാണ് പറഞ്ഞിരുന്നതെന്ന് ഇവർ പറയുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു മുതിർന്ന രണ്ട് സഹോദരിമാർക്കും ബന്ധുക്കളായ രണ്ട് പേർക്കുമൊപ്പം ഛോട്ടാ ദേവിയുടേയും വിവാഹം നടക്കുന്നത്. പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കാൻ ഭർത്താവിന്റെ വീട്ടുകാർ അനുവദിച്ചു. എന്നാൽ എല്ലാ ദിവസവും ഭർതൃവീട്ടുകാർ ക്ലാസിന് പുറത്ത് കാവൽ നിൽക്കും. സഹപാഠികൾക്ക് മുൻപിൽ വച്ച് അപമാനിക്കും. എന്നാൽ പഠിക്കുന്നത് നിർത്താൻ തയ്യാറായില്ലെന്ന് ഛോട്ടാ ദേവി ദേശീയ മാധ്യമങ്ങളോട് പറയുന്നു.
പക്ഷേ സ്കൂൾ പഠനം കഴിഞ്ഞതോടെ കാര്യങ്ങൾ വീണ്ടും മോശമായി. പത്രം വായിക്കാനുള്ള അറിവായില്ലേ, അത്രയും പഠിച്ചാൽ മതി. തങ്ങളുടെ കുടുംബത്തിൽ ആരും പഠിച്ചവരില്ല, പഠിച്ചിട്ട് നീ എന്ത് ചെയ്യാനാണ് എന്നായിരുന്നു ഭർത്താവിന്റെ പരിഹാസം. എന്നാൽ ഭർതൃവീട്ടുകാരുടെ ഈ ആവശ്യത്തിന് വഴങ്ങാൻ തയ്യാറാകാതെ വന്നതോടെ ഛോട്ടാ റാണിയുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്താൻ തുടങ്ങി. വീട്ടിലേക്ക് മടങ്ങിയെത്തി ബിരുദ പഠനം തുടങ്ങിയതോടെ കാര്യങ്ങൾ കൈവിട്ട നിലയിലായി. ഭർത്താവിന്റെ കോളേജിലെത്തിയുള്ള ഭീഷണിയും അപമാനവും മൂലം പഠനം ഉപേക്ഷിക്കേണ്ടി വന്നു. സഹായത്തിനായി എൻജിഒ കളെ സമീപിച്ചെങ്കിലും അവർക്കും ഒന്നും ചെയ്യാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു.
2018ൽ ഛോട്ടാ ദേവി കോടതിയെ സമീപിച്ചതോടെ ജാതി പഞ്ചായത്ത് ഇടപെട്ടു. ഭർത്താവിന്റെ വീട്ടുകാർക്ക് പത്ത് ലക്ഷം രൂപ നൽകണമെന്നായിരുന്നു പഞ്ചായത്തിന്റെ തീരുമാനം. കൃഷിക്കാരായിരുന്ന രക്ഷിതാക്കൾ സമ്മർദ്ദം താങ്ങാനാവാതെ വന്നതോടെ ഛോട്ടാ ദേവിയോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. രണ്ട് സഹോദരന്മാരോ രണ്ട് സഹോദരിമാരോ സഹായിക്കാൻ തയ്യാറായില്ല. ഗ്രാമത്തിൽ നിന്ന് പുറത്തായതോടെ ജോധ്പൂരിൽ ഒരു താമസസ്ഥലം കണ്ടെത്തി. എന്നാൽ സാമ്പത്തികമായും മാനസികമായും കഷ്ടപ്പാടിന്റെ കാലമായിരുന്നു പിന്നീട് നേരിട്ടത്.
ജോധ്പൂരിലെ ഒരു തിയറ്ററിൽ 11 മാസത്തോളം ഛോട്ടാ ദേവി ജോലി ചെയ്തു. എന്നാൽ കോവിഡ് മൂലം തിയേറ്ററുകൾ അടച്ചതോടെ ആകെയുണ്ടായിരുന്ന ഉപജീവന മാർഗ്ഗവും നിലച്ചു. ഇതിനിടെ കുടുംബ കോടതിയിൽ ഛോട്ടാ ദേവിയുടെ വിവാഹം നടന്നത് 2016ലാണെന്ന് ഭർതൃ വീട്ടുകാർ വിശദമാക്കി. ആ സമയത്ത് ഛോട്ടാ ദേവിക്ക് പ്രായപൂർത്തി ആയിരുന്നെന്നുമാണ് ഛോട്ടാ ദേവിയുടെ ഭർതൃവീട്ടുകാർ അവകാശപ്പെട്ടത്. എന്നാൽ ഈ വാദം സ്കൂൾ സർട്ടിഫിക്കറ്റുകളുടെ പശ്ചാത്തലത്തിൽ ഛോട്ടാ ദേവി പരാജയപ്പെടുത്തി. ഇതോടെയാണ് കോടതി ഛോട്ടാ ദേവിയുടെ വിവാഹം റദ്ദാക്കി ഉത്തരവിട്ടത്.
കുടുംബ കോടതി ജഡ്ജി രൂപ ചന്ദ് സുതർ മാർച്ച് 19 ന് പുറപ്പെടുവിച്ച വിധിന്യായത്തിൽ, യുവതി ബാലവിവാഹത്തിന്റെ ഇരയാണെന്ന് ചൂണ്ടിക്കാട്ടുന്നു. 2016ൽ അവളുടെ മാതാപിതാക്കൾ വിവാഹത്തിന് നിർബന്ധിക്കുകയായിരുന്നെന്നും അതുമൂലം അവളുടെ വ്യക്തിതാത്പര്യങ്ങൾ ഹനിക്കപ്പെട്ടെന്നും വിലയിരുത്തിയ കോടതി യുവതിയുടെ വിവാഹ മോചന ഹർജിയിൽ അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ